പിറന്നാൾ ദിനത്തിൽ ആവിർഭവിന്റെ പാട്ട് ആസ്വദിച്ച് മോഹൻലാലിന്റെ അമ്മ: വൈറലായി വിഡിയോ
Mail This Article
മലയാളികളുടെ പ്രിയനടൻ മോഹൻലാലിന് അമ്മയോടുള്ള ഇഷ്ടം അത്രയേറെയാണ്. ഇത്തവണത്തെ അമ്മയുടെ പിറന്നാൾ മോഹൻലാൽ പതിവുപോലെ മനോഹരമാക്കി. സോണി ടിവിയിലെ ഹിന്ദി സംഗീത റിയാലിറ്റി ഷോ ആയ സൂപ്പർസ്റ്റാർ സിങ്ങർ 3ൽ വിജയിയായ ആവിർഭവിന്റെ പാട്ട് ആസ്വദിച്ച് ആയിരുന്നു ശാന്തകുമാരി അമ്മയുടെ ഇത്തവണത്തെ പിറന്നാൾ ആഘോഷം. മോഹൻലാലിന്റെ സാന്നിധ്യത്തിൽ ആയിരുന്നു ശാന്തകുമാരി അമ്മ ആവിർഭവിന്റെ പാട്ട് ആസ്വദിച്ചത്.
ലോകത്തിന്റെ ഏതു കോണിലാണെങ്കിലും അമ്മയുടെ പിറന്നാൾ ദിനത്തിൽ മോഹൻലാൽ അമ്മയുടെ അരികിൽ ഉണ്ടാകും. ഒരു ഓണം പോലും വിടാതെ അമ്മയ്ക്ക് ഒപ്പം ആഘോഷിക്കാൻ എല്ലാ പ്രാവശ്യവും മോഹൻലാൽ ശ്രമിക്കാറുണ്ട്. ഇത്തവണ അമ്മയുടെ പിറന്നാൾ ആഘോഷം ഗംഭീരമാക്കിയിരുന്നു മോഹൻലാൽ. കഴിഞ്ഞ കുറച്ചു കാലമായി ആരോഗ്യപരമായ ചില കാരണങ്ങളാൽ ചികിത്സയിലാണ് ശാന്തകുമാരി. എന്നിരുന്നാലും ആവിർഭവ് എന്ന മിടുക്കനായ കൊച്ചു ഗായകനാണ് മോഹൻലാലിന്റെ അമ്മയുടെ പിറന്നാൾ ഗംഭീരമാക്കാൻ എത്തിയത്.
ഇടുക്കി രാമക്കൽമേട് സ്വദേശിയായ ആവിർഭവ് എന്ന ഏഴു വയസുകാരൻ ഏഴുമുതൽ 15 വയസ് വരെ പ്രായമുള്ള 15 ഗായകരോടൊപ്പം ആയിരുന്നു സൂപ്പർ സ്റ്റാർ സിങ്ങൾ 3ൽ മത്സരിച്ചത്. മറ്റൊരു മത്സരാർത്ഥിയായ അഥർവ ബക്ഷിക്ക് ഒപ്പമാണ് ആവിർഭവ് വിജയം പങ്കിട്ടത്. റിയാലിറ്റി ഷോയിലെ വിധികർത്താക്കൾ ഗായകരിലെ ഷാരുഖ് ഖാൻ എന്നായിരുന്നു ആവിർഭവിനെ വിശേഷിപ്പിച്ചത്.
ഇടുക്കി സ്വദേശികളായ സജിമോനും സന്ധ്യയുമാണ് ആവിർഭവിന്റെ മാതാപിതാക്കൾ. റിയാലിറ്റി ഷോ വിജയിയായ ആവിർഭവിനെ അഭിനന്ദിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. ഗായികയായ അനിർവിഹ്യയാണ് ആവിർഭവിന്റെ സഹോദരി. ‘ചിട്ടി ആയിഹേ’ എന്ന ഗാനം പാടിയാണ് സംഗീതപ്രേമികളുടെ ഹൃദയം ആവിർഭവ് കീഴടക്കിയത്. സംഗീതത്തിലെ മികവിലൂടെ ഇന്ത്യയിലുടനീളം ലക്ഷക്കണക്കിന് ആരാധകരെയാണ് ആവിർഭവ് സ്വന്തമാക്കിയത്.