എല്ലാ ഭക്ഷണങ്ങളും കഴിക്കാൻ അനുവാദമില്ല, ഒരുമിച്ച് വിമാനയാത്ര പാടില്ല; ഈ കുട്ടികൾ പാലിക്കേണ്ട നിയമങ്ങൾ
Mail This Article
ജീവിതത്തിൽ അല്പം പ്രയാസങ്ങൾ വരുമ്പോൾ ഏതെങ്കിലും കൊട്ടാരത്തിൽ ജനിച്ചിരുന്നെങ്കിൽ എന്ന് വെറുതെയെങ്കിലും ചിന്തിക്കുന്നവരുണ്ട്. രാജകീയ ജീവിതത്തിന്റെ പകിട്ടു കണ്ടാണ് അത്തരം ഒരു ചിന്ത ഉദിക്കുന്നത്. അത്തരത്തിൽ ബ്രിട്ടീഷ് രാജവംശത്തിലെ കുട്ടികൾ ഏറെ സൗഭാഗ്യങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിലും സാധാരണക്കാരുടെ കുട്ടികൾക്ക് ഇല്ലാത്ത നിയന്ത്രണങ്ങളുടെ ഒരു നീണ്ട പട്ടികയും അതിനൊപ്പം അവർ പാലിക്കേണ്ടതുണ്ട്. രാജകീയ മര്യാദകൾ ഓരോ രാജകുടുംബാംഗത്തിന്റെയും വ്യക്തിത്വത്തിന്റെ ഭാഗമാക്കി മാറ്റിയെടുക്കാൻ നന്നേ ചെറിയ പ്രായത്തിൽ തന്നെ പല നിയമങ്ങളും അനുസരിക്കുകയും നിയന്ത്രണങ്ങൾ പാലിക്കുകയും ചെയ്യേണ്ടതായി വരും. അവയിൽ ചിലത് നോക്കാം.
തീന്മേശ മര്യാദകൾ
തീൻമേശയിലിരുന്ന് ഭക്ഷണം കഴിക്കാനാവുന്ന പ്രായം മുതൽ തന്നെ രാജകുടുംബത്തിലെ കുട്ടികളെ അതുമായി ബന്ധപ്പെട്ട ഔദ്യോഗിക മര്യാദകൾ പരിശീലിപ്പിക്കും. പലപ്പോഴും ഈ പരിശീലനം രണ്ടാം വയസ്സു മുതൽ തന്നെ ആരംഭിക്കും. കസേരയിൽ എങ്ങനെ ഇരിക്കണം എന്നതും ആവശ്യമുള്ള ഭക്ഷണം എങ്ങനെ ചോദിക്കണം എന്നതും ഭക്ഷണ സമയത്ത് സംസാരിക്കേണ്ടത് എങ്ങനെയെന്നതും പെരുമാറ്റവും എല്ലാം ഇതിൽ ഉൾപ്പെടും. ഈ പരിശീലനങ്ങളെല്ലാം ഔദ്യോഗികമായി തന്നെ നൽകപ്പെടുന്നതാണ്.
രണ്ട് അനന്തരാവകാശികൾക്ക് ഒരുമിച്ച് വിമാനയാത്ര പാടില്ല
ഫ്ലൈറ്റ് യാത്രയിലെ അപകടസാധ്യത മുന്നിൽക്കണ്ട് രാജകുടുംബത്തിലെ അനന്തരാവകാശികളായ രണ്ട് കുട്ടികൾ ഒരേ സ്ഥലത്തേയ്ക്കാണ് യാത്ര ചെയ്യുന്നതെങ്കിൽ പോലും വ്യത്യസ്ത വിമാനങ്ങളിലാണ് സഞ്ചരിക്കേണ്ടത്. രാജകുടുംബത്തിന്റെ പിന്തുടർച്ചയ്ക്കായി അവകാശികൾ ഉണ്ടാവണം എന്നതിന് വേണ്ടിയാണ് ഈ ചട്ടം. ചുരുക്കം ചില അവസരങ്ങളിൽ മാത്രം ഈ നിയന്ത്രണങ്ങൾ ഒഴിവാക്കിയ സംഭവങ്ങളുമുണ്ട്.
രണ്ടാമതൊരു ഭാഷ പഠിക്കണം
ഇതൊരു അലിഖിത നിയമമാണ്. ഔദ്യോഗിക സന്ദർശനങ്ങളുടെ സമയത്ത് വിദേശ ഭാഷയിൽ രാജകുടുംബാംഗത്തിന് സംസാരിക്കാൻ കഴിയണം എന്നതിനാലാണ് മറ്റൊരു ഭാഷ കൂടി രാജകുടുംബത്തിലെ കുട്ടികളെ പഠിപ്പിക്കാൻ ശ്രമിക്കുന്നത്. എലിസബത്ത് രാജ്ഞി ഫ്രഞ്ച് സംസാരിച്ചിരുന്നു. ചാൾസ് രാജാവും വില്യം രാജകുമാരനും ഹാരി രാജകുമാരനും ഒന്നിലധികം ഭാഷകളിൽ പ്രാവീണ്യമുള്ളവരാണ്.
