'അങ്ങനെ ആ ആഗ്രഹവും സാധിച്ചു', കുട്ടിമണിക്ക് ഒപ്പം റൈഡ് നടത്തി റിമി ടോമി, മാസ്കും തൊപ്പിയും വെച്ചത് നന്നായെന്ന് ആരാധകർ
Mail This Article
എത്ര വലുതായാലും സഫലമാകാതെ ഇരിക്കുന്ന ചില കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങൾ മനസിൽ എവിടെയെങ്കിലും കാണും. ഒരു അവസരം കിട്ടിയാൽ അപ്പോൾ തന്നെ അത് സഫലമാക്കുകയുെ ചെയ്യും. ആ സമയത്ത് പ്രായമൊന്നും ഒരു തടസമേ ആകില്ല. അങ്ങനെ മനസിന്റെ ഒരു കോണിൽ സൂക്ഷിച്ചുവെച്ചിരുന്ന ആഗ്രഹം സഫലമാക്കിയതിന്റെ സന്തോഷത്തിലാണ് ഗായിക റിമി ടോമി. സഹോദരിയുടെ മകൾ കുട്ടിമണിയുമൊത്താണ് ആഗ്രഹം സഫലമാക്കാൻ റിമി ടോമി ലുലു മാളിൽ എത്തിയത്.
മാൾ മുഴുവൻ ചുറ്റി കാണിക്കുന്ന ടോയ് കാറിൽ ആയിരുന്നു കുട്ടിമണിക്കൊപ്പം റിമി ടോമിയുടെ യാത്ര. അങ്ങനെ ആ ആഗ്രഹവും സാധിച്ചു എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. കുട്ടിക്കാറിൽ യാത്ര പോകുമ്പോൾ നല്ലതാണോ എന്ന് കുട്ടിമണിയോട് റിമി ചോദിക്കുന്നു. ഒരു ചിരിയോടെ നല്ലതാണെന്ന അർത്ഥത്തിൽ തലയാട്ടുകയാണ് കുട്ടിമണി. അടിപൊളി അല്ലേ എന്ന് കൊച്ചമ്മ വീണ്ടും ചോദിക്കുമ്പോൾ വീണ്ടും ഒരു തലയാട്ടലിലൂടെ തന്നെയാണ് കുട്ടിമണി മറുപടി നൽകുന്നത്.
ലുലു മാൾ യാത്ര കുട്ടിമണി നല്ല പോലെ ആസ്വദിച്ചു. യാത്ര തുടങ്ങുന്നതിന് മുമ്പ് എവിടെ പോകുവാ എന്ന് റിമി ചോദിക്കുമ്പോൾ 'നമ്മള് പോവാ' എന്ന് ചിരിയോടെ പറയുകയാണ് കുട്ടിമണി. ഏതു വണ്ടിയിലാ പോകുന്നത് എന്ന് ചോദിക്കുമ്പോൾ 'ഈ വണ്ടിയില്' എന്നും മറുപടി പറയുന്നുണ്ട്. ചിരിച്ച് ആസ്വദിച്ചാണ് കുട്ടിമണിയുടെയും കൊച്ചമ്മയുടെയും ലുലുമാൾ യാത്ര.
പിങ്ക് നിറത്തിലുള്ള കുഞ്ഞുടുപ്പാണ് കുട്ടിമണിയുടെ വേഷം. ക്രോപ് ടോപ്പും പാന്റ്സുമാണ് റിമിയുടെ വേഷം. മാസ്കും തൊപ്പിയും റിമി ധരിച്ചിട്ടുണ്ട്. മാസ്കും തൊപ്പിയും ഇട്ടത് നന്നായെന്നും അല്ലെങ്കിൽ ആൾക്കൂട്ടം കൊണ്ട് ജഗപൊക ആയേനെയെന്നും ആരാധകർ കമന്റ് ചെയ്തു. ഇതിൽ ആരാണ് ഇപ്പോൾ കുഞ്ഞുവാവ എന്നായിരുന്നു ആരാധകരിൽ ചിലർക്ക് സംശയം. കുട്ടികളുടെ കാര്യം പറഞ്ഞ് സ്വന്തം കാര്യങ്ങൾ സാധിക്കുന്ന ഒരു സൈക്കോപ്പാത്തിനെ ഞാൻ ഇതിൽ കാണുന്നു എന്നായിരുന്നു രസകരമായ മറ്റൊരു കമന്റ്. റിമിയുടെയും കുട്ടിമണിയുടെയും ക്യൂട്ട് കുട്ടി വിഡിയോ സോഷ്യൽ മീഡിയയിയുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്.
റിമിയുടെ സഹോദരി റീനു ടോമിയുടെ ഇളയ മകളാണ് കുട്ടിമണി. റീനുവിന്റെ മകൻ കുട്ടാപ്പിയും സഹോദരൻ റിങ്കുവിന്റെയും നടി മുക്തയുടെയും മകളായ കണ്മണിയെന്ന കിയാരയും റിമിയുടെ വിഡിയോകളിലെ സജീവ സാന്നിധ്യമാണ്. ഇവർക്കൊപ്പം പുറത്ത് ഔട്ടിംഗിന് പോകുന്നതും യാത്ര പോകുന്നതുമെല്ലാം റിമിയുടെ പ്രിയപ്പെട്ട കാര്യങ്ങളിലൊന്നാണ്. കഴിഞ്ഞവർഷം റിമി ടോമി തന്റെ പിറന്നാൾ ആഘോഷിക്കാൻ കുട്ടിപട്ടാളവുമായി പോയത് മാലി ദ്വീപിലേക്ക് ആയിരുന്നു. മക്കൾക്കൊപ്പം റിമി ടോമിയുടെ സഹോദരി റീനുവും അമ്മ റാണിയും ഉണ്ടായിരുന്നു. ഇവർക്കൊപ്പം വിമാനത്തിൽ പോകുന്നതിന്റെയും മാലിദ്വീപിൽ നിന്നുള്ള ചിത്രങ്ങളും റിമി സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരുന്നു. വലിയ ആവേശത്തോടെ ആയിരുന്നു ആ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തത്.