ADVERTISEMENT

1983 ഫെബ്രുവരി 2. അമേരിക്കയിലെ അരിസോണയിൽ താമസമാക്കിയ ഇനെസ്-വില്യം കോക്സ് ദമ്പതികൾക്ക് ഒരു പെൺകുഞ്ഞ് പിറന്നു. ഏറെ പ്രതീക്ഷയോടെ കൺമണിയെ കാത്തിരുന്ന ആ മാതാപിതാക്കൾക്ക് വേദന നൽകികൊണ്ടായിരുന്നു അവളുടെ ജനനം. കാരണം രണ്ട് കൈകളും ഇല്ലാതെയാണ് ആ കുഞ്ഞ് പിറന്നത്. അപൂർവമായ വൈകല്യം. എന്തു ചെയ്യണമെന്നറിയാതെ ആ മാതാപിതാക്കൾ പകച്ചു നിന്നു. എന്തായിരിക്കും തങ്ങളുടെ കുഞ്ഞിന്റെ ഭാവി എന്നോർത്ത് അവർ വിതുമ്പി. പക്ഷേ കൈകൾക്കു പകരം ആർക്കും തകർക്കാനാവാത്ത നിശ്ചയദാർഢ്യവും ആത്മവിശ്വാസവും വരമായി ലഭിച്ചവളായിരുന്നു ആ കുഞ്ഞെന്ന് പിന്നീട് കാലം തെളിയിച്ചു. മാതാപിതാക്കൾ ജെസീക്ക എന്നു പേരിട്ട ആ പെൺകുട്ടി എത്രയോ പേർക്ക് പ്രചോദനമായി. പല നാഴികകല്ലുകളും അവൾ സ്വന്തം പേരിൽ എഴുതിച്ചേർത്തു. 

വൈകല്യമുണ്ടെന്നെന്നും അതിനാൽ പലതും ജെസീക്കയ്ക്ക് ചെയ്യാനാവില്ലെന്നും ഒരിക്കലും മാതാപിതാക്കൾ പറഞ്ഞില്ല. സഹോദരങ്ങൾ ചെയ്യുന്നതെന്തും ശ്രമിച്ചു നോക്കാൻ അവളെയും അവർ പ്രോത്സാഹിപ്പിച്ചു. എല്ലാത്തിനും അവൾക്കു സ്വാതന്ത്ര്യം നൽകി. കൈകൊണ്ട് ചെയ്യുന്ന കാര്യങ്ങൾ കാലുകൊണ്ട് ചെയ്യാൻ അവളെ പരിശീലിപ്പിച്ചു. ഇരുകൈകളുമില്ലെങ്കിലും ജെസീക്ക സ്കൂളിൽ നൃത്തം ചെയ്യുമായിരുന്നു. അധ്യാപകർ ആ കുഞ്ഞിനെ അഭിനന്ദിച്ചു. പത്താം വയസ്സിൽ ഒരു തായ്‌ക്വോണ്ടോ ക്ലാസിൽ പങ്കെടുത്തതാണ് ജെസീക്കയുടെ ജീവിതത്തിലെ സുപ്രധാന നിമിഷം. തായ്‌ക്വോണ്ടോ അവൾക്ക് അച്ചടക്കത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ബോധം കൂടി പകർന്നു നൽകി. കാലക്രമേണ, അവൾ ബ്ലാക്ക് ബെൽറ്റ് നേടി. അമേരിക്കൻ തായ്‌ക്വോണ്ടോ അസോസിയേഷനിൽ കയ്യില്ലാതെ ബ്ലാക്ക് ബെൽറ്റ് സ്വന്തമാക്കിയ വ്യക്തിയായിരുന്നു അവൾ!. 

പഠനത്തിലും ജെസീക്ക മുന്നിട്ടു നിന്നു. കോളേജ് വിദ്യാഭ്യാസം നേടിയ ജെസീക്ക അരിസോണ സർവകലാശാലയിൽ നിന്ന് സൈക്കോളജിയിൽ ബിരുദം നേടി. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും പ്രതിസന്ധികൾ ഉണ്ടായിരുന്നു. ഓരോ കാര്യം ചെയ്യാൻ മറ്റുള്ളവരേക്കാൾ അധ്വാനിക്കേണ്ടി വന്നു. പക്ഷേ ജെസീക്ക ഒരിക്കലും പരിഭവിച്ചില്ല. കരുത്തോടെ ഓരോ ചുവടും മുന്നോട്ടു വച്ചു. എഴുതാനും ടൈപ്പ് ചെയ്യാനും കാലുകളെയാണ് ആശ്രയിച്ചത്. ഡ്രൈവിങ്ങിലും സ്കൂബാ ഡൈവിങ്ങിലും ലൈസൻസ് നേടുന്നതിലെത്തി ജെസീക്കയുടെ നിശ്ചയദാർഢ്യം.

