ചേച്ചിക്ക് രക്താർബുദം, മജ്ജ മാറ്റിവെച്ചത് 2 വയസ്സുകാരി അനിയത്തിയുടെ; അപൂർവം ഈ അതിജീവനം
Mail This Article
ഗുരുതരമായ അസുഖങ്ങൾ കുഞ്ഞുങ്ങളെ ബാധിക്കുന്നതു മാതാപിതാക്കൾക്കും തീരാദുഃഖം തന്നെയാണ്. രക്താർബുദം പോലുള്ള രോഗമെങ്കിൽ പറയുകയും വേണ്ട. എന്നാൽ അതിനെ അതിജീവിച്ച ഒരു കൊച്ചു മിടുക്കിയും അവളെ രോഗത്തിൽ നിന്നും മുക്തയാകാൻ സഹായിച്ച കുഞ്ഞനുജത്തിയും വാർത്തകളിൽ നിറയുകയാണ്. ആറു വയസിലാണ് റൂബി ലീനിങ് എന്ന കുഞ്ഞിന് അപൂർവ രോഗാവസ്ഥകളിൽ ഒന്നായ ലിംഫോസൈറ്റിക് രക്താർബുദം സ്ഥിരീകരിച്ചത്. കളിക്കിടെ സ്കൂളിലെ കളിക്കളത്തിൽ കുഴഞ്ഞു വീണതായിരുന്നു തുടക്കം. രോഗം സ്ഥിരീകരിച്ചപ്പോൾ തന്നെ മജ്ജ മാറ്റിവെയ്ക്കുന്നതിനായി ഒരു ദാതാവിനെയും ലഭിച്ചു. രണ്ടു വയസു മാത്രം പ്രായമുണ്ടായിരുന്ന റൂബിയുടെ സഹോദരി മേബൽ ആയിരുന്നു ആ ദാതാവ്.
ശസ്ത്രക്രിയ കഴിഞ്ഞു രണ്ടു വർഷങ്ങൾക്കു ശേഷം രക്താർബുദത്തിൽ നിന്നും റൂബി പൂർണമായും മുക്തയായെന്നു ഡോക്ടർമാർ വിധിയെഴുതി. ഇന്നിപ്പോൾ നീന്താനും നൃത്തം ചെയ്യാനും പിയാനോ വായിക്കാനുമെല്ലാം അവൾക്കു കഴിയും. റൂബിയുടെ മൂല കോശങ്ങളിലായിരുന്നു ചികിത്സ ആവശ്യമായി വന്നത്. അവ മാറ്റിവെയ്‌ക്കേണ്ടി വന്നു. മേബലിന്റെ മൂല കോശങ്ങൾ റൂബിയ്ക്ക് അനുയോജ്യമായിരുന്നു. ഇരുവരുടെയും മുത്തശ്ശി അമാൻഡ ഫൗസ്റ്റ് പറയുന്നു. രോഗനിർണയം നടന്ന സമയത്ത് ഒരു ദാതാവിനെ ലഭിക്കുമോ എന്ന കാര്യത്തിൽ കുടുംബാംഗങ്ങൾ എല്ലാവരും തന്നെ ആശങ്കയിലായിരുന്നു. എന്നാൽ മേബലിന്റെ മൂലകോശം അനുയോജ്യമാകുകയായിരുന്നു. മുതിരുമ്പോൾ റൂബി അതിനുള്ള പ്രത്യുപകാരം ചെയ്യുമെന്ന കാര്യത്തിൽ ഞങ്ങൾക്കുറപ്പുണ്ടെന്നും മുത്തശ്ശി കൂട്ടി ചേർക്കുന്നു.
പേരെന്റ്സ് അസോസിയേഷൻ ഫോർ ചിൽഡ്രൻ വിത് ട്യൂമർസ് ആൻഡ് ലുക്കീമിയ എന്ന സംഘടനയുടെ ധനസമാഹരണാർത്ഥം സംഘടിപ്പിച്ച ചടങ്ങിൽ വെച്ചാണ് ഇംഗ്ലണ്ടിലെ ലിങ്കണിൽ നിന്നുമുള്ള അമാൻഡയും കുടുംബവും തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചത്.ന്നത്.