അമ്മയ്ക്ക് സർപ്രൈസ് നൽകി പന്ത്രണ്ട് വയസുകാരൻ മകന്റെ ഐലൻഡ് കേക്ക് !
Mail This Article
കേക്കുണ്ടാക്കുക എന്നത് അത്ര നിസാര കാര്യമല്ല, പ്രത്യേകിച്ചും ക്രിയാത്മകത കൊടികുത്തി വാഴുന്ന ഇക്കാലഘട്ടത്തിൽ. സ്വാദും ക്രിയാത്മകതയും ഒപ്പത്തിനൊപ്പം നിൽക്കുന്ന കേക്കുകൾക്കാണ് ആരാധകർ. അപ്പോഴാണ് പന്ത്രണ്ട് വയസുകാരൻ അല്ലു എന്ന് വിളിക്കുന്ന പ്രണവ് നായർ തന്റെ അമ്മക്ക് സർപ്രൈസ് നൽകുന്നതിനായി ഒരുഗ്രൻ കേക്കുണ്ടാക്കിയത്. കേക്ക് എന്ന് പറഞ്ഞാൽ ഉഗ്രനൊരു ഐലൻഡ് കേക്ക്! അമ്മക്ക് വേണ്ടി ഉണ്ടാക്കുമ്പോൾ തീം കേക്ക് തന്നെ വേണ്ടേ എന്ന് അല്ലു. അല്ലുവിന് ബേക്കിങ്ങിൽ പൂർണ പിന്തുണ നൽകിയതാകട്ടെ ഇരട്ട സഹോദരി പ്രാർത്ഥനയും.
കൊച്ചി സ്വദേശിയായ പ്രണവിന്റെ 'അമ്മ കീർത്തി നായർ പ്രൊഫഷണൽ ബേക്കർ ആണ്. കീർത്തിസ് ബൈക്ക് ട്രീറ്റ്‌സ് എന്ന ബ്രാൻഡിൽ തീം കേക്കുകൾ ചെയ്യുന്ന കീർത്തിയുടെ ബേക്കിങ് നൈപുണ്യമാണ് പ്രണവിന് ലഭിച്ചിരിക്കുന്നത്. വളരെ ചെറിയ കുട്ടിയായിരിക്കുമ്പോൾ മുതൽ 'അമ്മ കേക്കുകൾ ഉണ്ടാക്കുകയും ഡിസൈൻ ചെയ്യുകയും ചെയ്യുന്നത് കണ്ടിട്ടാണ് പ്രണവും പ്രാർഥനയും വളർന്നത്. പാചകത്തോടും ബേക്കിങ്ങിനോടും ഒക്കെയുള്ള താല്പര്യം കുഞ്ഞു പ്രണവിന് ലഭിക്കുന്നതും അങ്ങനെയാണ്. പ്രണവ് വ്യത്യസ്തങ്ങളായ വിഭവങ്ങൾ പാചകം ചെയ്യുമ്പോൾ പ്രധാന സഹായിയായി പ്രാർഥന കൂടെ കൂടും. പാചകത്തിന് ശേഷമുള്ള ക്ളീനിങ് ആണ് കക്ഷിക്ക് ഇഷ്ടം. ശേഷം ഇരുവരും ചേർന്ന് ഭക്ഷണം ആസ്വദിച്ചു കഴിക്കും.
എന്നാൽ ഇത്തവണത്തെ പാചകത്തിന് ഇത്തിരി വ്യത്യാസമുണ്ടായിരുന്നു. വീട്ടിൽ കൂട്ടുകാർ ഒത്തുകൂടിയ ആ ദിവസം താൻ ഉണ്ടാക്കിയ വിഭവം അമ്മക്ക് വേണ്ടിയാണ് പ്രണവ് മാറ്റി വച്ചത്.അമ്മ വീട്ടിൽ ഇല്ലാത്ത സമയത്തായിരുന്നു ബേക്കിംഗ് പരീക്ഷണം. അമ്മ അടുത്തിടെ ഉണ്ടാക്കിയ ഐലൻഡ് തീമിലുള്ള കേക്കിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പ്രണവ് സമാനമായ കേക്കുണ്ടാക്കാൻ ശ്രമിച്ചത്. എന്നാൽ അമ്മ ഡിസൈനിംഗിനായി ഉപയോഗിച്ച പല സാധനങ്ങളും പ്രണവിന്റെ കയ്യെത്തും ദൂരത്ത് ഉണ്ടായിരുന്നില്ല. എന്നാൽ അതിവിദഗ്ധമായി ചില നുറുങ്ങുവിദ്യകൾ കൊണ്ട് പ്രണവ് ആ കുറവങ്ങ് പരിഹരിച്ചു.
