വലയില്‍ കുടുങ്ങിയ കാക്കയെ രക്ഷിച്ച് സ്‌കൂള്‍ കുട്ടി; ഹൃദയസ്പര്‍ശിയായ വിഡിയോ
Mail This Article
എല്ലാ മനുഷ്യരില്‍ നിന്നും ദയ പ്രതീക്ഷിക്കേണ്ട, എന്നാല്‍ മറ്റുള്ളവരോട് സഹാനുഭൂതിയുള്ളവര്‍ നമുക്കിടയിലുണ്ടെന്ന് തെളിയിക്കുന്ന ഒരു വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. വലയില്‍ കുടുങ്ങിയ കാക്കയെ രക്ഷപ്പെടുത്തുന്ന ഒരു കൊച്ചു സ്‌കൂള്‍ കുട്ടിയുടെ വിഡിയോയാണിത്. ഏറെ ഹൃദയസ്പര്‍ശിയായ വിഡിയോ സബിത ചന്ദ എന്ന ഉപയോക്താവാണ് ട്വിറ്ററില്‍ പങ്കുവെച്ചത്.
സ്‌കൂള്‍ ഗ്രൗണ്ടിലെ മതിലിനടുത്ത് വലയില്‍ കുടുങ്ങിയ കാക്കയെ ഏറെ നേരം പരിശ്രമിച്ചാണ് കുട്ടിയ്ക്ക് രക്ഷപ്പെടുത്താന്‍ സാധിച്ചത്. കാക്കയെ മോചിപ്പിച്ചപ്പോഴേക്കും സഹപാഠികളും അവനരികിലേക്കെത്തി. കുട്ടികളോരോരുത്തരും സ്‌നേഹത്തോടെ കാക്കയെ സ്പര്‍ശിക്കുന്നതും കാണാം. പിന്നീട് കാക്ക പറന്നുപോയി.
ട്വിറ്ററില്‍ പങ്കുവെച്ച വിഡിയോ ഇതിനോടകം 50000ത്തിനടുത്ത് ആളുകള്‍ കണ്ടുകഴിഞ്ഞു. നിരവധി പേരാണ് കുട്ടിയെ പ്രശംസിച്ച് രംഗത്തെത്തിയത്. 'എന്തൊരു ദയയുള്ള കുട്ടി, ദൈവം അനുഗ്രഹിക്കട്ടെ, ഹൃദയസ്പര്‍ശിയായ വിഡിയോ...' ഇങ്ങനെ പോകുന്നു കമന്റുകള്‍.
Content Summary : Boy rescuing a crow stuck in net– Viral video