അടച്ചുറപ്പുള്ള വീടില്ല, ശുചിമുറി ഇല്ല; എന്നിട്ടും ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ മാളവികയ്ക്ക് സ്വർണം
Mail This Article
ലോകത്ത് തന്നെ ആദ്യമായി നിയമങ്ങൾ കൊണ്ട് ചിട്ടപ്പെടുത്തിയ ആയോധനകല അഭ്യസിക്കുവാൻ അവൾ തൊട്ടടുത്തുള്ള കളരിയിലേക്ക് അതിരാവിലെ എത്തുന്നു. ആയോധനകലകളുടെ മാതാവ് എന്നറിയപ്പെടുന്ന കളരിപ്പയറ്റിലെ അഭ്യാസങ്ങളും അടവുകളും പയറ്റുകളും പഠിച്ചു കൊണ്ടിരിക്കുന്ന ആ മിടുക്കി ഇന്ന് ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിലെ സ്വർണമെഡൽ ജേതാവാണ്. ഇല്ലായ്മകളെ നേട്ടമാക്കി മാറ്റിയ മിടുക്കിയാണ് ശ്രീ മാളവിക എന്ന ആറാം ക്ലാസുകാരി. കോഴിക്കോട് ജില്ലയിലെ പുതുപ്പാടി പഞ്ചായത്ത്, കാക്കവൽ എന്ന സ്ഥലത്ത് നിന്ന് പതിനാറാമത് ദേശീയ കളിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ സ്വർണം സ്വന്തമാക്കിയിരിക്കുകയാണ് ഈ മിടുക്കിക്കുട്ടി. സ്വന്തമായി അടച്ചുറപ്പുള്ള വീടില്ലാത്തതോ, ശുചിമുറി ഇല്ലാത്തതോ ഈ കുഞ്ഞിന് വിജയത്തെ എത്തിപ്പിടിക്കാൻ തടസ്സമായില്ല.
വയനാടൻ ചുരത്തിന്റെ താഴ്വാരത്തിൽ പുതുപ്പാടി പഞ്ചായത്തിലെ കാക്കവയൽ ദേവീകൃപ കളരിയിൽ സുഭാഷ് ഗുരുക്കളുടെ കീഴിലാണ് മാളവിക കളരി അഭ്യസിക്കുന്നത്. എന്നാൽ, കളരിയിൽ ഒപ്പം അഭ്യസിക്കുന്ന കൂട്ടുകാർക്ക് പോലും മാളവികയുടെ വീടിന്റെ യഥാർത്ഥ ചിത്രം അറിവുണ്ടായിരുന്നില്ല. തിരുവനന്തപുരത്ത് നടന്ന ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ വിഭാഗം ചവിട്ടിപ്പൊങ്ങൽ (ഹൈ കിക്ക് ) എന്ന ഇനത്തിലാണ് മാളവിക സ്വർണ്ണ മെഡൽ കരസ്ഥമാക്കിയത്. മത്സരം പൂർത്തിയാക്കി, വിജയിയായി കോഴിക്കോട് എത്തിയ മാളവികയെ സ്വീകരിക്കാൻ കൂട്ടുകാർ റെയിൽവേ സ്റ്റേഷനിൽ എത്തി. കോഴിക്കോട് നിന്ന് 45 കിലോമീറ്ററോളം ദൂരമുള്ള മാളവികയുടെ വീട്ടിലേക്ക് കൂട്ടുകാർ അവളെ എത്തിച്ചു വിജയത്തിൻറെ മധുരത്തിനൊപ്പം കയ്പുനിറഞ്ഞ ഒരു യാഥാർത്ഥ്യം കൂടി അവരന്ന് തിരിച്ചറിഞ്ഞു. തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരിക്ക് അടച്ചുറപ്പുള്ള ഒരു വീടില്ല. ടാർപോളിൻ ഷീറ്റ് കൊണ്ട് മറച്ച ഷെഡിലാണ് മാളവികയും അച്ഛനും അമ്മയും രണ്ടു സഹോദരിമാരും മുത്തശ്ശിയും താമസിക്കുന്നത്.
രണ്ടു വർഷത്തോളമായി കാക്കവയൽ ദേവികൃപ കളരിയിൽ ശ്രീ മാളവിക കളരി അഭ്യസിക്കുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടുന്നതിനാൽ ഫീസ് നൽകാൻ കഴിയാറില്ല. കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് മനസിലാക്കിയതിനെ തുടർന്ന് ഫീസ് വാങ്ങാതെയാണ് കളരി ഗുരുക്കൾ ആയ സുഭാഷ് ശ്രീമാളവികയെയും അനിയത്തിയെയും കളരി അഭ്യസിപ്പിക്കുന്നത്. രാവിലെയും വൈകുന്നേരവും നിത്യവും കളരിയിൽ എത്തുന്ന മാളവികയുടെ കഴിവ് മനസിലാക്കി ഗുരുക്കൾ ആയ സുഭാഷ് ചിട്ടയായ പരിശീലനം നൽകി. ഈ പ്രോത്സാഹനമാണ് ദേശീയതലത്തിൽ വിജയിയാകാൻ മാളവികയ്ക്ക് പ്രേരണയായതും. ഇതിനകം നിരവധി മത്സരങ്ങളിൽ വിജയിയായിട്ടുണ്ടെങ്കിലും ആ പുരസ്കാരങ്ങളും ട്രോഫികളും സുരക്ഷിതമായി വെയ്ക്കാൻ പോലും മാളവികയുടെ വീട്ടിൽ ഇടമില്ല.
