‘ആളുകൾ കരയുന്നു, ദൈവം എന്താ ആരെയും രക്ഷിക്കാത്തേ?’, കണ്ണ് നനയിച്ച് 2–ാം ക്ലാസുകാരിയുടെ ഡയറിക്കുറിപ്പ്
Mail This Article
കേരളത്തിന്റെ നെഞ്ചിലെ നോവായി മാറുകയാണ് വയനാട്ടിലെ മുണ്ടക്കൈയും ചൂരൽമലയും. ആ വേദനയുടെ ആഴമറിഞ്ഞുള്ള ഒരു കുരുന്നിന്റെ ഡയറിത്താളിലെ വരികൾ ഏതൊരാളുടെയും കണ്ണ് നിറയ്ക്കും. ദൈവം എന്താണ് ആരെയും രക്ഷിക്കാത്തത് എന്നാണ് ചോദ്യം. രണ്ടാം ക്ലാസിൽ പഠിക്കുന്ന കുഞ്ഞുമോളുടെ ചോദ്യത്തിന് ഉത്തരം പറയാൻ ആർക്കാണ് കഴിയുക? കണ്ണൂർ മുയ്യം എ യു പി സ്കൂളിലെ അദിതി എന്ന ബാലികയുടേതാണ് ദുരന്തത്തിന്റെ വ്യാപ്തി അറിഞ്ഞുള്ള ഡയറിക്കുറിപ്പും അതിനു താഴെ വരച്ചിരിക്കുന്ന ചിത്രവും. സ്കൂൾ അധികൃതരാണ് തങ്ങളുടെ സമൂഹ മാധ്യമ പേജിലൂടെ ഡയറിക്കുറിപ്പ് പങ്കുവെച്ചത്.
‘ഇന്ന് സ്കൂൾ ലീവ് ആയിരുന്നു. ഉച്ചയ്ക്ക് അമ്മ ടിവി വെച്ചപ്പോഴാണ് ഞാൻ വാർത്ത കണ്ടത്. വയനാട്ടിലെ മേപ്പാടി എന്ന സ്ഥലത്ത് ഉരുൾപ്പൊട്ടൽ ഉണ്ടായി. ആ നാട് മുഴുവൻ വെള്ളത്തിനടിയിലായി. ഒരുപാട് ആളുകൾ മരിച്ചു. കുറേ പേരെ കാണാതായി. കുറേ വീടുകൾ പൊട്ടിപ്പോയി. ടി വിയിൽ ആളുകൾ കരയുന്നു. ദൈവം എന്താ ആരെയും രക്ഷിക്കാത്തത്?’ ദുരന്തം നടന്ന ജൂലൈ 30 നാണ് അദിതി തന്റെ ഡയറി താളിൽ ഇങ്ങനെ എഴുതിയത്. ഹൃദയം വിങ്ങുന്ന ഈ എഴുത്തിനു താഴെ ദുരന്തത്തിന്റെ നേർകാഴ്ച എന്നോണം ഒരു ചിത്രവും ആ രണ്ടാം ക്ലാസ്സുകാരി വരച്ചിട്ടുണ്ട്. ഉരുൾപൊട്ടി കല്ലും മരങ്ങളും താഴേക്ക് പതിക്കുന്നതും വീടുകൾ തകരുന്നതും മണ്ണിനടിയിൽ ആളുകൾ കിടക്കുന്നതുമൊക്കെ അദിതിയുടെ വരയിലുണ്ട്. രണ്ടാം ക്ലാസ്സിലെ അദിതിയുടെ ഡയറിയിൽ നിന്നും കരുതലിന്റെ തലമുറ ഇനിയും കേരളത്തിൽ ഉണ്ട്. എന്നും എക്കാലവും. ഇഷ്ടം, സ്നേഹം എന്ന വരികൾ നൽകിയാണ് ആ ഡയറിക്കുറിപ്പ് സ്കൂൾ പങ്കുവെച്ചിരിക്കുന്നത്.