ADVERTISEMENT

കരുതലും സ്നേഹവും കൊണ്ട് ജനങ്ങളുടെ ഹൃദയത്തിലാണ് ഉമ്മൻ ചാണ്ടി ഇടം നേടിയത്. നിരവധിപ്പേർക്ക് അദ്ദേഹത്തിൽ നിന്നും ലഭിച്ച കരുതലിന്റെ കഥ പറയാനുണ്ടാകും. അത്തരത്തിലൊരു ഹൃദയം തൊടുന്നൊരു കുറിപ്പ് പങ്കുവയ്ക്കുകയാണ് ജംഷീദ് പള്ളിപ്രം. ഫീസ് നൽകാൻ പണമില്ലാത്ത കാരണം ക്ലാസിൽ നിന്ന് പുറത്താക്കപ്പെട്ട വിദ്യാർഥി ഉമ്മൻ ചാണ്ടിയുടെ കരുതൽ അനുഭവിച്ചറിഞ്ഞ നിമിഷത്തെക്കുറിച്ചാണ് ജംഷീദ് കുറിപ്പ് പങ്കുവയ്ക്കുന്നത്.

ജംഷീദ് പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പ് 

 

വർഷങ്ങൾക്ക് മുമ്പ് ഒരു വിദ്യാർത്ഥി ഫീസ് നൽകാൻ പണമില്ലാത്ത കാരണം ക്ലാസിൽ നിന്ന് പുറത്താക്കപ്പെട്ടു. ക്ലാസിൽ പ്രവേശിക്കരുതെന്ന് വിദ്യാർത്ഥിയുടെ പേര്‌ നോട്ടീസ് ബോർഡിൽ പതിച്ചിരിക്കുകയാണ്.

നിസ്സാഹയനായ അവൻ മുഖ്യമന്ത്രിക്ക് കത്തെഴുതാൻ തീരുമാനിച്ചു. എന്തെഴുതും. എഴുതിയാൽ തന്നെ അദ്ദേഹം കാണുമോ..?

കത്തെഴുതുമ്പോൾ വലിയ പ്രതീക്ഷകളൊന്നും ഉണ്ടായിരിക്കില്ല. നൂറ് കണക്കിന് കത്തുകൾ മുഖ്യമന്ത്രിക്ക് വരുന്നുണ്ടാവണം. അദ്ദേഹത്തിന് വായിക്കാൻ നേരമുണ്ടാകുമോ എന്ന് പോലും നിശ്ചയമില്ല. എങ്കിലും അവൻ എഴുതി.

ഞാനൊരു സാധരണ തൊഴിലാളിയുടെ മകനാണ്. ഞാൻ അത്യാവശ്യം പഠിക്കും. പക്ഷെ ഫീസ് നൽകാൻ എന്റെ അച്ഛന് സാധിക്കുന്നില്ല. ഫീസ് നൽകാൻ പണമില്ലാത്ത കാരണം എന്റെ പഠനം നിന്നുപോകുമോ എന്ന ആശങ്കയിലാണ്. അങ്ങ് സഹായിക്കണം

കത്ത് ഉമ്മൻ ചാണ്ടിയുടെ ഓഫീസിലെത്തി. ഒരുപാട് കത്തുകൾക്കിടയിൽ അവന്റെ കത്തുമുണ്ട്. കത്തുകൾ ഒന്നൊന്നായി വായിച്ചു പോകുന്നതിനിടെ ആ വിദ്യാർത്ഥിയുടെ കത്ത് തുറന്ന് അയാൾ വായിച്ചു.

കത്ത് വായിച്ചപ്പോൾ ഐഎച്ആർഡി എന്ന ഗവണ്‍മെന്റ്‌ സ്ഥാപനത്തിലാണ് വിദ്യാർത്ഥി പഠിക്കുന്നതെന്ന് ഉമ്മൻചാണ്ടിക്ക് മനസ്സിലായി. ഉടനെ അയാൾ കോളേജ് പ്രിൻസിപ്പലിന്റെ നമ്പർ സംഘടിപ്പിക്കാൻ സ്റ്റാഫിനോട് ആവശ്യപ്പെട്ടു.

നമ്പർ കിട്ടിയ ഉടനെ പ്രിൻസിപാലിനെ മുഖ്യമന്ത്രി നേരിട്ട് വിളിച്ചു.

ഹലോ.. ഞാന്‍ ഉമ്മൻ ചാണ്ടിയാണ്. നിങ്ങളുടെ സ്ഥാപനത്തിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിയുടെ കത്ത് എനിക്ക് കിട്ടിയിട്ടുണ്ട്. ഫീസ് ഇല്ലാത്ത കാരണം ആ കുട്ടിയുടെ പഠനം മുടങ്ങരുത്. ഫീസ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും അടയ്ക്കും. ഇനി ആ കുട്ടിയോട് ഫീസിന്റെ കാര്യം ചോദിക്കരുത്.

അടുത്ത ദിവസം കോളജിൽ നിന്നും ആ വിദ്യാർത്ഥിക്ക് പ്രിൻസിപ്പാലിന്റെ ഫോൺ വന്നു. ക്ലാസിലേക്ക് വരേണ്ടതില്ല എന്ന് പറയാനാണ് പ്രൻസിപൽ വിളിക്കുന്നതെന്ന് കരുതി ആശങ്കയോടെ അവൻ ഫോണെടുത്തു.

പ്രിൻസിപൽ പറഞ്ഞു:

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ചിരുന്നു. നാളെ മുതൽ നിങ്ങൾ ക്ലാസിൽ വരണം. വിദ്യാഭ്യാസം പൂർത്തിയാക്കണം.

സന്തോഷവും ആഹ്ലാദവും അവന്റെ മുഖത്ത് തെളിഞ്ഞു. അവൻ ഉത്സാഹത്തോടെ പഠനം തുടർന്നു. നന്നായി പഠിച്ചു. അങ്ങനെ വർഷങ്ങൾ കഴിഞ്ഞു.

സിവിൽ സർവ്വീസിൽ ഉന്നത വിജയം നേടിയ ഒരു വിദ്യാർത്ഥിയെ ആദരിക്കുന്ന ചടങ്ങാണ്. അവന്റെ നാട്ടിൽ വെച്ച് അനുമോദിക്കുന്ന ചടങ്ങിലേക്ക് ഉമ്മൻ ചാണ്ടിയെ ക്ഷണിക്കുകയുണ്ടായി.

ഉമ്മൻചാണ്ടി യോഗത്തിൽ പങ്കെടുത്തു. തിരക്കുകൾ നിറഞ്ഞ സമയത്തിൽ വിജയം നേടിയ വിദ്യാർഥി ആരെന്ന് പോലും അറിയാതെ അയാൾ അവനെ അഭിനന്ദിച്ചു മടങ്ങി.

ഉമ്മൻചാണ്ടി മടങ്ങിയ ശേഷം വേദിയിൽ വെച്ച് അനുമോദിക്കപ്പെട്ട വിദ്യാർത്ഥി മനോഹരമായ ഒരു കഥ പറഞ്ഞു. ആ കഥയാണ് ഇതുവരെ പറഞ്ഞത്.

സൗത്ത് ത്രിപുരയുടെ ജില്ലാ മജിസ്‌ട്രറ്റും കലക്ടറുമായ സജു വഹീദിന്റെ സ്വപ്നങ്ങൾക്ക് ചിറകുനൽകിയ ഒരു മനുഷ്യന്റെ കഥ.

ഉമ്മൻ ചാണ്ടി

 

Content Summary : Social media post of Jamsheed Pallipram about Saju Vaheed and Oommen Chandy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com