വേദനകളില്ലാത്ത ലോകത്തേക്ക് ഇവാന് യാത്രയായി; മമ്മൂട്ടിയെ കണ്ട സന്തോഷത്തോടെ
Mail This Article
കണ്ണുകളെ ഈറനണിയിപ്പിക്കുന്ന കാഴ്ച്ചയായിരുന്നു കുഞ്ഞ് ഇവാന്‍ മമ്മൂട്ടിയെ കണ്ടത്. ആഗ്രഹം പൂര്‍ത്തിയായി മാസങ്ങള്‍ക്കുള്ളില്‍ കാന്‍സര്‍ ബാധിതനായ ഇവാന്‍ ഈ ലോകത്തുനിന്ന് യാത്രയായി. പ്രിയപ്പെട്ട താരങ്ങളുടെ ചിത്രം വരയ്ക്കുന്നതും അവരുടെ ഒപ്പ് വാങ്ങുന്നതും ചിത്രങ്ങള്‍ കൈമാറുന്നതുമൊക്കെ സാധാരണമാണ്. ചില പ്രത്യേക കണ്ടുമുട്ടലുകള്‍ വാര്‍ത്തയാകാറുമുണ്ട്. അത്തരത്തിൽ നിറയെ സന്തോഷം തരുന്ന സന്ദര്‍ഭമായിരുന്നു ഈ കൂടി കാഴ്ച.
കുഞ്ഞിന്‍റെ ആഗ്രഹം നടത്തിക്കൊടുക്കാന്‍ കഴിഞ്ഞതിലുള്ള ആശ്വാസത്തിലാണ് അവന്‍റെ മാതാപിതാക്കള്‍. അല്ലപ്ര കുഴിയലില്‍ വീട്ടില്‍ അഖില്‍ ജോയിയുടെയും നിമ്മുവിന്‍റെയും മകനാണ് ഇവാന്‍ ജോ അഖില്‍. കഴിഞ്ഞ വര്‍ഷമായിരുന്നു ഇവാന് കാന്‍സര്‍ സ്ഥിരീകരിച്ചത്. തലച്ചോറിനെ ബാധിക്കുന്ന അര്‍ബുദമായിരുന്നു കുട്ടിയില്‍ കണ്ടെത്തിയത്.
സിനിമ കണ്ടുതുടങ്ങിയ കാലം തൊട്ട് തുടങ്ങിയ ഇഷ്ടമാണ് ഇവാന് മമ്മൂട്ടിയോട്. ചിത്രങ്ങള്‍ വരയ്ക്കാനും ഇവാന് ഏറെ പ്രിയമായിരുന്നു. കാന്‍സര്‍ ബാധിച്ച് രോഗക്കിടക്കയിലായപ്പോള്‍ ഇവാന്‍റെ ആഗ്രഹവും ശക്തമായി. മമ്മൂട്ടിയെ കാണണം, താന്‍ വരച്ച മമ്മൂട്ടിയുടെ ചിത്രം കൈമാറണം. കുഞ്ഞ് ആരാധകന്‍റെ ആഗ്രഹമറിഞ്ഞ് കഴിഞ്ഞ ഫെബ്രുവരിയില്‍ കൊച്ചിയില്‍ വെച്ച് മമ്മൂട്ടി ഇവാനെ കാണാനെത്തി. ഇവാന്‍ വരച്ച തന്‍റെ ചിത്രത്തില്‍ മമ്മൂട്ടി ഓട്ടോഗ്രാഫും നല്‍കി.