സമ്മാനങ്ങൾ വാങ്ങാം, പക്ഷേ എല്ലാം സൂക്ഷിക്കരുത്
രാജകുടുംബത്തിലെ കുട്ടികൾക്ക് സമ്മാനങ്ങൾ എന്നത് വിശേഷ ദിനങ്ങളിൽ മാത്രം ലഭിക്കുന്നതല്ല. ദിനംപ്രതി അവർക്ക് സമ്മാനങ്ങൾ ലഭിക്കാറുണ്ടെന്ന് തന്നെ പറയാം. വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും ബൊക്കെകളുമൊകെ ഇതിൽ ഉൾപ്പെടും. അഭ്യുദയകാംക്ഷികൾ നൽകുന്ന സമ്മാനങ്ങൾ നിരസിക്കാൻ രാജകുടുംബത്തിലെ കുട്ടികൾക്ക് അനുവാദമില്ല. എന്നാൽ ഇതിൽ നിന്നും കൃത്യമായ മേൽനോട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ടവ മാത്രമേ സൂക്ഷിക്കാൻ അനുവാദമുള്ളു.
എല്ലാ ഭക്ഷണങ്ങളും കഴിക്കാൻ പാടില്ല
പായ്ക്ക് ചെയ്തതോ പ്രോസസ് ചെയ്തതോ ആയ ആഹാര പദാർത്ഥങ്ങൾ രാജകുടുംബത്തിലെ കുട്ടികൾ കഴിക്കാൻ പാടില്ല. ഓരോരുത്തർക്കും ഭക്ഷണം പാകം ചെയ്യാനായി പ്രത്യേക ഷെഫ്മാരെ നിയോഗിച്ചിട്ടുണ്ട് എന്നതിനാൽ അവർ ശ്രദ്ധയോടെ പാകം ചെയ്യുന്ന ഭക്ഷണം മാത്രമേ കുട്ടികൾക്ക് നൽകു. ശൈശവാവസ്ഥയിലും കുട്ടികൾക്ക് ബേബി ഫുഡ് നൽകാറില്ല. കക്ക പോലെ പുറന്തോടുള്ള ജീവികളെ ഭക്ഷിക്കുന്നത് ഭക്ഷ്യ വിഷബാധയ്ക്ക് കൂടുതൽ സാധ്യതയുണ്ടാക്കുമെന്നതിനാൽ അവ ഒരിക്കലും തീൻ മേശയിലെത്താറില്ല.
പൊതു പരിപാടികളിലെ മര്യാദ
പൊതു പരിപാടികളിൽ പങ്കെടുക്കേണ്ടി വരുമ്പോൾ എത്തരത്തിൽ പെരുമാറണം എന്നത് വളരെ ചെറിയ പ്രായത്തിൽ തന്നെ രാജ കുടുംബത്തിലെ കുട്ടികളെ പറഞ്ഞു പഠിപ്പിക്കും. രാജകീയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തിട്ടില്ലെങ്കിലും വിവാഹം, പിറന്നാൾ പോലെയുള്ള ഔദ്യോഗിക പരിപാടികളിൽ എല്ലാം കുട്ടികൾ നിർബന്ധമായും പങ്കെടുക്കേണ്ടതുണ്ട്. അതിനാൽ നിൽപ്പിലും നടപ്പിലുമെല്ലാം ഔദ്യോഗികതയും രാജകീയതയും കാത്തുസൂക്ഷിക്കാനുള്ള പ്രത്യേക പരിശീലനം മുൻകൂട്ടി തന്നെ നൽകും.
വസ്ത്രധാരണത്തിലെ നിയന്ത്രണം
രാജകുടുംബത്തിലെ ചെറിയ പ്രായത്തിലുള്ള ആൺകുട്ടികൾക്ക് പാന്റ്സ് ധരിക്കാൻ അനുവാദമില്ല. ഒരു നിശ്ചിത പ്രായം വരെ അവർ ഷോർട്ട്സ് മാത്രമേ ധരിക്കാറുള്ളൂ. സഹോദരങ്ങളായ കുട്ടികൾ പൊതുജനമധ്യത്തിൽ സമാനമായ വസ്ത്രങ്ങൾ ധരിച്ചാണ് എത്തുക. പകൽ സമയത്ത് നടക്കുന്ന പരിപാടികളിൽ പങ്കെടുക്കുമ്പോൾ കറുത്ത വസ്ത്രം ധരിക്കാൻ പാടില്ല എന്നതാണ് മറ്റൊരു നിയന്ത്രണം. അതേസമയം എപ്പോഴും അവരുടെ വാർഡ്രോബിൽ ഒരു കറുത്ത വസ്ത്രം ഉണ്ടായിരിക്കുകയും വേണം. മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ കറുത്ത വസ്ത്രം തന്നെ ധരിക്കണമെന്ന ചട്ടമുള്ളതിനാലാണ് ഇത്.