പഠനത്തെ ഗൗരവമായി സമീപിക്കുന്നില്ലെന്ന് അധ്യാപകന്റെ പരാതി, കുട്ടിയുടെ 'ആഗോള' മറുപടി വൈറൽ
Mail This Article
കുട്ടികൾ പഠനത്തിൽ ശ്രദ്ധ കാണിച്ചില്ലെങ്കിൽ സമ്മർദ്ദവും പേടിയും മുഴുവൻ മാതാപിതാക്കൾക്കാണ്. അതുകൊണ്ട് തന്നെ മാതാപിതാക്കൾ കുട്ടികളോട് നിരന്തരം 'പഠിക്കൂ, പഠിക്കൂ' എന്ന് പറയുന്നതിൽ യാതൊരുവിധ പുതുമയുമില്ല. കുട്ടികൾ എങ്ങനെയെങ്കിലും ഒന്ന് പഠിച്ച് കാണണമെന്ന ആഗ്രഹം മാത്രമേ മാതാപിതാക്കൾക്കുള്ളൂ. പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾ മനസിലാക്കണമെങ്കിൽ അവർ അതിനുള്ള തിരിച്ചറിവിലേക്കും പക്വതയിലേക്കും എത്തണം. പഠനം അത്ര സീരിയസ് ആയി കാണുന്നില്ലെന്ന് പരാതി പറയുന്ന അധ്യാപകനോട് കുട്ടി പറയുന്ന മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
എക്സിൽ ആണ് 46 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ വിഡിയോ പങ്കുവെയ്ക്കപ്പെട്ടത്. ക്ലാസ് മുറിയിൽ ഇരിക്കുന്ന ഒരു കൊച്ചുമിടുക്കി ടീച്ചറിന്റെ ചോദ്യത്തിന് നൽകുന്ന മറുപടിയാണ് വിഡിയോയിൽ ഉള്ളത്. 'നിന്റെ പഠനകാര്യങ്ങളെ നീ ഗൗരവമായി കാണുന്നില്ല', എന്ന് ടീച്ചർ കുട്ടിയോട് പറയുന്നിടത്താണ് വിഡിയോ ആരംഭിക്കുന്നത്.
ടീച്ചർ ഇങ്ങനെ പറഞ്ഞതിന് ഒരു ആഗോള ഉത്തരമാണ് കുട്ടി നൽകുന്നത്. പ്രപഞ്ചത്തെയും അതിലുള്ള മറ്റുള്ളവരെയും ഉൾക്കൊള്ളിച്ചാണ് ആ മറുപടി. 'ഈ ലോകം ഏകദേശം 450 കോടി വർഷങ്ങളായി നിലനിൽക്കുന്നു. മനുഷ്യൻ 350 കോടി വർഷമായി ഭൂമിയിലുണ്ട്. നമ്മൾ ഈ പ്രപഞ്ചത്തെക്കുറിച്ച് വളരെ സന്തോഷവാൻമാരാണ്. ഇതുപോലെ നമുക്കറിയാത്ത മറ്റൊരു പ്രപഞ്ചം കൂടിയുണ്ട്. എത്ര ഗാലക്സികൾ ഉണ്ടെന്ന് നമുക്ക് അറിയില്ല.'
അവിടം കൊണ്ടും നിർത്തിയില്ല. നക്ഷത്രങ്ങളെയും സൂര്യനെയും ഭൂമിയെയും ഭൂമിയിൽ ഉൾപ്പെടുന്ന 200ലധികം രാജ്യങ്ങളെയും പരാമർശിക്കുന്നു. ഇന്ത്യയിലേക്ക് വരുമ്പോൾ ഒരു ട്രില്യൺ സ്പീഷീസുകളിൽ ഒന്നാണ് മനുഷ്യനെന്നും 160 കോടി ജനങ്ങളിൽ ഒരു വ്യക്തി മാത്രമാണ് താനെന്നും അവൾ വ്യക്തമാക്കുന്നു. എത്ര ഗൗരവമായിട്ടാണ് തന്നെക്കുറിച്ച് തന്നെ എടുക്കേണ്ടതെന്നും തന്റെ നിലനിൽപ്പിന് എന്ത് സംഭവിക്കുമെന്ന ഒരു ചോദ്യത്തോടെയാണ് തന്റെ ഉത്തരങ്ങൾ കുട്ടി അവസാനിപ്പിക്കുന്നത്. ഏതായാലും കുട്ടിയുടെ മറുപടി കേട്ട പലരും ഇപ്പഴും ഞെട്ടലിൽ നിന്ന് മുക്തരായിട്ടില്ല. കുട്ടി പറഞ്ഞത് വളരെ ശരിയാണെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ കണ്ടെത്തൽ.