കൊച്ചുമകന് ഹെയർ സ്റ്റൈൽ ഒരുക്കി റഹ്മാൻ; ഇത് സന്തൂർ മുത്തച്ഛനെന്ന് ആരാധകർ
Mail This Article
പേരക്കുട്ടിക്ക് ഒപ്പമുള്ള ചിത്രങ്ങളുമായി ഇടയ്ക്കിടയ്ക്ക് റഹ്മാൻ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. റഹ്മാന്റെ മകൾ റുഷ്ദയുടെ കുഞ്ഞ് അയാൻ ആണ് റഹ്മാന്റെ വീട്ടിലെ ഇപ്പോഴത്തെ താരം. ഇത്തവണ കൊച്ചുമകന്റെ തലയിൽ ഒരു ഹെയർ സ്റ്റൈൽ പരീക്ഷണം നടത്തുകയാണ് മുത്തച്ഛൻ റഹ്മാൻ. കുഞ്ഞിന്റെ തലമുടി റഹ്മാൻ രണ്ടു കൈകളും കൊണ്ട് സ്പെക് മോഡലിൽ മുകളിലേക്ക് ആക്കുകയാണ്.
സ്പൈക് ഹെയർസ്റ്റൈൽ പൂർത്തിയാക്കിയതിനു ശേഷം കൊച്ചു മകനുമായി വിഡിയോയ്ക്ക് പോസ് ചെയ്യുന്നു. കുഞ്ഞിനെ ചൂണ്ടിക്കാട്ടി റഹ്മാൻ വിഡിയോയ്ക്ക് പോസ് ചെയ്യുമ്പോൾ 'ഈ മുത്തച്ഛൻ ഇതെന്താണ് കാണിക്കുന്നത്' എന്ന അർത്ഥത്തിൽ കുഞ്ഞ് മുത്തച്ഛനെ നോക്കുന്നുമുണ്ട്. ബ്ലൂ ജീൻസും ബെനിയനുമാണ് കുഞ്ഞിന്റെ വേഷം. അനിമൽ സിനിമയിലെ ഗാനത്തിന്റെ അകമ്പടിയോടെയാണ് വിഡിയോ.
മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ സിനിമയിൽ ശ്രദ്ധേയമായ വേഷത്തിൽ റഹ്മാൻ പ്രത്യക്ഷപ്പെട്ടിരുന്നു. നിലവിൽ സിനിമകളുമായി സജീവമാണെങ്കിലും കുടുംബത്തിനാണ് റഹ്മാൻ പ്രാധാന്യം നൽകുന്നത്. റഹ്മാന്റെ കുടുംബ വിശേഷങ്ങൾ ആരാധകരും വളരെ ആവേശത്തോടെയാണ് സോഷ്യൽ മീഡിയയിൽ ഏറ്റെടുക്കുന്നത്. കുടുംബ വിശേഷങ്ങൾ വളരെ ആവേശത്തോടെയും സന്തോഷത്തോടെയുമാണ് റഹ്മാൻ പങ്കുവെയ്ക്കാറുള്ളത്. ഒരു പേരക്കുട്ടിയുണ്ട് എന്നുള്ളതാണ് റഹ്മാന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ സന്തോഷം.
ഏതായാലും വിഡിയോ പങ്കുവെച്ച് നിമിഷനേരം കൊണ്ടു തന്നെ ആരാധകർ ഏറ്റെടുത്തു. രസകരമായ നിരവധി കമന്റുകളാണ് ഈ വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. 'ചുമ്മാ ഒരു തമാശയ്ക്ക്, ' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കു വെച്ചിരിക്കുന്നത്. 'സന്തൂർ ഗ്രാൻഡ് ഫാദർ', 'ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലാണ് നിങ്ങൾ ഇപ്പോൾ', 'അടുത്ത രവി പുത്തൂരാൻ' ഇങ്ങനെ പോകുന്നു രസകരമായ കമന്റുകൾ.
അയാൻ റഹ്മാൻ നവാബ് എന്നാണ് റഹ്മാന്റെ പേരക്കുട്ടിയുടെ പേര്. റഹ്മാന്റെ മകൾ റുഷ്ദ 2022 ഓഗസ്റ്റിലായിരുന്നു ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. കൊല്ലം സ്വദേശിയായ അൽത്താഫ് നവാബുമായി 2021 ഡിസംബറിൽ ആയിരുന്നു റുഷ്ദയുടെ വിവാഹം. കുഞ്ഞ് ജനിച്ച സന്തോഷവാർത്ത റുഷ്ദ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. റുഷ്ദയെ കൂടാതെ അലീഷ എന്നൊരു മകളും റഹ്മാന് ഉണ്ട്.
എൺപതുകളിലും തൊണ്ണൂറുകളിലും സുന്ദരിമാരുടെ മനസ് കവർന്ന നടനായിരുന്നു റഹ്മാൻ. കാലമിത്ര കഴിഞ്ഞിട്ടും ആരാധകരുടെ മനസ്സിൽ റഹ്മാൻ എന്നും നിത്യഹരിത നായകനാണ്. രവി പുത്തൂരാൻ ആയി എത്തിയ കൂടെവിടെ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ സംസ്ഥാന സർക്കാരിന്റെ പുരസ്കാരം സ്വന്തമാക്കാൻ റഹ്മാന് കഴിഞ്ഞു. എണപതുകളിൽ മലയാളത്തിലെ സൂപ്പർ ഹിറോ എന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ച നടനായിരുന്നു അദ്ദേഹം. മമ്മൂട്ടിക്കും മോഹൻലാലിനും മുമ്പേ മാധ്യമങ്ങൾ സൂപ്പർ ഹിറോ എന്ന് വിളിച്ചതും റഹ്മാനെ ആയിരുന്നു.
എന്നാൽ എൺപതുകളുടെ അവസാനം തമിഴ് സിനിമയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതോടെ മലയാള സിനിമയിൽ നിന്ന് റഹ്മാൻ അകന്നു. എന്നാൽ, റഹ്മാൻ നായകനാകുകയും എ ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുകയും ചെയ്ത ഒരു ചിത്രം സൂപ്പർഹിറ്റ് ആകുമെന്ന് പ്രതീക്ഷിച്ചെങ്കിലും സിനിമ പരാജയപ്പെട്ടു. ഇതോടെ തമിഴിൽ റഹ്മാന്റെ താരപ്രതിഭയ്ക്ക് മങ്ങലേറ്റു. നീണ്ട ഇടവേളയ്ക്ക് ശേഷം 2006ൽ മമ്മൂട്ടി ചിത്രത്തിലൂടെയാണ് റഹ്മാൻ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത്.