കയ്യീന്ന് എക്സ്പ്രഷനിടുന്ന 'കല്ലു', പിഷാരടിയെ ഉത്തരം മുട്ടിച്ച 'തള്ളുണ്ണി' ; ഞങ്ങൾ വേറെ ലെവലാ...!
Mail This Article
മാളികപ്പുറം സിനിമയിലെ കല്യാണിയും പീയൂഷുമായെത്തിയ ദേവനന്ദയെയും ശ്രീപദ് യാനെയും പരിചയപ്പെടുത്തേണ്ട ആവശ്യമേയില്ല ഇപ്പോൾ. മാളികപ്പുറം നല്ല അഭിപ്രായം നേടി തിയറ്ററുകളിൽ നിറഞ്ഞോടുമ്പോൾ ഏറെ സന്തോഷത്തിലാണ് ഇവർ. തകർപ്പൻ അഭിനയം കൊണ്ട് നമ്മുടെ ഹൃദയത്തിലിടം നേടിയ ഈ കുഞ്ഞു താരങ്ങൾ മനോരമ ഓൺലൈനുമായി വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
സൂപ്പർ എക്സൈറ്റഡ്
മാളികപ്പുറം ബ്ലോക്ബസ്റ്ററായി ഓടിക്കൊണ്ടിരിക്കുമ്പോൾ സൂപ്പർ എക്സൈറ്റഡ് ആണ് ദേവനന്ദയും ശ്രീപദ് യാനും. ഈ മാസം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ സിനിമ മൊഴിമാറ്റിയെത്തും. തെലുങ്കിൽ അല്ലു അർജുന്റെ നിർമാണക്കമ്പനിയാണ് വിതരണം. അതിൽ ഇവരുടെ പേര് മാറ്റിയിട്ടുണ്ട്.
രണ്ടാളും മുൻപേ താരങ്ങൾ
മൂന്നര വയസ്സു തൊട്ട് ദേവനന്ദ അഭിനയിക്കുന്നു. ‘തൊട്ടപ്പ’നാണ് ആദ്യ സിനിമ. മൈ സാന്റ, മിന്നൽ മുരളി തുടങ്ങി പതിനൊന്ന് സിനിമകളിൽ അഭിനയിച്ചു. ശ്രീപദ് മൂന്നു സിനിമകളിൽ അഭിനയിച്ചു. ‘ത, തവളയുടെ ത’ യിൽ അഭിനയിക്കാന്‍ അവസരം ലഭിച്ചത് ടിക്ടോക്കിലൂടെയാണ്. അതിനുശേഷം ‘കുമാരി’യിൽ അഭിനയിച്ചു. അതിൽ ചൊക്കൻ എന്ന ഒരു കുട്ടിച്ചാത്തന്റെ റോളായിരുന്നു.
ആ പേരിന് പിന്നിൽ
ശ്രീപദ് യാൻ എന്ന പേരിലെ യാൻ എന്താണെന്നു പറയുകയാണ് ശ്രീപദ്. തന്റെ അച്ഛൻ രജീഷ് ഒരു ലൈബ്രറി മാനേജർ കൂടിയാണ്. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ചൈനീസ് എഴുത്തുകാരനാണ് മോ യാൻ. 2012 ല്‍ ആണ് ശ്രീപദ് ജനിച്ചത്. അതേ വർഷം തന്നെയാണ് മോ യാന് നൊബേൽ പുരസ്കാരം ലഭിച്ചത്. അങ്ങനെയാണ് പേരിന്റെ കൂടെ യാൻ എന്നു കൂടി ചേർത്തത്.
ആ കമന്റ് ഞങ്ങൾക്ക് പ്രിയപ്പട്ടത്
‘ദേവനന്ദ, ശ്രീപദ് യാന്‍ എന്നീ കുട്ടികളില്‍ ഈശ്വരസ്പര്‍ശമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത്രത്തോളം അദ്ഭുതപ്പെടുത്തുന്നതാണ് അവരുടെ പ്രകടനം...’ എന്ന് ആന്റോ ആന്റണി എംപി ഫെയ്സ്ബുക്കിൽ കുറിച്ച കമന്റ് ഈ കുട്ടിത്താരങ്ങൾക്ക് ഏറെ പ്രിയപ്പട്ടതാണ്. അതുപോലെ സിനിമ കണ്ട് നന്നായി ചെയ്തിട്ടുണ്ടെന്നു മമ്മൂട്ടി അങ്കിൾ പറഞ്ഞതും മോഹൻലാൽ അങ്കിളിന്റെ ഭാര്യ സുചിത്രയാന്റി വിളിച്ചതുമൊക്കെ ദേവുവിന് ഏറെ സന്തോഷം നൽകി.
