ജനിച്ചിട്ട് ഇതുവരെ മുടി മുറിച്ചില്ല, മോളേ...എന്ന വിളി; അബിഡുവിന്റെ നീളൻ മുടിക്ക് പിന്നിലൊരു കഥയുണ്ട്!
Mail This Article
നീണ്ട് ഇടതൂർന്ന മൂടിയുമായി വരുന്ന നാല് വയസ്സുകാരൻ സെയർ മിഥുൻ കാഴ്ചക്കാർക്ക് ഒരു കൗതുകമാണ്. അബിഡു എന്ന വിളിക്കുന്ന ഈ ചുരുളൻ മുടിക്കാരനെ കണ്ട് പെൺകുട്ടിയാണെന്ന തെറ്റിദ്ധരിച്ചവരും ഏറെ. കുർത്തയൊക്ക ഇട്ട് പുറത്തുപോയാൽ പിന്നെ പറയുകയും വേണ്ട. മോളെയെന്ന വിളി കേൾക്കുമ്പോൾ കുഞ്ഞ് അബിഡുവിനും ചിരി. ഉടുപ്പ് വാങ്ങാൻ തുണിക്കടയിൽ പോകുമ്പോഴാണ് രസം, പെൺകുട്ടിയാണെന്നു കരുതി അവർക്കുള്ള ഉടുപ്പാണ് കടക്കാർ പലപ്പോഴും എടുത്തു കൊടുക്കുന്നത്. മുടി പൊക്കി ബോളു പോലെ കെട്ടിവയ്ക്കാറാണ് പതിവ്.
ചോറൂണും ഒന്നാം പിറന്നാളുമൊക്കെ കഴിഞ്ഞ് കുഞ്ഞിന്റെ മുടി കളയാം എന്നായിരുന്നു മാതാപിതാക്കളായ മിഥുന്റേയും അമൃതേശ്വരിയുടേയും തീരുമാനം. എന്നാൽ അപ്പോഴേയ്ക്കും കുനുകുനാ വളർന്ന ആ മുടി കാണാൻ നല്ല ശേലാണെന്ന് മനസിലായ അമ്മ അതിന്റെ വിഡിയോ ‘അബിഡുസ് വേൾഡ്’ എന്ന യു ട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്തു.ആ ന്യൂഡിൽസ് മുടിയ്ക്ക് നിറയെ ആരാധകരുമായി. എന്നാൽ പിന്നെ മുടിയങ്ങ് നീട്ടി വളർത്തിക്കളയാം എന്നായി തീരുമാനം.
ഏതായാലും മുടിയങ്ങ് നീളുന്ന സ്ഥിതിക്ക് അത് കാൻസർ രോഗികൾക്കായി നൽകിയാലോ എന്ന ചിന്തയായി. അങ്ങനെ അബിഡു നാലാം വയസിൽ എത്തിയപ്പോൾ 14 ഇഞ്ചോളം നീണ്ടുകിടക്കുകയാണ് മുടിയിപ്പോൾ. ഇപ്പോ ഡൊണേറ്റ് ചെയ്യാൻ നീളത്തിൽ മുടി എത്തിയിരിക്കുകയാണ്.
പെരുമ്പാവൂർ ടൈംസ് കിഡ്സ് പ്രീ സ്കൂളിലെ എൽ കെ ജി വിദ്യാർഥിയാണ് ഈ നീളൻ മുടിക്കാരൻ. സാധാരണ പല സ്കൂളികളിലും ആൺകുട്ടികൾ മുടി നീട്ടി വളർത്താൽ അനുവദിക്കാറില്ല. എന്നാൽ സെയർ മുടി നീട്ടുന്നതിന്റെ ഉദ്ദേശം അറിയിച്ചപ്പോൾ സ്കൂൾ അധികൃതർക്കും പൂർണസമ്മതം. കാൻസർ രോഗികൾക്കായുള്ള വിഗ്ഗ് നിർമാണത്തിനായി ഈ തകർപ്പൻ മുടി ഡൊണേറ്റ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് കുടുംബം.
ചെറുപ്പം മുതലേ മുടി നീട്ടിയിരിക്കുന്നത് കാരണം അബിഡുവിനും അത് ഇതുവരെ ഒരു പ്രശ്നം ആയി തോന്നിയിട്ടില്ല. മുടിയിൽ കാച്ചെണ്ണയൊക്കെ തേയ്ക്കുന്നതും കഴുകി ചീകി വൃത്തിയാക്കുന്നതുമൊക്കെ അച്ഛമ്മ ഉഷ വിദ്യാധരനാണ്. അബിഡുവിന് ലിനോറ്റോ എന്ന ഒരു കുഞ്ഞനുജത്തിയുമുണ്ട്.
Content Summary : Four year old boy Zaire Midhun donates hair for cancer patients