കോരിച്ചൊരിയുന്ന മഴയത്ത് ആണ് ടാർപോളിൻ ഷീറ്റ് കൊണ്ട് കെട്ടിമറിച്ച ഒരു വീട്ടിലേക്ക് സുഭാഷ് ഗുരുക്കൾക്കൊപ്പം കയറി ചെല്ലുന്നത്. എന്നാൽ, ഇല്ലായ്മകളെ ഓർത്ത് സങ്കടം പറഞ്ഞു കൊണ്ടിരിക്കാൻ മാളവിക എന്ന മിടുക്കി കുട്ടി തയ്യാറല്ലെന്ന് അവളുടെ നിറഞ്ഞ ചിരിയിൽ വ്യക്തം. ദേശീയ ചാമ്പ്യൻഷിപ്പിൽ വിജയിയായതിൽ വളരെ സന്തോഷമുണ്ടെന്നും മാളവിക പറഞ്ഞു. എന്നാൽ, ദേശീയനേട്ടത്തിന്റെ വിജയം കുടുംബത്തിൽ സന്തോഷത്തിന്റെ വെളിച്ചം പരത്തുമ്പോഴും സാമ്പത്തികപ്രയാസങ്ങൾ വലിയ ബുദ്ധിമുട്ടാണ്.
മകളുടെ വിജയത്തിൽ വലിയ സന്തോഷമുണ്ടെന്ന് മാതാപിതാക്കളായ മുരളീധരനും ശ്രീനയും പറഞ്ഞു. പക്ഷേ, സ്വന്തമായി നല്ലൊരു വീടില്ലാത്തതും കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഇവരുടെ സന്തോഷത്തിന്റെ തിളക്കം കെടുത്തുന്നു. മാളവികയുടെ അച്ഛനായ മുരളീധരന് ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ എല്ലാ ദിവസവും പണിക്ക് പോകാൻ സാധിക്കാറില്ല. 300 രൂപ ദിവസക്കൂലിക്ക് കടയിൽ ജോലിക്ക് പോകുന്ന അമ്മ ശ്രീനയുടെ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞു പോകുന്നത്. കുട്ടികളുടെ പഠനവും പ്രായമായ മുത്തശ്ശിയുടെ ചികിത്സയും വീട്ടിലെ ചെലവുമെല്ലാം ഈ പണം കൊണ്ട് കഴിഞ്ഞു പോകണം. ഈ സാഹചര്യത്തിൽ പുതിയ ഒരു വീടിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയുന്നില്ലെന്ന് അമ്മയായ ശ്രീന പറഞ്ഞു. 2009 മുതൽ പഞ്ചായത്തിൽ വീടിനായി അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ തീരുമാനമൊന്നും ആയിട്ടില്ല. വീട് മാത്രമല്ല ഇവർ നേരിടുന്ന പ്രശ്നം. സ്വന്തമായി ഒരു ശുചിമുറിയും മൂന്നു പെൺകുട്ടികളുള്ള ഈ വീട്ടിൽ ഇല്ല. തൊട്ടപ്പുറത്തെ പറമ്പിൽ പഴക്കം ചെന്ന ഒരു ശുചിമുറിയുണ്ട്. ഏത് നിമിഷവും ഇടിഞ്ഞുവീഴാവുന്ന ഈ ശുചിമുറിയാണ് ഏക ആശ്രയം. കോരിച്ചൊരിയുന്ന മഴയിലും രാത്രിയിലും എല്ലാം വീട്ടിൽ നിന്ന് പുറത്തിറങ്ങി ഇരുട്ടിലൂടെ നടന്നു വേണം ഇവിടേക്ക് എത്താൻ. നടക്കാൻ ബുദ്ദിമുട്ടുള്ള പ്രായമായ മുത്തശ്ശിയെയും കൊണ്ട് ശുചിമുറിയിലേക്ക് പോകുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.
ബുദ്ധിമുട്ടുകൾക്കും പരാധീനതകൾക്കിടയിലും മകൾ കൊണ്ടുവന്ന സ്വർണമെഡലിന്റെ വെളിച്ചം ഈ വീടിന് മൊത്തത്തിൽ ഒരു പ്രതീക്ഷയാകുകയാണ്. കളരി ഗുരുക്കൾ ആയ സുഭാഷും പഠനം നടത്തുന്ന സ്കൂളിലെ അധ്യാപകരും വലിയ പ്രോത്സാഹനമാണ് മാളവികയ്ക്ക് നൽകുന്നത്. ഈങ്ങാപ്പുഴ എം ജി എം ഹയർ സെക്കണ്ടറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് ശ്രീമാളവിക. പ്ലസ് വൺ വിദ്യാർത്ഥിനിയായ ശ്രീമുരളിക, അനിയത്തിയായ ശ്രീമയൂഖ എന്നിവരാണ് സഹോദരിമാർ. അച്ഛൻ മുരളീധരൻ കൂലിപ്പണി ചെയ്യുന്ന വ്യക്തിയാണ്. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ എല്ലാ ദിവസവും പണിക്ക് പോകാൻ സാധിക്കാറില്ല. അമ്മ ശ്രീന ദിവസവേതനത്തിന് കടയിൽ ജോലിക്ക് പോകുകയാണ്. മുത്തശ്ശിയായ കല്യാണിയമ്മ കൂടി ഉൾപ്പെടുന്നതാണ് ശ്രീ മാളവികയുടെ കുടുംബം