ആ രണ്ട് സീനുകളും ഒരു പോലെ ഇഷ്ടം.
‘മിന്നൽ മുരളി’യില്‍ കൊക്കയിലേയ്ക്കു വീഴാതെ മിന്നൽ മുരളി രക്ഷിക്കുന്ന സീനും ‘മാളികപ്പുറ’ത്തിൽ വില്ലന്മാരിൽനിന്ന് അയ്യപ്പൻ രക്ഷിക്കുന്ന സീനും ദേവുവിന് ഒരുപോലെ ഇഷ്ടമാണ്. മാളികപ്പുറത്തിലെ ഫൈറ്റ് സീനിൽ തന്നെ പൊക്കിയെടുത്ത് കറക്കി വയ്ക്കുന്നത് ഏറെ ഇഷ്ടമാണെന്നും ദേവു പറയുന്നു.
മമ്മൂട്ടിയുടെ ഒപ്പമുള്ള ഫോട്ടോ
സാധാരണ മമ്മൂട്ടിയുെട കൂടെ ഒരു ഫോട്ടോ എടുക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ മമ്മൂട്ടി തന്റെയൊപ്പം ഫോട്ടോയെടുക്കാൻ ഈ കുട്ടിത്താരങ്ങളെ സ്റ്റേജിലേക്കു വിളിച്ചു. അത് ഏറെ സന്തോഷം തന്ന നിമിഷമെന്ന് രണ്ടു താരങ്ങളും.
സിനിമ കണ്ടപ്പോൾ ഞാനും കരഞ്ഞു
‘‘അഭിച്ചേട്ടനും ഉണ്ണിച്ചേട്ടനും സീനൊക്കെ പറഞ്ഞു തരും. ഉണ്ണിച്ചേട്ടൻ പറയും– ‘ഇതാണ് സീൻ ഇപ്പോൾ നിന്റെ അചഛൻ മരിച്ചാൽ നീ എങ്ങനെ കരയുമോ അതുപോലെ, നമ്മുടെ ജീവിതവുമായി റിലേറ്റ് ചെയ്തിട്ട് ചെയ്യാൻ പറഞ്ഞു. പിന്നെ ഞാൻ ഫ്യൂണറൽ ചടങ്ങുകളിലൊന്നും പോയിട്ടില്ല. ആ സീനിൽ എന്റെ അമ്മയായി അഭിനയിച്ച ചേച്ചിയും അമ്മൂമ്മയായി അഭിനയിച്ച് മനോഹരി അമ്മയുമൊക്കെ കരയുന്നതു കണ്ടപ്പോൾ ഞാനും കരഞ്ഞു’’ ദേവു പറയുന്നു. മാളികപ്പുറം സിനിമ തിയറ്ററിൽ കണ്ടപ്പോൾ കല്ലൂന്റെ കരച്ചിൽ കണ്ട് ദേവൂവും കരയുകയായിരുന്നു.
അപ്പോൾ താനും കരയുകയായിരുന്നുവെന്നും ഗ്ലിസറിനിട്ടാൽ ആരായാലും കരയുമെന്ന തഗ്ഗ് ഡയലോഗുമായി ശ്രീപദ്.
സ്ലീപിങ് അവറോ? എനിക്കോ?
സിനിമയിലെ പീയുഷിനെപ്പോലെ, സ്ലീപിങ് അവർ എന്നൊരു അവറേയില്ല ശ്രീപദിന്. ക്ലാസിൽ ഇരുന്നുറങ്ങുന്നത് കക്ഷിക്ക് ഇഷ്ടമല്ല. കണക്കാണ് ഏറ്റവും ഇഷ്ടപ്പെട്ട വിഷയം. ഷൂട്ടിങ്ങും സിനിമാ പ്രൊമോഷനുമൊക്കെയായി നഷ്ടപ്പെട്ട ക്ലാസുകളിലെ നോട്ട്സ് ഒക്കെ ബെസ്റ്റ് ഫ്രണ്ട് നിഹാരിക എല്ലാ ദിവസവും അയച്ചു കൊടുക്കുകയും പഠന സംബന്ധമായ സംശയങ്ങളൊക്കെ ക്ലിയർ ചെയ്തു കൊടുക്കുകയും ചെയ്യും.