അവിടെയും അവസാനിപ്പിക്കാൻ ജെസീക്ക തയാറല്ലായിരുന്നു. ഇനിയും ചെയ്തു തീർക്കാൻ ഉണ്ടെന്ന തോന്നാൽ അവളെ ഒരു പൈലറ്റുമാക്കി. ജെസീക്കയുടെ തീവ്രമായ ആ​ഗ്രഹം തിരിച്ചറിയാനും അതിനു വേണ്ടി സാഹചര്യം ഒരുക്കാനും അഭ്യുദയകാംക്ഷികൾ ഉണ്ടായതോടെയാണ് അവിശ്വസനീയമായ കാര്യം സംഭവിച്ചത്. പരിശീലകളിൽ പലരും ഈ ഊദ്യമത്തെ എതിർത്തു. ജെസീക്കയ്ക്ക്  സാധിക്കുമോ എന്നു സംശയം പ്രകടിപ്പിച്ചു. പക്ഷേ അവൾക്ക് തന്റെ കഴിവിൽ യാതൊരു സംശയവും ഇല്ലായിരുന്നു. കൈകളില്ലാത്ത പൈലറ്റ് വിമാനം പറത്തുകയെന്ന അപൂർവത അവൾ സൃഷ്ടിച്ചു. മൂന്നു വർഷത്തെ പരിശീലനത്തിനുശേഷം 2008 ലാണ് ജെസീക്കയ്ക്ക് പൈലറ്റ് ലൈസൻസ് ലഭിക്കുന്നത്. ലൈറ്റ്‌വൈയ്റ്റ് സ്പോർട് എയർക്രാഫ്റ്റ് ആണ് ജെസീക്ക പറത്തിയത്. കാലുകളായിരുന്നു ജെസീക്കയുടെ കൈകൾ. ജെസീക്കയുടെ നേട്ടങ്ങൾ ആ​ഗോള തലത്തിൽ ശ്രദ്ധ നേടി. അവരുടെ ജീവിതകഥ പറയുന്ന ലേഖനങ്ങളും ഡോക്യുമെന്ററികളും പുറത്തു വന്നു.

inspiring-story-of-jessica-cox-worlds-first-licensed-armless-pilot1
Photo credits :/jessicacox.com

 

ജെസീക്ക കോക്‌സിന്റെ അവിശ്വസനീയമായ കഥ ലോകമെമ്പാടുമുള്ള നിരവധി ആളുകളുടെ ജീവിതത്തെ സ്പർശിച്ചിട്ടുണ്ട്. അവളൊരു മോട്ടിവേഷനൽ സ്പീക്കറായി കരിയർ ആരംഭിച്ചു. പരിമിധികളുള്ളവർക്ക് അവസരങ്ങൾ ഒരുക്കേണ്ടതിന്റെ ആവശ്യകഥയും നിശ്ചയദാർഢ്യമുണ്ടെങ്കിൽ അസാധ്യമായി ഒന്നുമില്ലെന്ന തന്റെ അനുഭവവും ജെസീക്ക ലോകത്തോട് വിളിച്ചു പറഞ്ഞു. പ്രതികൂല സാഹചര്യങ്ങൾക്കിടയിലും സ്വപ്നങ്ങൾ പിന്തുടരാൻ അവൾ ആഹ്വാനം ചെയ്തു. 25 ലേറെ രാജ്യങ്ങളിൽ സഞ്ചരിക്കുകയും പ്രസം​ഗിക്കുകയും ചെയ്തിട്ടുണ്ട്.  

 

അടങ്ങി ഒതുങ്ങി ഇരിക്കാനുള്ള ഉപദേശവും സഹതാപവും ആവോളം ലഭിക്കുമായിരുന്നു ഒരു ജീവിതം ജെസീക്കയുടെ മുമ്പിലുണ്ടായിരുന്നു. ഒന്നുമാകാതെ, തന്റെ വൈകല്യത്തിൽ ദു:ഖിച്ച് അവൾക്കു ജീവിതം തള്ളി നീക്കാമായിരുന്നു. പക്ഷേ പോരാടനും ജയിക്കാനും അസാധ്യമെന്നു കരുതുന്നതു നേടിയെടുക്കാനുമായിരുന്നു ജെസീക്ക തീരുമാനിച്ചത്. അതിലൂടെ എത്രയോ മനുഷ്യർക്ക് പ്രചോദനമായി അവൾ മാറി. ജെസീക്കയിൽ ആത്മവിശ്വാസും നിശ്ചയദാർഢ്യവും വളർത്തിയ മാതാപിതാക്കളും അധ്യാപകരും സഹോദരങ്ങളും സുഹൃത്തുക്കളുമെല്ലാം ഈ ചരിത്രത്തിന്റെ ഭാ​ഗമാണ്. 

 

Content Summary : Inspiring story of Jessica Cox- world's first licensed armless pilot

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com