ADVERTISEMENT

അഞ്ചുവയസിൽ കാണികളെ മുഴുവൻ അമ്പരപ്പിക്കുന്ന പ്രകടനവുമായി കയ്യടി നേടുകയാണ് ആൽബർട്ടോ കാർട്ടൂസിയ സിങ്കോലാനി. അവൻ പിയാനോ വായിക്കുന്നത് കേട്ട സോഷ്യൽ ലോകവും അതിശയിപ്പിക്കുന്ന ആ മാസ്മരിക സംഗീതത്തിന്റെ പുറകെയാണ്. പെന്നെയിൽ വെച്ച് നടന്ന പത്താമത് രാജ്യാന്തര സംഗീത മത്സരത്തിലായിരുന്നു ആൽബർട്ടോയുടെ തകർപ്പൻ പ്രകടനം. സമൂഹ മാധ്യമങ്ങളിൽ തരംഗമായ ആ പിയാനോ അവതരണം ചുരുങ്ങി ദിവസങ്ങളിൽ കണ്ടതും ആ ബാലനെ അഭിനന്ദനങ്ങൾ കൊണ്ടുമൂടുന്നതും ദശലക്ഷക്കണക്കിനു പേരാണ്. 

Read Also: നിങ്ങള്‍ മക്കളുടെ ബെസ്റ്റ് ഫ്രണ്ടാണോ? നല്ല സുഹൃത്തുക്കളാകാനുള്ള കുറുക്കുവഴികള്‍

ഇറ്റലിയാണ് ആൽബർട്ടോയുടെ ജന്മദേശം. അബ്രൂസോ റീജിയനിലെ പെന്നെയിൽ വെച്ചുനടന്ന സംഗീത മത്സരത്തിലാണ് മൊസാർട്ട് രചിച്ച സി മേജറിലെ പിയാനോ സൊനാറ്റ നമ്പർ 16 ൽ ആൽബർട്ടോ അതിശയകരമായ പ്രകടനം കാഴ്ച വെച്ചത്. ട്വിറ്ററിൽ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ബാലന്റെ വിഡിയോ ഇതിനകം കണ്ടത് 5 മില്യണിലധികം പേരാണ്. ഒരു സംഗീത കുടുംബത്തിൽ നിന്നുതന്നെയാണ് ആൽബർട്ടോയുടെ വരവ്. മൂന്നാമത്തെ വയസിൽ പിയാനോ പഠിക്കാൻ തുടങ്ങിയതാണ് ഈ കൊച്ചുമിടുക്കൻ. ആദ്യ കാലങ്ങളിൽ പത്തു മിനിറ്റ് നേരം മാത്രം നീണ്ടുനിൽക്കുന്നതായിരുന്നു പരിശീലനം. എന്നാൽ രണ്ടുവർഷങ്ങൾക്കിപ്പുറം പിയാനോ വായിക്കുന്നതിൽ കുഞ്ഞൻ ആൽബർട്ടോയ്ക്ക് അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള മാറ്റങ്ങളാണ് വന്നിരിക്കുന്നതെന്നാണ് മാതാപിതാക്കൾ സാക്ഷ്യപ്പെടുത്തുന്നത്. 

5-Year-Old-Italian-Piano

ആൽബർട്ടോയുടെ മാതാവ് സംഗീതം പഠിപ്പിക്കുന്നുണ്ട്. പിതാവ് ടീച്ചറാണ്. ചെറുപ്പത്തിൽ തന്നെ പിയാനോ പഠിക്കുന്നതിൽ മകനുള്ള മിടുക്ക് തിരിച്ചറിയാൻ മാതാപിതാക്കൾക്ക് സാധിക്കുകയും കുറച്ചു സമയം പരിശീലനം നൽകുകയും ചെയ്തു. പഠനം തുടങ്ങിയ സമയത്ത് അവനു സംഗീതപാഠങ്ങൾ വായിക്കാൻ അറിയില്ലായിരുന്നു. ഇപ്പോഴും സംഗീതത്തിന്റെ പാഠങ്ങൾ പഠിച്ചു വരുന്നതേയുള്ളൂ. എന്നിരുന്നാലും ഏതു സംഗീത കുറിപ്പുകളും വായിക്കാനും പുനഃസൃഷ്ടിക്കാനും ആൽബർട്ടോയ്ക്ക് കഴിയും. രാജ്യാന്തര തലത്തിൽ നടന്ന മത്സരത്തിൽ ഇത്രയധികം പ്രശംസയേറ്റുവാങ്ങാൻ അവനെ സഹായിച്ചത് ആ കഴിവാണ്.

ലോക്ഡൗണിന്റെ സമയത്താണ് ആൽബർട്ടോ ആദ്യമായി ഒരു കീബോർഡ് വായിക്കുന്നത് മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെടുന്നത്. ശ്രുതി തെറ്റാതെ വായിക്കുന്നത് കണ്ടപ്പോൾ അവനു അതിലുള്ള താൽപര്യം ശ്രദ്ധിക്കുകയും പരിശീലനം നൽകുകയും ചെയ്തു, അങ്ങനെയാണ് അവൻ പിയാനോയിലെ ആദ്യപാഠങ്ങൾ പഠിക്കാൻ തുടങ്ങുന്നത്. ആൽബർട്ടോയുടെ മാതാവ് അലേസിയ സിങ്കോലാനി പറയുന്നു. രാജ്യത്തിലുടനീളം നിരവധി മത്സരങ്ങളിൽ ആൽബർട്ടോ മാറ്റുരച്ചു കഴിഞ്ഞു. അഞ്ചുവയസിൽ മറ്റുള്ളവർക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത തരത്തിലുള്ള കോമ്പോസിഷനുകളാണ് ആ കുഞ്ഞുവിരലുകളിലൂടെ ആസ്വാദകരിലേക്കെത്തുന്നത്.

English Summary: 5-year-old piano prodigy wow a crowd with an amazing rendition of Mozart

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com