ആനകളെ തിരിച്ചറിഞ്ഞ് ഞെട്ടിച്ച് എൽകെജി വിദ്യാർഥി; ‘കെട്ടിപ്പിടിച്ചൊരു ഉമ്മ’ എന്ന് ജയറാം
Mail This Article
കൊമ്പും തുമ്പിക്കയ്യും ചെവിയും കണ്ടാൽ ആനയുടെ പേരു പറയും വളയംകുളം എംവിഎം റസിഡൻഷ്യൽ സ്കൂൾ എൽകെജി വിദ്യാർഥി ധ്രുവ ദക്ഷ്. കഴിഞ്ഞ ദിവസം കുട്ടികളുടെ വിശേഷങ്ങൾ ചോദിക്കുന്നതിന് ഇടയിലാണ് കൊടൈക്കനാലിൽ പോയ വിവരം ഒരു കുട്ടി പങ്കുവച്ചത്. കൊടൈക്കനാൽ എന്നു കേട്ടപ്പോൾ അവിടെനിന്നാണ് അരിക്കൊമ്പനെ പിടിച്ചതെന്നു ധ്രുവ ദക്ഷ് പറഞ്ഞതോടെയാണ് കുട്ടിയുടെ ആനക്കമ്പം അധ്യാപിക സുബിത സലീം തിരിച്ചറിഞ്ഞത്.
അരിക്കൊമ്പനെക്കുറിച്ചു കൂടുതൽ ചോദിച്ചപ്പോഴാണ് ഏത് ആനയെ കണ്ടാലും തിരിച്ചറിയുമെന്നു പറഞ്ഞത്. ഗൂഗിളിൽ ഗുരുവായൂർ കേശവന്റെ പടം കാണിച്ചപ്പോൾ പേരും കേശവൻ ചരിഞ്ഞെന്നും പ്രതിമ ഉണ്ടെന്നും അതിൽ കേശവന്റെ കൊമ്പ് തന്നെയാണ് ഉള്ളതെന്നും പറഞ്ഞു. 25 ആനകളെ തിരിച്ചറിഞ്ഞു പേരുകൾ കൃത്യമായി പറഞ്ഞു.
അധ്യാപിക ഇത് വിഡിയോ പകർത്തി സ്കൂൾ അധ്യാപകരുടെ സമൂഹമാധ്യമ ഗ്രൂപ്പിൽ ഇട്ടതോടെ സ്കൂളിലും നാട്ടിലും വ്യാപകമായി പ്രചരിച്ചു. നടൻ ജയറാം കെട്ടിപ്പിടിച്ചൊരു ഉമ്മ എന്ന തലക്കെട്ടോടെ ഫെയ്സ്ബുക്കിൽ പങ്കുവച്ചു. ഭക്ഷണം കഴിക്കുമ്പോഴും മറ്റും അമ്മ ഹരിത ഫോണിൽ ആനയുടെ പടം കാണിച്ചുകൊടുത്തിരുന്നു. അതുവഴിയാണ് ആനയെക്കുറിച്ചു കൂടുതൽ അറിഞ്ഞതെന്നും വലുതായാൽ ആനയെ വാങ്ങുമെന്നും ധ്രുവ ദക്ഷ് പറയുന്നു.