‘ഹനുമാൻ ചാലിസ’യിൽ റെക്കോർഡിട്ട് 5 വയസുകാരൻ; കൊച്ചുമിടുക്കനെ നേരിട്ട് കാണണമെന്ന് രാഷ്ട്രപതി
Mail This Article
പഞ്ചാബിൽ നിന്നുമുള്ള ഗീതാൻഷ് ഗോയൽ, ആ അഞ്ചു വയസുകാരൻ തന്റെ അസാധാരണ പാടവത്താൽ രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്റെ വരെ പ്രശംസ പിടിച്ചു പറ്റിയിരിക്കുകയാണ്. റെക്കോർഡ് സമയത്തിനുള്ളിൽ ഹനുമാൻ ചാലിസ ചൊല്ലിയാണ് ഗീതാൻഷ് എല്ലാവരിൽ നിന്നും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്നത്. ആ കൊച്ചുമിടുക്കന്റെ കഴിവ് കണ്ട് രാഷ്‌ട്രപതി ഭവനിലേക്ക് ക്ഷണിച്ചിരിക്കുകയാണ് ഇന്ത്യയുടെ പ്രഥമ വനിത. ചുരുങ്ങിയ സമയത്തിനുള്ളിൽ ഹനുമാൻ ചാലിസ പാരായണം ചെയ്തതിനു ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ നിന്നും പ്രശംസാപത്രവും കൈപറ്റി ഗീതാൻഷ്.
നാല് വയസും മൂന്ന് മാസവും പ്രായമുള്ളപ്പോഴാണ് ആ വയസിൽ അപ്രാപ്യമെന്നു തോന്നുന്ന നേട്ടം ഈ മിടുക്കൻ സ്വന്തമാക്കുന്നത്. ഒരു മിനിറ്റ് 54 സെക്കൻഡിലാണ് ഹനുമാൻ ചാലിസ പാരായണം ചെയ്തത്. അഭിമാനാർഹമായ ആ നേട്ടത്തിന് പ്രശംസാപത്രവും നൽകി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ്. രാജ്യാന്തര തലത്തിൽ മാത്രമല്ല ഗീതാൻഷിന്റെ നേട്ടം, വേൾഡ് റെക്കോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ഗ്രാൻഡ് മാസ്റ്റർ ഇൻ റെക്കോർഡ് ബ്രേക്കിങ് എന്ന ടൈറ്റിലും ഈ മികവിന്റെ പേരിൽ സ്വന്തമാക്കിയിട്ടുണ്ട്.
ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് രാഷ്‌ട്രപതി ഭവനിലേക്ക് ക്ഷണിച്ച വിവരം ഗീതാൻഷിൻറെ പിതാവ് വിപിൻ ഗോയൽ വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാഷ്‌ട്രപതി ഭവനിൽ നിന്നും ഒരു ഫോൺ കോൾ വന്നുവെന്നും അവിടേയ്ക്ക് ക്ഷണിച്ചു കൊണ്ടുള്ള ഒരു ഇമെയിൽ അയച്ചിട്ടുണ്ടെന്നും മകനെ നേരിൽ കാണണമെന്ന് രാഷ്‌ട്രപതി അറിയിച്ചിട്ടുണ്ടെന്നുമായിരുന്നു വിശദാംശങ്ങൾ. കുടുംബം ഒന്നടങ്കം അതിയായ ആഹ്ളാദത്തിലാണെന്നും മകന്റെ നേട്ടത്തിൽ അഭിമാനം തോന്നുന്നുവെന്നും വിപിൻ ഗോയൽ വിശദീകരിച്ചു. നിശ്ചയദാർഢ്യവും കഠിനാധ്വാനവുമാണ് ഈ ചെറുപ്രായത്തിൽ ഇത്തരമൊരു നേട്ടത്തിലെത്താൻ ഗീതാൻഷിനെ സഹായിച്ചതെന്നും അർപ്പണബോധമാണ് അസാധാരണമായ ഈ നേട്ടത്തിന് പുറകിലെന്നും ആ പിതാവ് കൂട്ടിചേർത്തു.
Content Highlights: Hanuman Chalisa | Indian President | Droupadi Murmu