ആദ്യം അഭിനയിച്ചത് മോഹൻലാലിനൊപ്പം; സെറ്റിൽ ഭാവനയ്ക്കും ഷറഫുദ്ദീനുമൊപ്പം അടിച്ചുപൊളിച്ച് സാനിയ
Mail This Article
ഏറെക്കാലത്തിനു ശേഷം ഭാവന പ്രധാന കഥാപാത്രമായെത്തുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നു’ എന്ന സിനിമയിലെ കുട്ടിത്താരമാണ് സാനിയ റാഫി. പത്തുവയസ്സിനിടെ അഞ്ച് സിനിമകളിലും ധാരാളം പരസ്യചിത്രങ്ങളിലുമൊക്കെ അഭിനയിച്ചു കഴിഞ്ഞു സാനിയ. തന്റെ സിനിമാ വിശേഷങ്ങൾ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് ഈ ബാലതാരം.
അഞ്ചാം വയസ്സിലാണ് ഞാൻ ആദ്യമായി അഭിനയിച്ചത്. മോഹൻലാൽ അങ്കിളിനൊപ്പം ഒരു പരസ്യത്തിലായിരുന്നു അത്. പിന്നെ കുറേ പരസ്യങ്ങൾ ചെയ്തു. വിജയ് സൂപ്പറും പൗർണമിയും ആണ് എന്റെ ആദ്യത്തെ സിനിമ. പിന്നെ മോഹൻ കുമാർ ഫാൻസ്, ഭീമന്റെ വഴി, പല്ലൂട്ടി എന്നീ സിനിമകളും ചെയ്തിരുന്നു. ആദ്യമായി ഒരു മുഴുനീള വേഷം ലഭിച്ചത് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നു’ എന്ന ചിത്രത്തിലാണ്. ഇപ്പോൾ ദിലീപ് അങ്കിൾ, തമന്ന ആന്റി എന്നിവർ അഭിനയിക്കുന്ന ബാന്ദ്ര എന്ന സിനിമയിൽ അഭിനയിക്കുകയാണ്.
പഠനം പ്രധാനം
ആലുവയിലെ വിദ്യാധിരാജാ വിദ്യാഭവൻ സ്കൂളിൽ അഞ്ചാം ക്ലാസ്സിലാണു പഠിക്കുന്നത്. അധ്യാപകരുടെ പെർമിഷൻ വാങ്ങിയിട്ടാണ് അഭിനയിക്കാൻ പോകുന്നത്. ക്ലാസുകൾ മുടങ്ങുമ്പോൾ അധ്യാപകർ നോട്ട് അയച്ചു തരും. സെറ്റിൽ അഭിനയത്തിന്റെ ഇടവേളയിൽ ഇരുന്ന് നോട്ട് എഴുതും. സമയമുള്ളപ്പോൾ പഠിക്കും. അധ്യാപകരും കൂട്ടുകാരും സിനിമകൾ കണ്ടിട്ട് നല്ല അഭിപ്രായം പറയാറുണ്ട്. പഠനത്തിനു പ്രാധാന്യം കൊടുക്കണമെന്ന് എന്റെ അധ്യാപകർ എപ്പോഴും പറയും. ഞാൻ നന്നായി പഠിക്കാറുണ്ട്. നല്ല മാർക്കും കിട്ടാറുണ്ട്.
ഷറഫ് ഇക്ക സ്വന്തം ഏട്ടനെപ്പോലെ
ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നു ചെയ്തപ്പോൾ നല്ല രസമായിരുന്നു. നിർമാതാവും സംവിധായകനും ക്യാമറ ചെയ്ത ചേട്ടനും എല്ലാം നല്ല സ്നേഹവും കെയറിങ്ങും ആയിരുന്നു. ഞാൻ എന്തു പറഞ്ഞാലും സാധിച്ചു തരും. ചെയ്യുന്നതു തെറ്റിയാൽ പിന്നെയും പറഞ്ഞു തരും. ഭാവന ചേച്ചിയുമായി എനിക്ക് ഒരുപാട് കോംബിനേഷൻ ഇല്ലായിരുന്നു. ചേച്ചിയെ ആദ്യം കണ്ടപ്പോൾ എനിക്ക് പേടി ആയിരുന്നു. പക്ഷേ സംസാരിച്ചപ്പോൾ നല്ല സ്നേഹത്തോടെ പെരുമാറി, ചേച്ചി നല്ല ഫ്രണ്ട്‌ലി ആണ്. ഷറഫ് ഇക്ക നല്ല കൂട്ടായിരുന്നു, അഭിനയിക്കുന്നതെങ്ങനെയെന്ന് എനിക്കു കാണിച്ചു തരും. സെറ്റിൽ പാട്ട് ഇട്ടു ഡാൻസ് കളിക്കുമായിരുന്നു. ഈ സിനിമയിൽ എനിക്കു രണ്ട് ഇക്കാക്കമാരാണ് ഉള്ളത്.
ഞങ്ങൾ രണ്ടുപ്രാവശ്യം സിനിമ കണ്ടു. സിനിമ കാണാൻ പോയപ്പോൾ എല്ലാവരും വന്നു കണ്ടു സംസാരിച്ചു, ഫോട്ടോ ഒക്കെ എടുത്തു. ബന്ധുക്കളും കൂട്ടുകാരും ഒക്കെ സിനിമ കണ്ടു, നല്ലതായിരുന്നു എന്ന് വിളിച്ചു പറഞ്ഞു. എല്ലാവരും തിയറ്ററിൽ പോയി സിനിമ കണ്ട് എന്നെ സപ്പോർട്ട് ചെയ്യണം.
വലുതാകുമ്പോൾ സിനിമാതാരം ആകണം
എനിക്ക് വലുതാകുമ്പോൾ സിനിമാതാരമാകണം എന്നാണ് ആഗ്രഹം. പഠിച്ചു വലുതായി അധ്യാപിക ആകണമെന്നും ആഗ്രഹമുണ്ട് അതിനോടൊപ്പം അഭിനയിക്കുകയും വേണം.
എനിക്കും രണ്ടു ചേട്ടന്മാർ
ആലുവയിൽ കമ്പനിപ്പടിയിൽ ആണ് വീട്. പപ്പ റാഫി മുഹമ്മദ്. പപ്പയ്ക്ക് ബിസിനസ് ആണ്. മമ്മ സുചിത്ര ടീച്ചർ ആയിരുന്നു, ഇപ്പോൾ ഇൻഷുറൻസ് അഡ്വൈസർ ആണ്. എനിക്കു രണ്ടു ചേട്ടന്മാരാണ് ഉള്ളത്, റോഷനും ഋഥ്വിക്കും. മൂത്ത ചേട്ടൻ കാനഡയിലാണ്. രണ്ടാമത്തെ ചേട്ടൻ പത്താംക്ലാസിൽ പഠിക്കുന്നു. മൂത്ത ചേട്ടനെ മിസ് ചെയ്യാറുണ്ട്.
Content Summary : Chat with ‘ Ntikkakkakkoru Premandaarnnu child artist Saniya Rafi