‘എനിക്ക് ഏറ്റവും ഇഷ്ടമുള്ള ആഹാരം ‘കൊറങ്കാട്ടി’; നാലാം ക്ലാസ് വിദ്യാർഥിയുടെ രചന യുറേക്ക മാഗസിനിൽ!
Mail This Article
സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ മൂന്നാർ ഇടമലക്കുടിയിലെ ഗവ. ട്രൈബൽ എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി എഴുതിയ രചന ശാസ്ത്രസാഹിത്യ പരിഷത്തിന്റെ യുറേക്കാ മാഗസിന്റെ നവംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചു. നടുക്കുടി സ്വദേശികളായ കുശലൻ- നീതു ദമ്പതികളുടെ മകൻ നിഥിൻ എഴുതിയ ‘കൊറങ്കാട്ടി’ എന്ന രചനയാണ് പ്രസിദ്ധീകരിച്ചത്.
ദേശീയ ധാന്യവർഷത്തോടനുബന്ധിച്ച് കുട്ടികളോടു തങ്ങൾ കഴിക്കുന്ന ധാന്യങ്ങൾ സംബന്ധിച്ച് കുറിപ്പുകൾ തയാറാക്കി വരാൻ അധ്യാപകർ ആവശ്യപ്പെട്ടിരുന്നു. ഇങ്ങനെ ലഭിച്ചവയിൽ നിന്നു നിഥിന്റെ രചന തിരഞ്ഞെടുത്താണ് പ്രധാനാധ്യാപകൻ ഷാജി ജോസഫ് പ്രസിദ്ധീകരണത്തിനായി നൽകിയത്. ലിപികളില്ലാത്ത മുതുവാൻ ഭാഷയിലെ വാമൊഴികൾ മലയാളത്തിൽ പകർത്തിയാണു പല വാക്കുകളും എഴുതിയിരിക്കുന്നത്.
കൊറങ്കാട്ടി (റാഗി) തയാറാക്കുന്നതിനെപ്പറ്റിയാണു നിഥിൻ കുറിപ്പിൽ പറയുന്നത്. മൂത്തുപഴുത്തു തുടങ്ങിയ കോറാൻ (റാഗി) അറുത്തു മെതിച്ചു പച്ചയോടെ പൊടിച്ച്, തിളച്ച വെള്ളത്തിൽ വറ്റിച്ചെടുക്കുന്ന വിഭവമാണ് കൊറങ്കാട്ടി. ഇതു ചൂടോടെ മുതുവാൻ വിഭവങ്ങളായ അടക്ചാറ്, മത്തങ്ങച്ചാറ്, അമരച്ചാറ്, തുമ്മൻചാറ് എന്നിവയിലേതെങ്കിലും കൂട്ടി കഴിക്കണമെന്നും കുറിപ്പിലുണ്ട്. ഇടമലക്കുടി സ്കൂളിൽ നിന്ന് ആദ്യമായാണ് ഒരു കുട്ടി എഴുതിയ രചന ഒരു മാഗസിനിൽ അച്ചടിച്ചു വരുന്നതെന്നു ഷാജി പറഞ്ഞു.