ADVERTISEMENT

തന്റെ പ്രായത്തിലുള്ള മറ്റു കുട്ടികൾ സ്കൂളിലെ  വിഷയങ്ങൾ പഠിക്കുവാൻ വേണ്ടി ട്യൂഷന് പോകുമ്പോൾ, 12 വയസ്സുകാരി ഫാത്തിമ സോഹൽ  അയൽവാസികളായ കുട്ടികൾക്ക് സൗജന്യ ഇംഗ്ലീഷ് പഠന പദ്ധതി ആരംഭിച്ചു വ്യത്യസ്തയാവുകയാണ്. ഹാഷ് ഫ്യൂച്ചർ സ്കൂൾ എന്ന ഓൺലൈൻ സ്കൂളിൽ ഹയർ ഗ്രേഡ് വിദ്യാർഥിനിയായ സോഹൽ , സ്കൂളിലെ സോഷ്യൽ പ്രോജക്ടിന്റെ ഭാഗമായാണ് ഇങ്ങനെ വ്യത്യസ്തമായ ഒരു ആശയവുമായി മുന്നോട്ടു പോകുന്നത് 

സ്കൂളിൽ നിന്നും സമൂഹത്തിന്റെ ഉന്നതിക്ക് വേണ്ടി എല്ലാ കുട്ടികളും എന്തെങ്കിലും ഒരു പ്രൊജക്റ്റ് ചെയ്യണം എന്ന ആവശ്യം ഉയർന്നപ്പോഴാണ്, തന്റെ ചുറ്റുപാടും ഉള്ള കുട്ടികൾ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷനിൽ പിന്നോക്കം നിൽക്കുന്ന കാര്യം സോഹലിന്റെ ശ്രദ്ധയിൽ പെട്ടത്. എന്നാൽ തനിക്കു അത്യാവശ്യം  പ്രാവീണ്യമുള്ള ഇംഗ്ലീഷ് മറ്റു കുട്ടികൾക്ക് രസകരമായ രീതിയിൽ പറഞ്ഞു കൊടുക്കാമെന്നും അതുവഴി അവരുടെ സംസാരിക്കുവാനുള്ള അപകർഷതാ ബോധം മാറ്റിയെടുക്കാമെന്നും  നല്ലൊരു ഭാവിയിലേക്ക് അവരെ കൈ പിടിച്ചുയർത്താമെന്നും  സോഹൽ കണക്കുകൂട്ടി.

ഈ ഒരു ആശയം പങ്കു വെച്ചപ്പോൾ തന്നെ സോഹലിനു വീട്ടുകാരുടെ പിന്തുണ ലഭിക്കുകയും ചെയ്തു. അയല്പക്കത്തുള്ള കുട്ടികളുടെ താല്പര്യം അറിയുവാൻ വേണ്ടി സമീപിച്ചപ്പോൾ 12 കുട്ടികൾ ഉടൻ തന്നെ ഈ പദ്ധതിയുടെ ഭാഗമാകുവാൻ മുന്നോട്ടു വന്നത് വലിയ പ്രചോദനമായി.

"ഞാൻ എന്റെ അയൽപക്കത്തുള്ളവർക്ക് സൗജന്യമായി ഇംഗ്ലീഷ് പഠിപ്പിക്കാൻ ഒരു കമ്മ്യൂണിറ്റി പ്രോജക്ട് ആരംഭിച്ചു. നിലവിൽ, ഇംഗ്ലീഷിൽ തികച്ചും തുടക്കക്കാരായ 12 വിദ്യാർഥികൾ എനിക്കുണ്ട്. അവർക്കു വേണ്ടി കൃത്യമായ ഷെഡ്യൂളുകളിൽ  ക്ലാസുകൾ ഉണ്ട്, അവരെ പഠിപ്പിക്കുന്നത് ഞാൻ വളരെയധികം ആസ്വദിക്കുന്നു" എന്ന് സോഹൽ പറയുന്നു 

തന്റെ വിദ്യാർഥികളെ കൂടുതൽ സഹായിക്കാൻ, സോഹൽ ഒരു യൂട്യൂബ് ചാനൽ ആരംഭിക്കുകയും ചെയ്തു, ഈ ചാനലിൽ, ഓരോ ദിവസത്തെയും ക്ലാസുകളുടെ വിഡിയോകൾ അപ്‌ലോഡ് ചെയ്യാറുണ്ട്. ഇതുവഴി കുട്ടികൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം വിഡിയോ കണ്ടു  പാഠഭാഗങ്ങൾ  പുനരവലോകനം ചെയ്യാനോ പരിശീലിക്കാനോ കഴിയും. ഇത് കുട്ടികൾക്ക്  വളരെ സഹായകരമാണെന്ന് വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും സാക്ഷ്യപ്പെടുത്തുന്നു.

കൂടാതെ, "കിഡ്‌വേഡ്" എന്ന ഒരു സംഘടനയിൽ സോഹൽ വോളന്റിയർ ആകുവാൻ  ശ്രമിക്കുന്നുമുണ്ട് . ഈ ഒരു സംഘടന  ചെറിയ കുട്ടികൾക്ക് ഇംഗ്ലീഷ് പഠിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു NGO ആണ്. തന്റെ കമ്മ്യൂണിറ്റി പ്രോജക്റ്റിലെ അനുഭവം സമൂഹത്തിലെ കൂടുതൽ കുട്ടികളിലേക്ക് എത്തിക്കുവാൻ ഇതുവഴി കഴിയും എന്നാണ് സോഹൽ പ്രതീക്ഷിക്കുന്നത് . ഇത് കൂടാതെ ഡിസൈനർ കാൻഡിൽ നിർമിച്ചു വില്പന നടത്തി സ്വന്തമായി കുറച്ചു പണം  സമ്പാദിക്കുകയും ചെയ്യുന്നുണ്ട് മുവാറ്റുപുഴ സ്വദേശികളായ അജിത് ലാൽ, ഫെൻസിഖാദർ ദമ്പതികളുടെ മകളായ  ഈ കൊച്ചു മിടുക്കി.

English Summary:

"12-Year-Old Fatima Sohal Launches Free English Learning Program for Neighborhood Kids"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com