ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം നൽകി മുഖ്യമന്ത്രിയുടെ കൊച്ചുമകൻ, സ്വർണക്കമ്മൽ വിറ്റ് ശ്രേയ; സമ്പാദ്യക്കുടുക്കയുമായി കുട്ടികൾ
Mail This Article
വയനാട് ജില്ലയിലെ ചൂരൽമല - മുണ്ടക്കൈ മേഖലകളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ നൂറുകണക്കിന് പേർക്കാണ് ജീവൻ നഷ്ടമായത്. ഉറ്റവരെയും ഉടയവരെയും നഷ്ടമായ വീടും സ്ഥലവും ഉരുൾ കൊണ്ടുപോയ നിരവധി ആളുകളാണ് അതിജീവനത്തിനായി കഷ്ടപ്പെടുന്നത്. അതിജീവിതരെ സഹായിക്കാൻ നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളുടെ സമ്പാദ്യം നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ കൊച്ചുമകൻ ഇഷാൻ വിജയ് തന്റെ സമ്പാദ്യത്തിൽ നിന്ന് 12, 530 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തിയാണ് ഇഷാൻ തുക കൈമാറിയത്.
നിരവധി കുട്ടികളാണ് ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളുടെ കൊച്ചു കൊച്ചു സമ്പാദ്യങ്ങൾ നൽകിയത്. വിഴിഞ്ഞം ഹാർബർ ഏര്യ എൽ പി സ്കൂളിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ തങ്ങളുടെ സമ്പാദ്യക്കുടുക്കയുമായാണ് മുഖ്യമന്ത്രിയെ കാണാനായി എത്തിയത്. വിദ്യാർത്ഥികൾക്കൊപ്പം അധ്യാപകരും ചേർന്ന് 75,000 രൂപയാണ് സമാഹരിച്ച് നൽകിയത്. പിറന്നാൾ സമ്മാനത്തിനായി കൂട്ടിവെച്ച സമ്പാദ്യം വയനാടിന് വേണ്ടി നൽകാൻ യു കെ ജി വിദ്യാർത്ഥിനിയായ വേദ എ കിരണിന് അധികമൊന്നും ആലോചിക്കേണ്ടി വന്നില്ല. തിരുവനന്തപുരം വെള്ളനാട് ഗവൺമെന്റ് എൽ പി സ്കൂളിലെ വിദ്യാർത്ഥിനിയായ വേദ കിരൺ ആണ് മുതിർന്നവർക്ക് പോലും മാതൃകയായത്.
തൃശൂർ കുന്നംകുളം ചിറക്കൽ സ്വദേശിനിയായ മുഹമ്മദ് ഹിഷാം എന്ന ഒമ്പതുവയസുകാരൻ സൈക്കിൾ വാങ്ങാൻ സ്വരുക്കൂട്ടിവെച്ച സമ്പാദ്യമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. പത്തനംതിട്ട ജില്ല കളക്ടറേറ്റിൽ എത്തി തങ്ങളാൽ കഴിയുന്നത് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരിക്കുകയാണ് അഞ്ചാം ക്ലാസുകാരി ശ്രേയ ശ്രീരാജ്. മരണപ്പെട്ട മുൻ സൈനികന്റെ മകളാണ് ശ്രേയ ശ്രീരാജ്. തന്റെ രണ്ട് ഗ്രാം സ്വർണക്കമ്മൽ വിറ്റു കിട്ടിയ പന്ത്രണ്ടായിരം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് ശ്രേയ നൽകിയത്. അനേക അജിത്ത് എന്ന എൽ കെ ജി വിദ്യാർത്ഥിനി തന്റെ സമ്പാദ്യക്കുടുക്ക പൊട്ടിച്ച് ലഭിച്ച തുകയും ഒപ്പം ഒരു പാവയുമാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. കുട്ടികൾ അത്ഭുതമാകുന്ന അസുലഭനിമിഷങ്ങൾക്കാണ് ഓരോ നിമിഷവും കേരളം സാക്ഷ്യം വഹിക്കുന്നത്.