പൊലീസുകാരെ പെരുത്തിഷ്ടം; സ്റ്റേഷനിൽ കേക്ക് മുറിച്ച് അബ്രു പൊലീസ്
Mail This Article
അഞ്ചുവയസ്സുകാരൻ അബ്രുവിനു (നേഥൻ) പൊലീസുകാരെയാണ് ഇഷ്ടം, അവന്റെ ജന്മദിനം പൊലീസ് സ്റ്റേഷനിൽ തന്നെ ആഘോഷിക്കാൻ വൈദികനായ പിതാവും കുടുംബാംഗങ്ങളും തീരുമാനിച്ചു. പൊലീസ് വേഷത്തിൽ സ്റ്റേഷനിലെത്തി കേക്ക് മുറിച്ച് അബ്രു താരമായി. കഴിഞ്ഞ ദിവസം മണർകാട് പൊലീസ് സ്റ്റേഷനിലാണു സംഭവം. സെന്റ് ജയിംസ് സിഎസ്ഐ ഇടവക വികാരി റവ. ദീബു എബി ജോണിന്റെയും എലിസബത്ത് എം.തര്യന്റെയും മകനാണു നേഥൻ. അബ്രു പൊലീസ് എന്നാണു വീട്ടുകാർ നേഥനെ വിളിക്കുന്നത്.
കാർട്ടൂൺ കഥാപാത്രങ്ങളിലും മറ്റും കണ്ട പൊലീസ് വേഷങ്ങളാണ് അബ്രുവിനെ പൊലീസുകാരോടുള്ള ഇഷ്ടത്തിന് ഇടയാക്കിയത്. പൊലീസുകാരെ കാണണമെന്നു പറഞ്ഞ് ഇടയ്ക്കു വഴക്കുണ്ടാക്കുമ്പോൾ വീട്ടുകാർ സ്റ്റേഷനു മുന്നിൽ വാഹനം നിർത്തിച്ചു പൊലീസുകാരെ കാണിച്ചുകൊടുക്കും. ഒരു ദിവസം റെയിൽവേ സ്റ്റേഷനിൽ പൊലീസുകാരെ കണ്ടപ്പോൾ അബ്രുവിനു വാശി. ഒടുവിൽ ആ പൊലീസുകാരന്റെ ഒക്കത്തു കയറി ഫോട്ടോ എടുത്തു ആഗ്രഹം സാധിച്ചു. അഞ്ചാം ജന്മദിനം പൊലീസ് സ്റ്റേഷനിൽ ആഘോഷിക്കാൻ കുടുംബാംഗങ്ങൾ പൊലീസ് വേഷം തന്നെ അബ്രുവിനു സമ്മാനമായി വാങ്ങി നൽകി. സല്യൂട്ട് അടിക്കാനും പഠിച്ചു.
സ്റ്റേഷനിലെത്തി വിവരം അറിയിച്ചപ്പോൾ പൊലീസുകാർക്കും സന്തോഷം. തുടർന്നു സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ അബ്രു ജന്മദിന കേക്ക് മുറിച്ചു. പൊലീസുകാരും അബ്രുവിനു സമ്മാനം നൽകി. പുറത്തിറങ്ങിയപ്പോൾ അബ്രുവിന്റെ വക സ്നേഹസല്യൂട്ടും പൊലീസുകാർക്കു നൽകി. അബ്രുവിന്റെ വല്യച്ചൻ ഡോ. മാത്യു തര്യൻ, റവ. ദീബുവിന്റെ സഹോദരൻ സിബു എന്നിവരും പൊലീസ് സ്റ്റേഷനിലെ ജന്മദിനാഘോഷത്തിൽ പങ്കെടുത്തു.
Content Summary : Kottayam kid birthday celebration at police station