അമ്മയ്ക്ക് വയ്യെന്ന് കണ്ടപ്പോൾ ഈ മൂന്നു വയസുകാരന്റെ സ്നേഹം കണ്ടോ?; ക്യൂട്ട് വിഡിയോ പങ്കുവെച്ച് പാർവതി
Mail This Article
അമ്മയ്ക്ക് വയ്യെന്ന് കണ്ടപ്പോൾ ഉടനെ തന്നെ അതിന് പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്ന മൂന്നു വയസുകാരന്റെ വിഡിയോ സോഷ്യൽ മീഡിയ കീഴടക്കി കഴിഞ്ഞു. അവതാരകയും നടിയുമായ പാർവതി കൃഷ്ണ പങ്കുവെച്ച വിഡിയോയാണ് ആരുടെയും മനസിളക്കുന്നത്. ചുമച്ചു കൊണ്ട് നിലത്തിരിക്കുന്ന അമ്മയുടെ തലയിൽ ചെറുതായി കൊട്ടി കൊടുക്കുന്ന അച്ചുക്കുട്ടനെയാണ് വിഡിയോയുടെ തുടക്കത്തിൽ കാണുന്നത്. ഫാൻ വേണോ എന്ന് അമ്മയോട് ചോദിച്ചതിനു ശേഷം സമീപത്ത് നിൽക്കുന്നവരോട് ഒന്ന് ഫാൻ ഇട്ട് കൊടുക്കാമോ എന്ന് ചോദിക്കുന്നു. അതിനു പിന്നാലെയാണ് അമ്മയുടെ അടുത്ത ആഗ്രഹം. അച്ചുക്കുട്ടന്റെ മടിയിൽ കിടക്കണമെന്നാണ് അമ്മയുടെ ആഗ്രഹം. അത് പറയുന്ന സെക്കൻഡിൽ തന്നെ അമ്മയ്ക്ക് തല വെയ്ക്കാനായി ഓടിച്ചെന്ന് ഒരു കുഷ്യൻ എടുത്തു വരികയാണ് കുഞ്ഞ് അച്ചുക്കുട്ടൻ.
തന്റെ മടിയില്‍ ചെറിയ കുഷ്യൻ വെച്ചിട്ട് അമ്മയുടെ തല അതിലേക്ക് വെക്കുന്നു. തുടർന്ന് 'വാവോ വാവോ' എന്ന് പാട്ടു പാടി അമ്മയുടെ നെറ്റിയിൽ ചെറുതായി തടവി കൊടുക്കുകയാണ്. ഇടയ്ക്ക് നെറ്റിയിൽ ഉമ്മയും കൊടുക്കുന്നുണ്ട്. അമ്മയെ കൊഞ്ചിക്കാനും ഈ മൂന്നു വയസുകാരൻ ശ്രമിക്കുന്നുണ്ട്. 'അമ്മയുടെ ചക്കര ആരാ അത്' എന്ന് അച്ചുക്കുട്ടൻ ചോദിക്കുമ്പോൾ ഞാനാ എന്ന് പാർവതി മറുപടി നൽകുന്നുണ്ട്. അതിന് 'ആണോ' എന്നുള്ള അച്ചുക്കുട്ടന്റെ മറുപടി ചോദ്യത്തിൽ ഏത് കഠിനഹൃദയനും അലിഞ്ഞുപോകും. ഒടുവിൽ 'അച്ചു ആരാ അത്' എന്ന് അച്ചുക്കുട്ടൻ ചോദിക്കുമ്പോൾ പാർവതി മകനെ ചേർത്തുപിടിച്ച് അമ്മയുടെ സ്വത്താണെന്ന് പറയുന്നിടത്താണ് വിഡിയോ അവസാനിക്കുന്നത്.
'അച്ചൂന് ഇഷ്ടപെട്ട ആരാണേലും അവർക്കു എന്തെങ്കിലും വയ്യാതായാൽ എന്റെ കുഞ്ഞിന് നല്ല വിഷമം ആണ്, അപ്പോൾ അവന്റെ അമ്മക്ക് വയ്യെന്ന് തോന്നിയാൽ എന്തായിരിക്കും. പ്രായത്തിനപ്പുറം അവൻ കാണിക്കുന്ന ആ ഒരു സ്നേഹം ഉണ്ട്, അത് ഇടയ്ക്കിടക്ക് കിട്ടാൻ ഇങ്ങനെ എന്റെ ചെറിയ അഭ്യാസങ്ങളും ഉണ്ട്. എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒന്നാണ് അച്ചു എന്നെ കൊഞ്ചികുന്നത്. നമ്മുടെ ഉള്ളിലെ പഴയ കുട്ടിക്കാലത്തെ ഓർമകളെ ഒന്നുകൂടെ ഓർമ്മിപ്പിക്കാൻ ഇതുപോലെ ഉള്ള ചെറിയ കൊഞ്ചിക്കലുകൾ മാത്രം മതി . ഒരു 3 വയസ്സുകാരന്റെ സ്നേഹം ഇതുപോലെ തന്നെ ചുറ്റുമുള്ളവരോട് അങ്ങോട്ടുള്ള അവന്റെ ജീവിതത്തിൽ അവനുണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ. അച്ചൂന്റെ അമ്മ' - വിഡിയോയ്ക്കൊപ്പം പാർവതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
മനോഹരമായ നിരവധി കമന്റുകളാണ് ഈ വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. 'പാവം കൊച്ച്, ഈ പ്രായത്തിലും അതിലും പ്രായം കുറഞ്ഞ അയിന്റെ അമ്മയെ നോക്കണോലോ, പാവം', 'ഇനി എന്തു വേണം ഈ ജന്മത്തിൽ', 'നമ്മൾ കൊടുക്കുന്ന കരുതലും സ്നേഹവും കുഞ്ഞുങ്ങൾ തിരിച്ചു നൽകും, അമ്മയ്ക്ക് ഇതിലും വലിയ തണൽ വേറെ ഇല്ല' - ഇങ്ങനെ പോകുന്നു കമന്റുകൾ.