നാല് വയസ്സുകാരിയുടെ ‘പെറ്റാ’യി 12 അടി നീളമുള്ള പെരുമ്പാമ്പ് ; അപകടമെന്ന് സോഷ്യൽലോകം
Mail This Article
വളർത്തുമൃഗങ്ങളോട് പലർക്കും ഒരു പ്രത്യേകയിഷ്ടം തന്നെയുണ്ട്. അവയിൽ പട്ടിയും പൂച്ചയും കിളികളുമൊക്കെ വീട്ടിലെ കുട്ടികളുടെ പ്രിയ കൂട്ടുകാരുമായിരിക്കും. അത്തരത്തിൽ ഒരു ഭീമൻ പെരുമ്പാമ്പിനെ പെറ്റായി വളർത്തുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ വിഡിയോയാണ് വൈറലാകുന്നത്. 12 അടി നീളമുള്ള റെറ്റിക്യുലേറ്റഡ് പെരുമ്പാമ്പുമായി ടിവി കാണുകയാണ് വിഡിയോയിൽ പെൺകുട്ടി. മഞ്ഞ പെരുമ്പാമ്പിനെ അരുമയായി കരുതി തഴുകുകയും അതിനൊപ്പമിരിക്കുകയുമാണ് കുട്ടി.
വിഡിയോയിൽ പെൺകുട്ടിയും പെരുമ്പാമ്പും തമ്മിലുള്ള സൗഹൃദം കണ്ട് അമ്പരക്കുകയാണ് കാഴ്ചക്കാർ. ടിവി കാണുന്നതിനിടെ ആ നാലുവയസ്സുകാരി പെരുമ്പാമ്പിനെ സ്നേഹപൂർവ്വം ആലിംഗനം ചെയ്യുകയും തഴുകുകയുമൊക്കെയാണ്. ‘നിങ്ങൾ ഇത് വിശ്വസിക്കില്ല, പക്ഷേ ഈ കൊച്ചു പെൺകുട്ടി തികച്ചും സുരക്ഷിതയാണ്’, എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. കുട്ടിയുടെ സുരക്ഷയെ കുറിച്ചാണ് പലരും വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.
‘ഇത് ഒരിക്കലും സുരക്ഷിതമല്ല. ഇത് വളർത്തുമൃഗമല്ല, വന്യമൃഗമാണ്. വളരെ നിരുത്തരവാദപരവും അപകടകരവുമാണ്’, ‘വളർത്തുമൃഗങ്ങളെ വളർത്തുന്നതിന്റെ പേരിൽ ചിലർ ചെയ്യുന്നതെന്താണ്, സാമൂഹിക മാധ്യമങ്ങൾക്ക് വേണ്ടി എന്തും ചെയ്യാൻ ആളുകൾ തയ്യാറാണ്, അവരുടെ കുട്ടികളുടെ സുരക്ഷ പോലും പ്രശ്നമല്ല എന്നൊക്കെയാണ് വിഡിയോയ്ക്ക് വരുന്ന കമന്റുകൾ
Content Summary : Girl with 12 foot long reticulated python