'ആലായാൽ തറ വേണം'; മുത്തച്ഛന്റെ പിറന്നാളിന് കുഞ്ഞ് ജാദവ് പാടിയ പാട്ട് ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Mail This Article
'അലോ അലോ, അലോ അലോ' മൈക്ക് കൈയിലെടുത്ത ഉടൻ തന്നെ ഈ കുട്ടിക്കുറുമ്പൻ ചെയ്തത് സൗണ്ട് ഓക്കേ ആണോ എന്ന് ചെക്ക് ചെയ്യുകയാണ്. അവസാനത്തെ അലോഅലോയും കൂടി വന്നപ്പോൾ സദസിലിരുന്ന ഒരു കുഞ്ഞ് ശബ്ദം പറഞ്ഞു, 'പാടൂ'. കേൾക്കേണ്ട താമസം, 'ആലായാൽ തറ വേണം അടുത്തൊരമ്പലം വേണം' എന്നങ്ങ് താളത്തിൽ പാടി തുടങ്ങി. മനസ് നിറഞ്ഞ് പാട്ട് കേട്ടിരുന്നവർ താളം പിടിക്കുകയും ചെയ്തു.
പച്ച നിറമുള്ള ഒരു കുട്ടി ട്രൗസർ മാത്രമിട്ട് കൊച്ചുമിടുക്കൻ മൈക്ക് കൈയിലെടുക്കുമ്പോഴും അൽപം കൗതുകത്തോടെ നമ്മളും നോക്കി തുടങ്ങും. കുഞ്ഞിക്കാലിലെ കുഞ്ഞുവിരലുകൾ ഇടയ്ക്ക് താളം പിടിക്കുന്നുണ്ട്. ഈണത്തിൽ പാടുമ്പോൾ ഭാവത്തിലും ശ്രദ്ധിക്കുന്നുണ്ട്. ഒരു മൂളലു പോലും കൈമോശം വന്നില്ല. ഇത്ര ഭംഗിയിൽ പാടിയ ഈ കുട്ടിക്കുറുമ്പൻ ആരെടാ എന്ന അന്വേഷണമായിരുന്നു രാവിലെ മുതൽ സോഷ്യൽ മീഡിയ നിറയെ. ഒടുവിൽ ആളെ കിട്ടി.
മൈക്ക് ഒരു ഹരമാണ് ജാദവ് എന്ന് പേരുള്ള ഈ കൊച്ചുമിടുക്കന്. നാലു വയസുകാരനായ ജാദവിന് ഇതല്ല ഇതിലും കുടുതൽ പാട്ടുകൾ അറിയാം. എല്ലാം പഠിപ്പിച്ചത് മുത്തശ്ശിയാണ്. മൈക്ക് എടുത്ത് പാട്ടു പാടുന്നത് ഒരു ഹരമായ ജാദവിന് കുടുംബസദസിൽ ഒരു പതർച്ചയും ഉണ്ടായില്ല. മുത്തശ്ശന്റെ എഴുപതാം പിറന്നാളിന് കുടുംബാംഗങ്ങൾ എല്ലാവരും ഒത്തു ചേർന്നതായിരുന്നു. കലാപരിപാടികളും മറ്റുമായി പരിപാടി മുന്നോട്ട് പോകുമ്പോൾ ആണ് കുഞ്ഞ് ജാദവിനോട് അവന്റെ അച്ഛൻ ഒരു പാട്ട് പാടിയാലോ എന്ന് ചോദിക്കുന്നത്. കേൾക്കേണ്ട താമസം നേരെ സ്റ്റേജിലേക്ക് പോയി മൈക്ക് കൈയിലെടുത്ത് അടിപൊളിയായി അങ്ങ് പാടി.
മാതൃഭൂമി ന്യൂസിലെ വിഷ്വൽ എഡിറ്റർ വൈശാഖ് കൃഷ്ണന്റെ മകനാണ് നാലു വയസുകാരൻ ജാദവ്. മലപ്പുറത്ത് നടന്ന ഒരു കുടുംബ സദസിലാണ് ഈ മനോഹര നിമിഷങ്ങൾ പിറന്നത്. ജാദവിന്റെ അമ്മയുടെ അച്ഛന്റെ എഴുപതാം പിറന്നാൾ ആഘോഷിക്കുന്നതിന് കുടുംബാംഗങ്ങൾ എല്ലാം ഒത്തു ചേർന്നു. വീടിന്റെ മുറ്റത്ത് താൽക്കാലികമായി ഒരു ചെറിയ സ്റ്റേജ് കെട്ടി. മക്കളും പേരമക്കളും പാട്ടും നൃത്തവുമായി അരങ്ങ് തകർത്തപ്പോൾ ആണ് ജാദവിന്റെ മാസ് എൻട്രി.
അതേസമയം, വിഡിയോ എടുത്തത് ആരാണെന്ന് പോലും ജാദവിനും മാതാപിതാക്കൾക്കും അറിയില്ല. മാത്രമല്ല, സംഭവം വൈറലായതും വളരെ താമസിച്ചാണ് ഇവർ അറിഞ്ഞത്. ഏതായാലും കുടുംബ സദസിൽ പിറന്നുവീണ മനോഹര നിമിഷങ്ങൾ വൈറലായതിന്റെ സന്തോഷത്തിലാണ് കുഞ്ഞുജാദവും കുടുംബാംഗങ്ങളും. ഇനി മാസ് ആയി പാടാൻ ജാദവിന്റെ കസ്റ്റഡിയിൽ ഇഷ്ടം പോലെ പാട്ടുണ്ട്. അതെല്ലാം അമ്മൂമ്മ പഠിപ്പിച്ചതുമാണ്.