ADVERTISEMENT

ഓരോ പിറന്നാളും പ്രധാനപ്പെട്ടതാണ്. സ്വന്തം പിറന്നാൾ ആണെങ്കിലും കുടുംബാംഗങ്ങളുടെ പിറന്നാൾ ആണെങ്കിലും അതിന് വികാരപരമായ മറ്റൊരു തലം കൂടിയുണ്ട്. കേക്ക് കട്ട് ചെയ്ത ശേഷം ആദ്യ കഷണം ആർക്കു കൊടുക്കണം തുടങ്ങിയ രസകരമായ ടെൻഷനുകൾ ആർക്കുമുണ്ടാകാം. എന്നാൽ, അത്തരമൊരു സാഹചര്യത്തെ മനോഹരമായി കൈകാര്യം ചെയ്ത സഹോദരനും ആ സ്നേഹത്തിനു മുന്നിൽ കണ്ണു നിറഞ്ഞുപോയ കുഞ്ഞനിയനുമാണ് സോഷ്യൽ മീഡിയയിൽ വൈറൽ. സംഭവം നടന്നത് ബ്രസീലിലാണ്. സഹോദരങ്ങളായ റയാനും അന്റോണിയോയുമാണ് ഈ വിഡിയോയിൽ ഉള്ളത്. മൂത്ത സഹോദരനായ റയാന്റെ പിറന്നാൾ ദിനത്തിൽ ആയിരുന്നു അതിമനോഹരമായ ഈ സംഭവം. പിറന്നാൾ ആഘോഷിക്കുന്നയാൾ കേക്ക് മുറിച്ചതിനു ശേഷം ആദ്യത്തെ കഷണം നൽകേണ്ടത് താൻ ഏറ്റവുമധികം സ്നേഹിക്കുന്നയാൾക്കാണ് എന്നാണ് ബ്രസീലുകാരുടെ വിശ്വാസം.

റയാന്റെ പന്ത്രണ്ടാം പിറന്നാൾ ആഘോഷത്തിനു കേക്ക് മുറിക്കുമ്പോൾ ആദ്യത്തെ കഷണം തനിക്കായിരിക്കുമെന്ന് അമ്മ വിളിച്ചു പറയുന്നുമുണ്ട്. മാതാപിതാക്കൾക്ക് കേക്ക് നൽകുന്നതാണ് പരമ്പരാഗത രീതി. എന്നാൽ, റയാൻ പതിവു തെറ്റിച്ചു. ബന്ധുക്കളെ പോലും ഞെട്ടിച്ചു കൊണ്ട് റയാൻ തന്റെ പ്രിയപ്പെട്ട കുഞ്ഞനിയൻ അന്റോണിയോയ്ക്ക് കേക്ക് നൽകി. ചേട്ടന്റെ അപ്രതീക്ഷിത നീക്കത്തിൽ കുഞ്ഞനിയൻ ശരിക്കും അമ്പരന്നു പോയി. ചേട്ടൻ തനിക്ക് നേരെ കേക്ക് നീട്ടിയത് കണ്ട അന്റോണിയോ സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞു. കേക്ക് വാങ്ങുന്നതിനു മുമ്പ് തന്നെ ചേട്ടനെ കെട്ടിപ്പിടിച്ചു. കുഞ്ഞനിയനെ ചേട്ടനും ചേർത്തു പിടിച്ചു. കരച്ചിൽ നിർത്താൻ കഴിയാതെ തന്നെ ചേട്ടന്റെ കയ്യിൽ നിന്ന് അന്റോണിയോ കേക്ക് വാങ്ങി. ഏതായാലും ആഗോളതലത്തിൽ തന്നെ വൈറലായി മാറിക്കഴിഞ്ഞു ഈ വിഡിയോ.

സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പേരാണ് ഈ വിഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. തനിക്ക് ലഭിച്ച കേക്കിനേക്കാൾ ചേട്ടൻ തന്നോട് കാണിച്ച പരിഗണനയാണ് അനിയനെ വികാരഭരിതനാക്കിയത്. അതുകൊണ്ടു തന്നെ കേക്ക് ലഭിച്ചെങ്കിലും അത് ശ്രദ്ധിക്കാതെ ചേട്ടനെ കെട്ടിപ്പിടിച്ച് വിതുമ്പുന്ന അനിയൻ നെറ്റിസൺസിന്റെയും കണ്ണ് നിറച്ചു. പുബിറ്റി എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നാലുകോടിയോളം ആളുകളാണ് ഈ വിഡിയോ ഇതുവരെ കണ്ടത്. 21 ലക്ഷത്തോളം പേർ ലൈക്കും ചെയ്തിട്ടുണ്ട്. ഈ സഹോദരസ്നേഹം കണ്ട് കണ്ണു നിറഞ്ഞുവെന്ന് ജീവിതകാലം മുഴുവൻ ഈ  സ്നേഹം നിലനിൽക്കട്ടെയെന്നും നിരവധി പേർ കമന്റു ചെയ്തു.

English Summary:

Older brother surprises younger with first cake piece in birthday-video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com