ശ്രീപദും പിഷാരടിയും ഒരേ ലെവല്‍
ഇടയ്ക്കിടെ ചോദ്യം ചോദിച്ചു പിഷാരടിയെപ്പോലും വെള്ളം കുടിപ്പിക്കുമായിരുന്നു രണ്ടാളും. രമേഷ് പിഷാരടിയെപ്പോലെ കൗണ്ടറടിക്കാനും തമാശ പറയാനും മിടുക്കനാണ് ശ്രീപദ്. അതുകൊണ്ടുതന്നെ താനും പിഷാരടിയും ഒരേ ലെവല്‍ ആണെന്നാണ് ശ്രീപദിന്റെ അവകാശവാദം. അത് സത്യമാണെന്ന് ദേവനന്ദയും പറയുന്നു.
അമ്മൂമ്മമാരും അപ്പൂപ്പന്മാരും
ദേവനന്ദ: ‘‘തിയറ്റർ വിസിറ്റിന് പോകുമ്പോൾ ഏറ്റവും കൂടുതൽ ആരാധകരായി വരുന്നത് അമ്മൂമ്മമാരും അപ്പൂപ്പന്മാരും ആന്റിമാരുമാണ്. അവര്‍ വന്ന് കെട്ടിപ്പിടിക്കുകയും ഉമ്മ വയ്ക്കുകയും ചെയ്യും.’’
ആ എക്സ്പ്രഷൻ ഞങ്ങൾ കയ്യീന്നിട്ടത്
മാളികപ്പുറത്തിൽ ഡയറക്ടർ പറഞ്ഞു കൊടുക്കാത്ത ചില എക്സ്പ്രഷനൊക്ക രണ്ടാളും ‘കയ്യീന്ന് ഇട്ടിരുന്നു’വത്രേ.
കല്ലു അച്ഛനെ വന്ന് കുലുക്കി വിളിക്കുന്ന ഒരു സീൻ ഉണ്ടായിരുന്നു. പക്ഷേ അത് സിനിമയിൽ കട്ട് ചെയ്തു. ‘കല്ലൂ, ഞാൻ കൊണ്ടുപോട്ടെ നിന്നെ ശബരിമലയ്ക്ക്’ എന്ന ഡയലോഗിലെ എക്സ്പ്രഷൻ ശ്രീപദ് തന്നെ ഇട്ടതായിരുന്നു.
ദേവനന്ദന: ‘‘വില്ലനെ അടിച്ചിടുന്ന സീനിൽ എക്സ്പ്രഷനും പിന്നെ ഉണ്ണിച്ചേട്ടൻ ഉറങ്ങുമ്പോൾ ഞാൻ വരച്ച ബുക്കിൽ നോക്കി പറയുന്ന ഡയലോഗും ഞാൻ കൈയീന്ന് ഇട്ടതാണ്.’’
ശ്രീപദ് : ‘‘തുളസി പി.പി. വരുന്നോ ശബരിമലയ്ക്ക് എന്നൊക്കെയുള്ള ഡയലോഗിലെ ലാലേട്ടന്റെ സ്റ്റൈലും ഒക്കെ ഞാൻ തന്നെ ഇട്ടതാണ്.’’
തിയറ്റർ ഉടമകളോട് ഞങ്ങൾക്ക് പറയാനുള്ളത്
തിയറ്ററുകളിൽ സ്റ്റെപ്പുകൾ വേണ്ടെന്നും റോഡു പോലുള്ള വഴി മതിയെന്നുമാണ് ശ്രീപദിന്റെ അഭിപ്രായം. കാരണം പ്രായമേറിയവരൊക്കെ ഈ പടികളിൽ തടഞ്ഞു വീഴുന്നത് ഇവർ കണ്ടിരുന്നു. അതുപോലെ, പ്രായമേറിയവർക്കായി പ്രത്യേക ഷോ വേണമെന്നാണ് ദേവനന്ദയ്ക്ക് തിയറ്റർ ഉടമകളോട് പറയാനുള്ളത്.
