ആദ്യമായി ചുവടുവച്ച് സെറിബ്രൽ പാൾസി ബാധിച്ച കുട്ടി, ആർപ്പുവിളികളോടെ കൂട്ടുകാർ; കണ്ണുനിറയ്ക്കും വിഡിയോ
Mail This Article
സെറിബ്രൽ പാൾസി എന്ന രോഗാവസ്ഥയുള്ള ഒരു കുട്ടി, അവനു തന്റെ പ്രായത്തിലുള്ള മറ്റു കുട്ടികളെ പോലെ ഓടാനോ നടക്കാനോ ഒന്നും സാധിക്കുന്നില്ല. എന്നാലും അവൻ പതിയെ പിച്ചവെയ്ക്കാൻ ശ്രമിക്കുന്നു. അവനെ നടക്കാൻ പ്രേരിപ്പിക്കുന്ന അധ്യാപകർ, കൂടെ കൂട്ടുകാരുടെ അകമഴിഞ്ഞ പ്രോത്സാഹനം. അവൻ തന്റെ കുഞ്ഞ് കാലടികൾ എടുത്തുവെച്ചു നടക്കുന്നു. ആരുടേയും ഉള്ളുനിറയ്ക്കുന്ന ആ വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.
സെറിബ്രൽ പാൾസി എന്ന കുട്ടികളിൽ കണ്ടുവരുന്ന രോഗാവസ്ഥ പ്രധാനമായും ബാധിക്കുന്നത് ചലനം, സംസാരം, കേൾവി, കാഴ്ച, സംവേദനം തുടങ്ങിയവയെയാണ്. രോഗത്തിന്റെ കാഠിന്യം അനുസരിച്ചു പലരിലും ലക്ഷണങ്ങളിൽ വ്യത്യാസങ്ങൾ കാണാൻ കഴിയും. ചിലരിൽ ചലനങ്ങളിൽ മാത്രം ഈ രോഗാവസ്ഥ പ്രകടമാകുമ്പോൾ ഗുരുതരമായ സെറിബ്രൽ പാൾസി ബാധിച്ചവർക്ക് സഹായത്തിനു ഉപകരണങ്ങളോ നിരന്തരമായ പരിചരണമോ ആവശ്യമായി വന്നേക്കാം. തുടർച്ചയായ പരിശീലങ്ങളിലൂടെയും മറ്റുള്ളവരുടെ പിന്തുണയോടെയും ഈ രോഗാവസ്ഥയെ മറികടക്കാൻ ശ്രമിക്കുന്നവർ നമുക്ക് ചുറ്റിലും ധാരാളമുണ്ട്. അവർക്കു പ്രചോദനമാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കപ്പെട്ട ഈ വിഡിയോ.
തന്റെ രണ്ട് അധ്യാപകരുടെ സഹായത്തോടെ നടക്കാൻ ശ്രമിക്കുകയാണ് ലെന്നി എന്ന് പേരുള്ള, സെറിബ്രൽ പാൾസി ബാധിച്ച ആ കൊച്ചുബാലൻ. ചുറ്റിലും നിൽക്കുന്ന കൂട്ടുകാരും അവൻ ആദ്യമായി നടക്കാൻ തുടങ്ങുന്നത് സാകൂതം വീക്ഷിക്കുന്നുണ്ട്. ലെന്നി ആദ്യമായി ചുവടുകൾ എടുത്തുവെയ്ക്കുമ്പോൾ ആ അധ്യാപകരെ പോലെ തന്നെ അവന്റെ കൂട്ടുകാരും ആർപ്പുവിളികളോടെയും കയ്യടികളോടെയുമാണ് അവനു പ്രോത്സാഹനം നൽകുന്നത്. അവന്റെ ആ നേട്ടത്തിൽ ഏറെ സന്തോഷിക്കുന്ന കൂട്ടുകാരെയും ആ അധ്യാപകരെയും സോഷ്യൽ ലോകം ഒന്നടങ്കം അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ്.
സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കപ്പെട്ട വിഡിയോ ഇതിനകം തന്നെ ധാരാളം പേർ കണ്ടുകഴിഞ്ഞു. നിരവധി ആളുകൾ വിഡിയോയ്ക്ക് താഴെ കമെന്റുകളുമായും എത്തിയിട്ടുണ്ട്. ''ഞാൻ കരയുന്നില്ല, നിങ്ങളോ '' എന്ന് ഒരാൾ എഴുതിയപ്പോൾ '' ഈ കാഴ്ച അതിമനോഹരമാണെന്നും കൂട്ടുകാരുടെ പ്രോത്സാഹനം അത്ഭുതപ്പെടുത്തുന്നു'' എന്നുമാണ് വേറൊരാളുടെ കമെന്റ്. ഹൃദ്യമായ ഈ വിഡിയോയ്ക്കും ലെന്നിയ്ക്കും കൂട്ടുകാർക്കും വലിയ സ്വീകാര്യതയാണ് സോഷ്യൽ ലോകത്തുനിന്നും ലഭിക്കുന്നത്.
Content Summary : Boy with cerebral palsy gets support from classmates as he walk