പരിമിതികളെ അതിജീവിച്ച് യാസീന്റെ കീബോർഡ് വായന; കാണാനെത്തി രതീഷ് വേഗ
Mail This Article
ഭിന്നശേഷിക്കാരനായ മുഹമ്മദ് യാസീൻ എന്ന കൊച്ചു മിടുക്കനെ കാണുവാൻ പ്രശസ്ത സംഗീത സംവിധായകൻ രതീഷ് വേഗ കായംകുളത്ത് എത്തി. ജന്മനാ കൈകാലുകൾക്ക് പരിമിതിയുള്ള യാസീൻ കണ്ണുകെട്ടി കീബോർഡ് വായിക്കുന്നതിനൊപ്പം മനോഹരമായി നൃത്തവും ചെയ്യും. മന്ത്രി വി ശിവൻകുട്ടി പ്രയാർ കെ എൻ എം യുപി സ്കൂളിലെ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് യു.പ്രതിഭ എംഎൽഎ യാസീനെ മന്ത്രിക്ക് പരിചയപ്പെടുത്തിയത്. കഴിവുകൾ തിരിച്ചറിഞ്ഞ മന്ത്രി ഫെയ്സ്ബുക്ക് പേജിൽ യാസീനെക്കുറിച്ച് എഴുതി. പ്രശസ്ത സംഗീത സംവിധായകൻ രതീഷ് വേഗ മന്ത്രിയുടെ പോസ്റ്റിൽ ഇങ്ങനെ അടിക്കുറിപ്പ് എഴുതി. വലിയ അവസരം ഒരുക്കണം. ലോകം അറിയാൻ കഴിയണം, കൂടെയുണ്ട് സർ എന്നായിരുന്നു അത്.
കോവിഡ് കാലത്ത് പിതാവ് വാങ്ങിക്കൊടുത്ത 250 രൂപയുടെ ചെറിയ കളിപ്പാട്ട പിയാനോയിലൂടെ ആയിരുന്നു യാസിന്റെ പരിശീലനം. ഇപ്പോൾ ഏത് ഗാനങ്ങളും യാസീൻ കീബോർഡിൽ വായിക്കും. നിരവധി സ്റ്റേജ് പരിപാടികളിലും ചാനൽ ഷോകളിലും പങ്കെടുത്തു.കണ്ണു കെട്ടി കീബോർഡിൽ ദേശീയ ഗാനവും ദേശീയ ഗീതവും ഏറ്റവും കുറഞ്ഞ സമയമായ 2 മിനിറ്റ് 58 സെക്കൻഡിൽ വായിച്ചതിന് ഇന്ത്യൻ ബുക്ക്സ് ഓഫ് റിക്കോർഡ്സ് അംഗീകാരവും കിട്ടി. കായംകുളം പ്രയാർ വടക്ക് എസ് എസ് മൻസിലിൽ ഷാനവാസ്, ഷൈല ദമ്പതികളുടെ മൂത്ത മകനാണ് മുഹമ്മദ് യാസീൻ.
Content Summary : Yaseen plays keybord- Viral video