ഓട്ടോയ്ക്ക് താലോലിക്കാൻ തലകുനിച്ചുപിടിച്ച് റസൽ കാക്ക; കൗതുകമായി ഈ അപൂർവ സൗഹൃദം
Mail This Article
കേരളത്തിലെ കുഞ്ഞുങ്ങൾ ഇനി ‘കാക്കേ കാക്കേ കൂടെവിടെ’ എന്നു ചോദിച്ചു തൊണ്ടകീറി പാടിയിട്ടു കാര്യമില്ല. കാക്കയ്ക്ക് കൂടുതൽ ഇഷ്ടം ന്യൂയോർക്കിലെ ഓട്ടോ എന്ന 2 വയസ്സുകാരനോടാണ്. വീട്ടിനുള്ളിലിരിക്കുന്ന ഓട്ടോയെ കാക്ക വന്നു ജനലിൽ തട്ടിവിളിക്കും. ഓട്ടോ ജനൽ തുറന്നു കൊടുക്കും. ഓട്ടോയ്ക്ക് താലോലിക്കാൻ തലകുനിച്ചുപിടിച്ച് റസൽ കാക്ക ജനലരികിൽ ഇരിക്കും.
വിളിച്ചാൽ വീടിനകത്തുകയറി ഒപ്പം ടിവി കാണും. തീൻമേശയിൽ വന്നിരിക്കും. (അതിനു കയ്യിൽ നെയ്യപ്പം വേണമെന്നില്ല, ഈ കാക്കയ്ക്ക് വേറെ ദുരുദ്ദേശ്യമൊന്നുമില്ല). ഓട്ടോയെങ്ങാനും പുറത്തിറങ്ങിയാൽപ്പിന്നെ കാക്ക ഒപ്പം കളിതുടങ്ങും. ഓട്ടോയുടെ കൊച്ചുസൈക്കിളിനൊപ്പം ചാടിച്ചാടി നടക്കും. കെട്ടിപ്പിടിച്ചും കൊക്കിലുരുമ്മിയും ഓട്ടോയും സ്നേഹം പ്രകടിപ്പിക്കും. കിന്റർഗാർട്ടനിൽ പോയ ഓട്ടോ മടങ്ങിയെത്തുന്നതു കാത്ത് മേൽക്കൂരയ്ക്കു മുകളിൽ കാത്തിരിക്കും.
ഓട്ടോയും റസലും ഇപ്പോൾ ന്യൂയോർക്കിലെ കുഞ്ഞുങ്ങൾക്കിടയിൽ ഹിറ്റാണ്. നിങ്ങളുടെ നാട്ടിലും ഇത്തരം അപൂർവസൗഹൃദങ്ങളുണ്ടോ? എങ്കിൽ ലൈഫിയെ അറിയിക്കൂ. #lifienaturefriends എന്ന ഹാഷ്ടാഗിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കൂ.