ADVERTISEMENT

ആറു വയസുമുതൽ പതിനാല് വയസു വരെ കുട്ടികൾക്ക് വിദ്യാഭ്യാസം സൗജന്യവും നിർബന്ധിതവുമായി നൽകണമെന്ന് നിയമം മൂലം ഉറപ്പാക്കിയിട്ടുള്ള ഒരു രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്. എന്നാൽ ചില വികസ്വര രാജ്യങ്ങളിൽ ആൺകുട്ടികൾ മാത്രം വിദ്യാഭ്യാസം നേടുമ്പോൾ പെൺകുട്ടികൾക്ക് അറിവ് നിഷേധിക്കുന്ന നിരവധി കാഴ്ചകളും ഉദാഹരങ്ങളും നമുക്ക് മുന്നിൽ തന്നെയുണ്ട്. എന്നാൽ ആ അവസ്ഥയ്‌ക്കെതിരെ പെൺകുട്ടികൾ ശബ്ദമുയർത്തുന്നുണ്ട് എന്നത് തന്നെയാണ് ഏറ്റവും ശുഭകരമായ കാര്യം. അത്തരത്തിൽ ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ ലോകത്തു ചർച്ചയായിരിക്കുന്നത്. സ്കൂളിൽ പോകാനുള്ള തന്റെ ആഗ്രഹം സാധിക്കുന്നതിനായി പിതാവിനോട് തർക്കിക്കുന്ന ഒരു അഫ്ഗാൻ ബാലികയുടെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ നിന്നും പ്രശംസയേറ്റു വാങ്ങുന്നത്. 

 

2021 ൽ താലിബാൻ അഫ്ഗാൻ കയ്യടക്കിയതോടെ സ്ത്രീ വിദ്യാഭ്യാസത്തിനു അവിടെ തിരശീല വീണു. വിദ്യാഭ്യാസത്തിനു മാത്രമല്ല, സ്ത്രീകളുടെ ജീവിതം തന്നെ വളരെ മോശമായ അവസ്ഥയിലൂടെയും പാർശ്വവൽക്കരിക്കപ്പെട്ടുമാണ് കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ദി അഫ്ഗാൻ എന്ന പേരിലുള്ള ഒരു ഇൻസ്റ്റാഗ്രാം പേജിലാണ് ഈ പെൺകുട്ടിയുടെയും പിതാവിന്റെയും വിഡിയോ പ്രത്യക്ഷപ്പെട്ടത്. വിഡിയോ തുടങ്ങുന്നത് മകൾ എന്താണ് അസ്വസ്ഥയായിരിക്കുന്നത് എന്ന ചോദ്യത്തോടെയാണ്. തന്നെ ഇനി സ്കൂളിൽ വിടുന്നില്ലെന്നു പിതാവ് പറഞ്ഞുവല്ലോ അതെന്തു കൊണ്ടാണെന്ന മറുചോദ്യമാണ് ആ ബാലികയുടെ മറുപടി. വിദ്യാഭ്യാസം ആൺകുട്ടികൾക്ക് മാത്രമായതിനാൽ, ഇനി സഹോദരനെ മാത്രമേ സ്കൂളിൽ വിടുന്നുള്ളു എന്ന വിശദീകരണമാണ് അതിനു പിതാവ് നൽകുന്നത്. 

 

പിതാവിന്റെ ആ തീരുമാനത്തോട് അവൾ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തികൊണ്ട് യുദ്ധവും നാശവും പുരുഷന്മാരാണ് ചെയ്യുന്നതെന്നു  കാബൂളും കാണ്ഡഹാറും  ഉദാഹരണമായെടുത്തു പിതാവിനെ അവൾ വെല്ലുവിളിക്കുന്നുമുണ്ട്. സ്ത്രീകൾ ഇത്തരത്തിലുള്ള നാശങ്ങളൊന്നും വിതയ്ക്കുന്നില്ലെന്നും എന്തുകൊണ്ട് സ്കൂളിൽ പോകരുതെന്ന് പറയുന്നുവെന്നും അവൾ സധൈര്യം പിതാവിനോട് ചോദിക്കുന്നു. ഒരു ഡോക്ടറോ, എൻജിനീയറോ അതുമല്ലെങ്കിൽ ഒരു ടീച്ചറോ ആകണമെന്ന അതിയായ ആഗ്രഹമുണ്ടെന്നും നമ്മുടെ രാജ്യത്തെ പുനർനിർമിക്കേണ്ടതുണ്ടെന്നും അവൾ ആത്മവിശ്വാസത്തോടെ പറയുമ്പോൾ ആ കണ്ണുകളിലെ പ്രത്യാശ വിഡിയോ കാണുന്നവരിലേയ്ക്കും പകർന്നു കിട്ടും. സ്കൂളുകൾ ആൺകുട്ടികൾക്ക് മാത്രമുള്ളതാണെന്നു പിതാവ് തമാശരൂപേണ പറയുമ്പോൾ വിദ്യാഭ്യാസമെന്നത് എല്ലാവർക്കും ഉള്ളതാണെന്നും അവിടെ ലിംഗഭേദത്തിന്റെ കാര്യമില്ലെന്നുമാണ്  അവളുടെ മറുപടി. വിദ്യാഭ്യാസം മൗലികമായ അവകാശമാണെന്നും അത് അഫ്ഗാനിലെ എല്ലാ പെൺകുട്ടികൾക്കും പ്രാപ്യമായിരിക്കണം എന്ന അവളുടെ വാദത്തെ നിറഞ്ഞ കയ്യടികളോടെയാണ് സോഷ്യൽ ലോകം സ്വീകരിച്ചിരിക്കുന്നത്.

 

Content Summary : Viral video of afghan girl's plea for education

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com