ചാൾസ് മൂന്നാമന്റെ കിരീടധാരണത്തിന് വൈകി എത്തി വില്യമും കേറ്റ് മിഡിൽട്ടനും, കാരണം
Mail This Article
കുട്ടികളെയും കൊണ്ട് കൃത്യസമയത്തു ഒരു പരിപാടിക്കെത്തുക എന്നത് ഒരല്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. ചെറിയ കുഞ്ഞുങ്ങളുള്ള മിക്ക മാതാപിതാക്കളും ഒരിക്കലെങ്കിലും അത്തരമൊരു അവസ്ഥയെ അഭിമുഖീകരിച്ചിട്ടുള്ളവരാകും. ഇവിടെ അതിപ്രധാനമായ ഒരു ചടങ്ങിന് സാക്ഷ്യം വഹിക്കാൻ വൈകിയെത്തിയത് വില്യം രാജകുമാരനും ഭാര്യ കേറ്റ് മിഡിൽട്ടണുമാണ്. ഒമ്പതും എട്ടും അഞ്ചും വയസുള്ള മക്കളെയും കൂടെ കൂട്ടിയാണ് ഇരുവരും ചാൾസ് മൂന്നാമന്റെ കിരീടധാരണത്തിനു എത്തിയത്. എത്തിച്ചേർന്നപ്പോഴോ ഒരല്പം വൈകുകയും ചെയ്തു.
ചാൾസ് മൂന്നാമനും പത്നി കാമിലയ്ക്കും ബ്രിട്ടന്റെ രാജാവും രാജ്ഞിയുമായി ഔദ്യോഗികമായി കിരീടധാരണം നടത്തിയത് ഇക്കഴിഞ്ഞ മെയ് 6 നായിരുന്നു. റിഹേഴ്‌സൽ ഒന്നും നടത്താതിരുന്നത് കൊണ്ടുതന്നെ ചടങ്ങിൽ ചെറിയ ചില വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിൽ ഏറെ പ്രധാനപ്പെട്ട ഒന്ന് വെയിൽസിലെ രാജകുമാരനായ വില്യമും രാജകുമാരി കേറ്റും മക്കളും ചടങ്ങുകൾ ആരംഭിച്ച സമയത്ത് സന്നിഹിതരായിരുന്നില്ലയെന്നതാണ്.
രാജകുമാരൻ വൈകിയത് മക്കൾ കാര്യമാണെന്നാണ് രാജകുടുംബവുമായി ബന്ധപ്പെട്ടവർ പറയുന്നത്. ഒമ്പതു വയസുകാരനായ പ്രിൻസ് ജോർജ്, എട്ട് വയസുകാരിയായ ഷാർലെറ്റ്, അഞ്ചു വയസുകാരനായ പ്രിൻസ് ലൂയിസ് എന്നിവരെയും കൊണ്ട് സമയത്തു ചടങ്ങിനെത്തുക എന്നത് ഒരല്പം വെല്ലുവിളി തന്നെയാണെന്ന് ഏതൊരു മാതാപിതാക്കൾക്കും പറയാതെ തന്നെ അറിയാം. അത് തന്നെയാണ് വില്യം രാജകുമാരന്റെയും പത്നിയുടെയും കാര്യത്തിലും സംഭവിച്ചത്. എന്തായാലും വൈകിയെത്തിയത് കിരീടധാരണ ചടങ്ങുകളെ ഒരുതരത്തിലും ബാധിച്ചില്ലയെങ്കിലും വെസ്റ്റമിൻസ്റ്റർ ആബെയിലേക്കുള്ള ഘോഷയാത്ര ക്രമപ്രകാരമായിരുന്നില്ല നടന്നത്.
ഏതൊരു പരിപാടിയ്ക്കും സ്ഥിരം വൈകിയെത്തുന്ന മാതാപിതാക്കൾക്ക് ഇനി രാജാവിന്റെ കിരീടധാരണ ചടങ്ങിന് പോലും വൈകിയെത്തിയ വില്യം രാജകുമാരന്റെ കാര്യം ഉദാഹരണമായി വിവരിക്കാമെന്നു ചുരുക്കം.
Content Summary : Real reason why Prince William, Kate Middleton were late to King Charles coronation