ADVERTISEMENT

വീട്ടിൽ കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ നമ്മളും കുഞ്ഞുങ്ങളെ പോലെയാകണം. അവർക്ക് വേണ്ടി ചിലപ്പോൾ ആനയാകണം, അല്ലെങ്കിൽ വിമാനമാകണം. പിന്നെ സമയം പോലെ സിംഹവും ആടുമാകണം. മറ്റ് ചിലപ്പോൾ വെടിയേറ്റ് വീഴണം, എഴുന്നേൽക്കണം. കാരണം, കുഞ്ഞുങ്ങളെ സന്തോഷിപ്പിക്കാൻ എന്ത് സാഹസിക വിനോദങ്ങൾ ചെയ്യാനും മടിയില്ലാത്തവരാണ് നമ്മൾ. കാരണം, അവർക്ക് മുമ്പിലാണ് നമ്മൾ നമ്മുടെ സകല ഈഗോയും അഴിച്ചു വെക്കുന്നത്.

ഏതായാലും കുഞ്ഞുമകന് വേണ്ടി വീട്ടിൽ റോളർ കോസ്റ്റർ ഒരുക്കിയ അവതാരകയും നടിയുമായ പാർവതി ആർ കൃഷ്ണയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. വീട്ടിൽ ഒരു റോളർ കോസ്റ്റർ തന്നെയാണ് മകൻ അച്യുത് എന്ന അച്ചുക്കുട്ടന്  ണ്ടി പാർവതി ഒരുക്കിയത്. ഒരു ബാസ്ക്കറ്റിൽ മകനെ വെച്ച് ആ ബാസ്കറ്റ് ഇടയ്ക്കിടെ ചലിപ്പിക്കുന്ന പാർവതിയെയാണ് ആദ്യം വിഡിയോയിൽ കാണാൻ കഴിയുന്നത്. ബാസ്ക്കറ്റിൽ കുഞ്ഞിനെ ഇരുത്തി എന്ത് ചെയ്യാൻ പോവുകയാണെന്ന് വിഡിയോ കാണുമ്പോൾ ചിന്തിച്ചു തുടങ്ങുമ്പോഴാണ് മുന്നിലെ ടിവിയിൽ റോളർ കോസ്റ്റർ വിഡിയോ കാണുന്നത്. 'റോളർ കോസ്റ്റർ ഇനി വീട്ടിൽ തന്നെ', എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പാർവതി കൃഷ്ണ പങ്കുവെച്ചിരിക്കുന്നത്.

രസകരമായ കമന്റുകളാണ് ഈ വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. 'ഇതിപ്പോ ലാഭായല്ലോ', 'ഈ ഐഡിയ എന്തേ നേരത്തെ തോന്നിയില്ല', 'വെറുതെ കാഷ് കളഞ്ഞു', 'പടച്ചോനേ ഇങ്ങള് കാത്തോളീ', 'ക്രിയേറ്റീവ് പേരന്റിങ്'  എന്നിങ്ങനെ പോകുന്നു കമന്റുകൾ. ലക്ഷക്കണക്കിന് വ്യൂസ് ആണ് ഇതുവരെ ഈ വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ഏതായാലും കുട്ടികളെ കളിപ്പിക്കാൻ ഒരു പുതിയ ആശയം കിട്ടിയതിന്റെ സന്തോഷത്തിലാണ് ന്യൂജെൻ മാതാപിതാക്കൾ.

ബാലതാരമായി അഭിനയരംഗത്തേക്ക് എത്തിയ ആളാണ് പാർവതി കൃഷ്ണ. നാലാം ക്ലാസിൽ പഠിക്കുമ്പോൾ ജയേഷ് പത്തനാപുരത്തിന്റെ സൂര്യനും സൂര്യകാന്തിയും എന്ന ടെലിഫിലിമിലൂടെ അഭിനയരംഗത്തേക്ക് എത്തി. നിരവധി മ്യൂസിക് ആൽബങ്ങളിലും സീരീയലുകളിലും അഭിനയിച്ചിട്ടുള്ള പാർവതി ഇപ്പോൾ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട അവതാരക കൂടിയാണ്. മഴവിൽ മനോരമയിലെ കിടിലം പരിപാടിയുടെ അവതാരകയാണ് പാർവതി ഇപ്പോൾ.

സംഗീതസംവിധായകനും ഗായകനുമായ ബാലഗോപാൽ ആണ് പാർവതിയെ വിവാഹം കഴിച്ചത്. 2020 ഡിസംബറിലാണ് ഇവർക്ക് അച്ചുക്കുട്ടൻ എന്ന് വിളിക്കുന്ന അച്യുത് പിറന്നത്. കുഞ്ഞിന്റെ വിശേഷങ്ങളും വീട്ടിലെ വിശേഷങ്ങളും എല്ലാം പാർവതി ആരാധകരുമായി ഇടയ്ക്കിടെ പങ്കുവെയ്ക്കാറുണ്ട്. ഇതിന്റെ ഭാഗമായാണ് വീട്ടിൽ തന്നെ റോളർ കോസ്റ്റർ ഒരുക്കി അച്ചുക്കുട്ടനെ കളിപ്പിക്കുന്ന വിഡിയോ പാർവതി പങ്കുവെച്ചത്. ഏതായാലും വിഡിയോ നിമിഷനേരം കൊണ്ട് വൈറലായി മാറിയിരിക്കുകയാണ്.

English Summary:

Parvathy R Krishna's clever homemade roller coaster wins hearts online

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com