വിവാഹമെന്നാൽ എന്തെന്ന് ചോദ്യം, പൂജ്യം മാർക്ക് നൽകി ടീച്ചർ ; ഉത്തരം ശരിയാണെന്ന് സോഷ്യൽ ലോകം
Mail This Article
ചോദ്യക്കടലാസിലെ ചോദ്യങ്ങൾക്ക് കുട്ടികൾ എഴുതുന്ന രസകരമായ മറുപടികൾ ഇത് ആദ്യമായല്ല വൈറലാകുന്നത്. ചിലർ ഉത്തരമറിയാത്തതിന്റെ പേരിൽ എന്തെങ്കിലുമൊക്കെ എഴുതിവയ്ക്കുന്നതാണെങ്കിൽ മറ്റു ചിലർ തങ്ങളുടെ മനസ്സിലെ കാഴ്ചപ്പാടായിരിക്കും ഉത്തരമായി പകർത്തുന്നത്. അത്തരത്തിൽ വിവാഹം എന്നാൽ എന്ത് എന്ന ചോദ്യത്തിന് ഒരു കുട്ടി എഴുതിയ മറുപടിയാണ് ഇപ്പോൾ ആളുകളെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നത്.
പുസ്തകത്തിലെ ഉത്തരം പ്രതീക്ഷിച്ചു പരീക്ഷയ്ക്ക് ചോദിച്ച ചോദ്യത്തിന് തന്റെ മനസ്സിൽ വിവാഹമെന്നാൽ എന്താണെന്ന് മനസ്സിലാക്കി വച്ചിരിക്കുന്ന ഉത്തരമായിരുന്നു കുട്ടി എഴുതിയത്. ഇംഗ്ലീഷിൽ എഴുതിയിരിക്കുന്ന ഉത്തരം ഇങ്ങനെ :
നീ ഒരു മുതിർന്ന സ്ത്രീയാണെന്നും നിനക്കിനി ആഹാരം തരാൻ ഞങ്ങൾക്ക് സാധിക്കില്ല എന്നും മാതാപിതാക്കൾ പെൺകുട്ടിയോട് പറയുമ്പോഴാണ് വിവാഹം നടക്കുന്നത്. നിനക്ക് ഭക്ഷണം തരാൻ കഴിവുള്ള ഒരാളെ പോയി കണ്ടെത്താൻ മാതാപിതാക്കൾ പറയുന്നു. അങ്ങനെ പെൺകുട്ടി ഇതേ രീതിയിൽ കല്യാണം കഴിക്കാനായി വീട്ടുകാർ വഴക്ക് പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു പുരുഷനെ കണ്ടെത്തുന്നു. ഇയാളും മുതിർന്നതാണെന്ന് പറഞ്ഞാണ് മാതാപിതാക്കൾ കല്യാണത്തിന് നിർബന്ധിക്കുന്നത്. പിന്നീട് രണ്ടുപേരും പരസ്പരം ടെസ്റ്റ് ചെയ്യും. സന്തോഷമായി തന്നെ ഇരിക്കുന്നെങ്കിൽ ഒരുമിച്ച് ജീവിക്കാൻ സമ്മതിക്കുകയും ചെയ്യും.
ഈ ഉത്തരം കണ്ടു അന്ധാളിച്ചു പോയ അധ്യാപിക പത്തിൽ പൂജ്യം മാർക്കാണ് കുട്ടിക്ക് നൽകിയിരിക്കുന്നത്. ഉത്തരം പൂർണ്ണമായും വെട്ടിയിട്ട ശേഷം തികച്ചും മണ്ടത്തരം എന്ന് കുറിച്ചിട്ടുമുണ്ട്. അതുകൊണ്ടും തീർന്നില്ല തന്നെ നേരിട്ട് വന്ന് കാണണം എന്ന് പ്രത്യേകം എഴുതുകയും ചെയ്തിരിക്കുന്നു.
ഉത്തര കടലാസിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ വളരെ വേഗം വൈറലായി തീർന്നിട്ടുണ്ട്. ടീച്ചർ മാർക്ക് നൽകിയില്ലെങ്കിലും ഒരുതരത്തിൽ പറഞ്ഞാൽ കുട്ടി എഴുതിയ ഉത്തരം ശരിയാണെന്ന തരത്തിലാണ് പലരും രസകരമായ കമന്റുകൾ കുറിക്കുന്നത്. വാസ്തവം ഇതാണെന്നും കുട്ടിക്ക് മെഡൽ നൽകണമെന്നും പ്രതികരിക്കുന്നവരുണ്ട്. വിവാഹം എന്താണെന്നുള്ള ഒരു ചോദ്യത്തിന് ഇങ്ങനെയല്ലാതെ മറ്റെന്തെങ്കിലും മറുപടി പറയാൻ ഒരു കുട്ടിക്കാവുമോ എന്ന് ചിന്തിക്കുന്നവരും ഉണ്ട്.
Content Summary : Students hilarious answer on marriage- Viral post