സിനിമയ്ക്കപ്പുറം
ദേവനന്ദയ്ക്ക് അഭിനയം മാത്രമല്ല ഇഷ്ടം. വെസ്റ്റേൺ ഡാൻസ്, വെസ്റ്റേൺ പാട്ട്, ഭരതനാട്യം, നീന്തൽ, പിയാനോ തുടങ്ങിയവയും പഠിക്കുന്നുണ്ട്. ശ്രീപദിന് സ്വിമ്മിങ്ങും ഗിറ്റാറും പാട്ടുമൊക്കയാണ് മറ്റ് ഇഷ്ടങ്ങൾ,
പൃഥ്വിരാജ് കേൾക്കുന്നുണ്ടോ?
സിനിമയിൽ പൃഥ്വിരാജ് അങ്കിളിനൊപ്പം അഭിനയിക്കണമെന്നു രണ്ടാൾക്കും വല്യ ആഗ്രഹമുണ്ട്. അതുപോലെ എല്ലാവരുടെ കൂടെയും അഭിനയിക്കണെമെന്നും ഇരുവരും പറയുന്നു. പിന്നെ മമ്മൂട്ടി അങ്കിളിന്റെ കൂടെ ഒരു സിനിമ കിട്ടിയാൽ ശ്രീപദിന് പെരുത്ത് സന്തോഷം.
ഭാവിയിൽ
ഭാവിയിൽ സിനിമയ്ക്കൊപ്പം ഒരു ഐഎഎസ് ഓഫിസറാകണമെന്നാണു ദേവനന്ദയുടെ ഇപ്പോഴത്തെ ആഗ്രഹം. അത് എപ്പോ വേണമെങ്കിലും മാറാമെന്നും ഈ കുട്ടിത്താരം പറയുന്നു. നല്ലൊരു പൊലീസ് ഓഫിസറാകണമെന്നാണ് ശ്രീപദിന്റെ ആഗ്രഹം.
ക്യൂട്ട്നെസ് ഓവറാണെന്ന് പറയുവരോട്
ദേവനന്ദ : ‘‘ക്യൂട്ട്നെസ് ഓവറായി വാരി വിതറിയെന്നൊക്കെ ചിലർ കമന്റ് ചെയ്യുന്നത് കണ്ടു. എന്റെ ക്യൂട്ടനെസ് ഓവർ ആകുന്നതല്ല. ഞാൻ എപ്പോഴും ഇങ്ങനെയാണ് ചിരിക്കുന്നത്. അത് എന്റെ കുഴപ്പമല്ല. നൂറ് ആളുകളുടെ ഇടയിലിരുന്ന് ഒരു കമന്റ് പറയാൻ ഈസിയാണ്. പക്ഷേ അത് ഞങ്ങൾക്ക് എങ്ങനെയാണ് ഫീൽ ചെയ്യുന്നതെന്ന് അവർക്കറിയില്ല. അവരെ കുറിച്ച് നെഗറ്റീവ് പറഞ്ഞാൽ അവർക്ക് സങ്കടം വരില്ലേ? അപ്പോൾ ഞങ്ങൾക്കും സങ്കടം വരില്ലേ? അപ്പോൾ ചിന്തിച്ചിട്ട് വേണം നെഗറ്റീവ് പറയാൻ. അതുപോലെ ഞങ്ങൾ നെഗറ്റീവ് എന്തെങ്കിലും ചെയ്താൽ അത് അക്സെപ്റ്റ് ചെയ്യാം.’’
ആലുവ സ്വദേശിയും ബിസിനസുകാരനുമായ ജിബിന്റെയും കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥയായ പ്രീതയുടെയും ഏകമകളാണ് ദേവനന്ദ. കളമശ്ശേരി രാജഗിരി പബ്ലിക് സ്കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്നു. കണ്ണൂർ പയ്യന്നൂർ അടുത്ത് പേരൂൽ സ്വദേശികളായ രജീഷ്, രസ്ന ദമ്പതികളുടെ മകനാണ് ശ്രീപദ് യാൻ. വാമിക സഹോദരിയാണ്. മാതമംഗലം ജിഎൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് ശ്രീപദ്.