ഐലൻഡ് തീമിൽ കേക്ക് ഡിസൈൻ ചെയ്യുമ്പോൾ ആദ്യം വേണ്ടത് പച്ചപ്പ് ആണ്. പച്ച നിറത്തിലുള്ള ഫോണ്ടന്റ് കയ്യിൽ ഇല്ലാത്തതിനാൽ ബ്രെഡ് പൊടിച്ച് അതിൽ പച്ച നിറത്തിലുള്ള ഫുഡ് കളർ ചേർത്താണ് പച്ചപ്പ് സൃഷ്ടിച്ചെടുത്തത്. അടുത്ത വെല്ലുവിളി മണ്ണിന്റെ നിറം ഒപ്പിച്ചെടുക്കാൻ ആയിരുന്നു. ബിസ്കറ്റ് പൊടിച്ചാണ് കക്ഷി ആ കുറവ് നികത്തിയത്. നീലനിറത്തിലുള്ള വെള്ളം നിർമിക്കാനായി വീട് മുഴുവൻ ജെലാറ്റിൻ പൗഡർ തപ്പി നടന്നെങ്കിലും കിട്ടിയില്ല. അല്പം കുറവുകളൊക്കെയുണ്ടെങ്കിലും മകൻ തനിക്കായി ഉണ്ടാക്കിയ ഐലൻഡ് കേക്ക് അമ്മയെ ഞെട്ടിക്കുക തന്നെ ചെയ്തു. മകന്റെ സ്നേഹത്തിനും പ്രായത്തിനും അവൻ എടുത്ത എഫർട്ടിനും മുന്നിൽ കുറവുകൾ ഒന്നും കുറവുകളേ അല്ലാതായി എന്നാണ് കീർത്തി പറയുന്നത്.
അഞ്ചു വയസ് മുതൽ കേക്ക് ഉണ്ടാക്കുന്നതിലും പാചകത്തിലും പ്രണവ് അമ്മയെ സഹായിക്കുന്നുണ്ട്. കീർത്തി കേക്കുണ്ടാക്കുമ്പോൾ പ്രണവ് ഡിസൈൻ ചെയ്യാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് മകനെ വിശ്വസിച്ച് അടുക്കള ഏൽപ്പിച്ചതെന്നു കീർത്തി പറയുന്നു.
ചെറുപ്പം മുതൽക്ക് അത്യാവശ്യം പാചകം തന്റെ രണ്ടു മക്കളെയും പഠിപ്പിച്ച ഈ അമ്മക്ക് കൊടുക്കണം കയ്യടി. അവനവന്റെ വിശപ്പകറ്റാനുള്ള ഒരു വഴി എന്ന നിലക്ക് ആൺകുട്ടികളും പെൺകുട്ടികളും ഒരേ പോലെ പാചകം പഠിക്കണം എന്നാണ് കീർത്തിയുടെ പക്ഷം. ആ ഫിലോസഫി പ്രണവും പ്രാർഥനയും നന്നായി ആസ്വദിച്ചു നടപ്പിലാക്കുന്നുമുണ്ട്. പാചകം പോലെ തന്നെ പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും പ്രണവ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ക്ലേ മോഡലിങ്ങിൽ സബ് ജില്ലാതല മത്സരങ്ങളിൽ വിജയിയാണ് പ്രണവ്. സഹോദരി പ്രാർഥനക്കൊപ്പം ഒരു യുട്യൂബ് ചാനലും പ്രണവ് നടത്തുന്നുണ്ട്.