സിക്‌സറുകള്‍ പറത്തി പെണ്‍കുട്ടി; വിഡിയോ പങ്കുവെച്ച് ക്രിക്കറ്റ് ദൈവം
Mail This Article
ക്രിക്കറ്റ് കളിക്കുന്ന ഒരു പെണ്‍കുട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ഇന്ത്യന്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. രാജസ്ഥാനിലെ ബാര്‍മറില്‍ ഒരു പെണ്‍കുട്ടി കുറച്ചു ആണ്‍കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതും തുടര്‍ച്ചയായി സിക്‌സറുകള്‍ അടിക്കുന്നതും വിഡിയോയില്‍ കാണാം.
വിഡിയോ പങ്കിട്ടുകൊണ്ട് സച്ചിന്‍ കുറിച്ചതിങ്ങനെയായിരുന്നു. ‘ലേലം ഇന്നലെ നടന്നു, നിങ്ങള്‍ ഇന്ന് തന്നെ ബാറ്റിംഗ് ആരംഭിച്ചു. നന്നായി ചെയ്തു. നിങ്ങളുടെ ബാറ്റിംഗ് ശരിക്കും ആസ്വദിച്ചു.' കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയും വിഡിയോ ട്വിറ്ററില്‍ പങ്കുവെച്ചു. 'അവിശ്വസനീയമായ ഷോട്ടുകള്‍! ബാര്‍മറില്‍ നിന്നുള്ള ഈ പെണ്‍കുട്ടി ഗ്രൗണ്ടിലുടനീളം പന്ത് അനായാസം അടിക്കുന്നത് നോക്കൂ.. എന്നാണ് അദ്ദേഹം വിഡിയോയ്ക്ക് താഴെ കുറിച്ചത്.
സമൂഹമാധ്യമങ്ങളില്‍ വിഡിയോ വൈറലായി. നിരവധി പേരാണ് പെണ്‍കുട്ടിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. മിക്കവരും പെണ്‍കുട്ടിയുടെ ബാറ്റിംഗ് ശൈലിയെ സൂര്യകുമാര്‍ യാദവുമായി താരതമ്യം ചെയ്തു. ഒരാളുടെ കമന്റ് ഇങ്ങനെയായിരുന്നു 'എന്റെ പുതിയ പ്രിയപ്പെട്ട ക്രിക്കറ്റ് താരം, ഞാന്‍ 100 ഡോളര്‍ വാതുവെക്കുന്നു, അവള്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കും, ഒരു സൂപ്പര്‍സ്റ്റാറും ആയിരിക്കും.
Content Summary : Sachin Tendulkar sahre young girl's batting video