‘ഹെലിക്യാമിന് വേണ്ടി വിതുമ്പുന്ന ആ പിഞ്ചുമനസ്സ്, കവിളത്തു പൊന്നീച്ച പറക്കണ അടി തന്നിട്ട് ഇരിക്കുകയാണ്’
Mail This Article
'അത് വേണം' എന്ന് പറഞ്ഞ് നിലവിളിക്കുന്ന അച്ചുക്കുട്ടന്റെ വിഡിയോ കണ്ടാൽ ആർക്കായാലും സങ്കടം വരും. എന്തായാലും ഒരെണ്ണം വാങ്ങി കൊടുക്ക് എന്ന് പറയാനും തോന്നും. എന്നാൽ, കൊച്ച് വാശി പിടിക്കുന്ന സാധനം കാണുമ്പോൾ ആണ് പ്രേക്ഷകരുടെയും കിളി പോകുന്നത്. പരിപാടി പകർത്തുന്ന ഹെലി ക്യാം ആണ് കുഞ്ഞ് അച്ചുവിന് വേണ്ടത്. കൊച്ച് കരയുന്നതല്ലേ ഒരെണ്ണം അങ്ങ് വാങ്ങിച്ചു കൊടുക്ക് എന്ന് പറയുകയാണ് പ്രേക്ഷകർ.
ഒരു വിവാഹച്ചടങ്ങ് നടക്കുന്ന വേദിയാണെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തം. അമ്മ പാർവതി കൃഷ്ണയ്ക്ക് ഒപ്പം ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതാണ് അച്ചുക്കുട്ടനും. എന്നാൽ ചടങ്ങ് പുരോഗമിക്കുന്നതിനിടിയിലാണ് പരിപാടി പറന്നു നടന്ന് പകർത്തുന്ന ഹെലിക്യാം അച്ചുക്കുട്ടൻ കണ്ടത്. പിന്നെ ഒന്നും ആലോചിച്ചില്ല. അതുപോലൊരെണ്ണം തനിക്കും വേണമെന്ന് പറഞ്ഞ് ‘അത്’ വേണമെന്ന് പറഞ്ഞായിരുന്നു ഈ കുറുമ്പന്റെ കരച്ചിൽ.
കല്യാണം പകർത്താൻ വന്ന ഫോട്ടോഗ്രാഫർമാരും വിഡിയോഗ്രാഫർമാരും അച്ചുക്കുട്ടന്റെ കരച്ചിൽ കാണാതിരുന്നത് നന്നായി. ഇല്ലെങ്കിൽ അച്ചുക്കുട്ടന്റെ കരച്ചിൽ കണ്ട് പേടിച്ച് ഹെലിക്യാം അപ്പോൾ തന്നെ ബാഗിൽ എടുത്ത് വേച്ചേനെ. മനോഹരമായ ഒരു അടിക്കുറിപ്പുമായാണ് അവതാരകയും നടിയുമായ പാർവതി കൃഷ്ണ മകന്റെ ഈ കുറുമ്പിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. 'ഒരു ഹെലിക്യാമ്, അത്രേ അല്ലെ അമ്മെ ഞാൻ ചോദിച്ചുള്ളൂ ..അതിനാണ് ‘അമ്മ ഇങ്ങനൊക്കെ പറയണേ ഒരു ഹെലിക്യാമിന് വേണ്ടി വിതുമ്പുന്ന ആ പിഞ്ചുമനസ്സ് എന്നൊന്നും പറയണ്ട, കവിളത്തു നല്ല പൊന്നീച്ച പറക്കണ അടി തന്നിട്ട് ഇരിക്കുകയാണ് '.
രസകരമായ കമന്റുകളാണ് വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. സൗഭാഗ്യ വെങ്കടേഷ് ഒരു ഇമോജിയാണ് കമന്റായി നൽകിയിരിക്കുന്നത്. കിട്ടിയ അവസരത്തിൽ പാർവതിയെ ട്രോളാനും ചിലർ മറന്നില്ല. 'അമ്മ എയറിൽ കയറുമ്പോൾ എടുത്തു തരാമെന്ന് കുഞ്ഞിനോട് പറയൂ' എന്നായിരുന്നു ഒരു കമന്റ്. ഹെലികോപ്ടറൊന്നുമല്ലല്ലോ, ഒരു ഹെലിക്യാമല്ലേ ചോദിച്ചുള്ളൂവെന്നും അതങ്ങ് വാങ്ങിക്കൊടുക്കെന്നുമാണ് മറ്റ് ചില കമന്റുകൾ. അതേസമയം, കുഞ്ഞുങ്ങൾ ഉള്ള നിരവധി അമ്മമാർ സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് കമന്റ് ബോക്സിൽ സമ്മതിക്കുന്നു.