വർക് ഫ്രം ഹോം തിരക്കിൽ എലിസബത്ത്, തലയിൽ കയറി കുഞ്ഞു ഹോപ്പ്, വൈറലായി ബേസിൽ പങ്കുവെച്ച ചിത്രം
Mail This Article
കുഞ്ഞുമക്കൾ വീട്ടിലുണ്ടെങ്കിൽ വളരെ രസകരമാണ്.അവരുടെ കുസൃതികളും കളിചിരികളും കണ്ട് നേരം പോകുന്നത് അറിയില്ല. മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ വർക് ഫ്രം ഹോം ആണെങ്കിൽ പറയുകയും വേണ്ട. ജോലി ചെയ്യാൻ അച്ഛനേയും അമ്മയേയും ഉത്സാഹം ഈ കുട്ടിക്കുറുമ്പുകൾക്ക് ആയിരിക്കും. അത് ഇപ്പോൾ സാധാരണക്കാരുടെ വീട്ടിൽ ആണെങ്കിലും സിനിമാക്കാരുടെ വീട്ടിലാണെങ്കിലും വലിയ വ്യത്യാസം ഒന്നുമില്ല. അത്തരത്തിൽ ഒരു കുട്ടിക്കുറുമ്പ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
കഥയിലെ താരം സംവിധായകൻ ബേസിൽ ജോസഫിന്റെ മകൾ ഹോപ് ആണ്. വർക് ഫ്രം ഹോം തിരക്കിലാണ് ബേസിലിന്റെ ഭാര്യയായ എലിസബത്ത്. അമ്മയ്ക്ക് തന്നെ താലോലിക്കാൻ സമയമില്ലെങ്കിൽ അമ്മയുടെ തലയിൽ തന്നെ കയറി ഇരുന്നേക്കാമെന്നാണ് കുഞ്ഞ് ഹോപിന്റെ ചിന്ത. പിന്നെ ഒന്നും നോക്കിയില്ല. അമ്മയുടെ തോളത്ത് ഇരുന്ന് കാല് രണ്ടു വശത്തേക്കുമിട്ട് തലമുടിയിൽ മുറുകെ പിടിച്ചങ്ങ് ഇരുന്നു. 'എന്നെ ഒന്നു തൊടാൻ പോലും ആരെക്കൊണ്ടും പറ്റില്ല' എന്നൊരു വീരഭാവവും ആ മുഖത്ത് കാണാം.
കുഞ്ഞുമകൾ തോളത്ത് ലോകം കീഴടക്കിയ ഭാവത്തിൽ ഇരിക്കുന്നുണ്ടെങ്കിലും അതൊന്നും അമ്മയായ എലിസബത്തിലെ ഒട്ടും ബാധിക്കുന്നേയില്ല. തന്റെ ജോലിയിൽ അങ്ങേയറ്റം ശ്രദ്ധാലുവാണ് എലിസബത്ത്. വെള്ള നിറത്തിലുള്ള കുഞ്ഞു ടോപ് ധരിച്ച് തലയിൽ രണ്ട് കൊമ്പും കെട്ടി ഒരു ചെറു ചിരിയോടെയാണ് കുഞ്ഞു ഹോപ്പിന്റെ ഇരിപ്പ്. ഏതായാലും ഹോപിന്റെ ആ നോട്ടവും ഇരിപ്പും അച്ഛനായ ബേസിലിന് നന്നായി അങ്ങ് ബോധിച്ചു. അപ്പോൾ തന്നെ ഒരു ഫോട്ടോ എടുത്ത് തന്റെ പ്രിയതമയുടെ വർക് ഫ്രം ഹോം സാഹസം ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയാക്കി.