ഡൗണ്‍ സിന്‍ഡ്രോം ദിനാചരണത്തില്‍ താരങ്ങളായി അജിനയും എല്‍ദോയും
Mail This Article
തിരുവനന്തപുരം: അജിനയും എല്‍ദോയും ഡൗണ്‍ സിന്‍ഡ്രോം ബാധിതരായ കുട്ടികള്‍ക്കെന്നും പ്രചോദനമാകും. ഡൗണ്‍ സിന്‍ഡ്രോം ദിനാചരണത്തില്‍ മെഡിക്കല്‍ കോളേജ് ചൈല്‍ഡ് ഡവലപ്മെന്‍റ് സെന്‍ററിലെത്തിയ കുട്ടികള്‍ കലാപരമായ കഴിവില്‍ മറ്റു കുട്ടികളെക്കാള്‍ ഒരുപടി മുന്നിലാണ് തങ്ങളെന്ന് തെളിയിക്കുന്ന തകര്‍പ്പന്‍ പ്രകടനത്തിലൂടെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് വിസ്മയമായി. ഭിന്നശേഷിക്കാരുടെ ശാക്തീകരണം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്താനെത്തിയ മജീഷ്യന്‍ ഗോപിനാഥ് മുതുകാടിനൊപ്പമാണ് കുട്ടികള്‍ എത്തിയത്. അജിന ഭരതനാട്യത്തിലൂടെയും എല്‍ദോ മോണോ ആക്ടിലൂടെയുമാണ് കാണികള്‍ക്ക് വിരുന്നൊരുക്കിയത്.
സിംഗപ്പൂര്‍, ദുബായ്, ഡല്‍ഹിയിലും രാഷ്ട്രപതി ഭവനിലുമെല്ലാം മിന്നുന്ന പ്രകടനം കാഴ്ചവച്ച് ജനപ്രിതി സമ്പാദിച്ചവരാണ് ഈ രണ്ടുപേരും.വിദേശരാജ്യങ്ങളിലടക്കം കലാപരിപാടികള്‍ നടത്തുന്ന ഇരുവരെയും മുതുകാട് ഒപ്പം കൂട്ടിയത് ഭിന്നശേഷിക്കാരായ കുട്ടികളുടെ കഴിവുകളെക്കുറിച്ച് ബോധവത്കരിക്കുന്നതിനു കൂടിയാണ്. ഏതൊരുകുട്ടിയിലും പ്രത്യേകമായൊരു കഴിവ് ഒളിഞ്ഞുകിടക്കുന്നുണ്ടാവും. ആ കഴിവിനെ കണ്ടെത്തി വളര്‍ത്തിയാല്‍ ഭാവിയില്‍ ലോകമറിയുന്നവരാകും അവരെന്ന തിരിച്ചറിവ് രക്ഷിതാക്കളിലുണ്ടാക്കുക എന്നതായിരുന്നു അദ്ദേഹം ലക്ഷ്യമിട്ടത്. വിവിധ മേഖലകളില്‍ ലോക പ്രശസ്തരായ എബ്രഹാം ലിങ്കണ്‍, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, തോമസ് ആല്‍വാ എഡിസന്‍ തുടങ്ങി നിരവധി പ്രമുഖര്‍ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റുള്ളവരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അവരുടെ രാജ്യം അവരെ അവഗണിക്കാതെ അവരുടെ കഴിവിനെ വളര്‍ത്തിയെടുത്തതു കൊണ്ടാണ് ലോകത്തെ ഏറ്റവും പ്രധാന വ്യക്തിത്വങ്ങളായി അവര്‍ മാറിയതെന്ന് അദ്ദേഹം വിശദീകരിച്ചു.
ചൈല്‍ഡ് ഡവലപ്മെന്‍റ് സെന്‍ററില്‍ ചികിത്സ തേടുന്നവരും വഴുതക്കാട് റോട്ടറി ഇന്‍സ്റ്റിറ്റ്യൂട്ടിലേതുമടക്കം അന്‍പതിലേറെ കുട്ടികളും രക്ഷിതാക്കളും ചടങ്ങില്‍ പങ്കെടുത്തു. വാര്‍ഡ് കൗണ്‍സിലര്‍ ഡി ആര്‍ അനില്‍, സി ഡി സി ഡയറക്ടര്‍ ഡോ ദീപാ ഭാസ്കരന്‍, ഡോ വി എച്ച് ശങ്കര്‍ (അഡീഷണല്‍ പ്രൊഫസര്‍, പീഡിയാട്രിക്സ്), കേരളാ ഡൗണ്‍ സിന്‍ഡ്രോം ഫെഡറേഷന്‍ പ്രസിഡന്‍റ് ടി നാസര്‍ ബാബു, സി ഡി സി ഫിനാന്‍സ് ആന്‍റ് അക്കൗണ്ട്സ് ഓഫീസര്‍ കെ സി ബിനു എന്നിവര്‍ സംസാരിച്ചു.
Content summary : Ajina and Eldo in World Down Syndrome Day event