ADVERTISEMENT

തട്ടിക്കൊണ്ടുപോയ ആളെ വിട്ടുപിരിയാനാവാതെ കരയുന്ന രണ്ടുവയസുകാരന്‍റെ വിഡിയോ വൈറലാകുകയാണ്. അമ്മയുടെ കൈകളില്‍ ഏല്‍പ്പിച്ചിട്ടും തട്ടിക്കൊണ്ടു പോയ ആളിനൊപ്പം പോകാനായി പൊട്ടിക്കരയുകയാണ് രണ്ടുവയസുകാരന്‍. തന്നെ തട്ടിക്കൊണ്ടുപോയ തനൂജ് ചഹറിനൊപ്പമാണ് പൃഥ്വി എന്ന കുട്ടി കഴിഞ്ഞ 14 മാസമായി താമസിച്ചിരുന്നത്. കുട്ടിയുടെ ബന്ധു കൂടിയാണ് തനൂജ് എന്ന യുവാവ്. 

കുട്ടിയുടെ അമ്മയായ പൂനം ചൗധരിക്കും പൃഥ്വിക്കുമൊപ്പം ജീവിക്കാന്‍ അതിയായ ആഗ്രഹമായിരുന്നു തനൂജിന്. എന്നാല്‍ പൂനം ഇതിന് വഴങ്ങിയില്ല. യുവതിയെ ഇയാള്‍ നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നു. ഒടുവില്‍ 2023 ജൂൺ 14 ന് സംഗനേർ പ്രദേശത്ത് നിന്നും തനൂജും കൂട്ടാളികളും ചേർന്ന് 11 മാസം പ്രായമായ പൂനത്തിന്‍റെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. സസ്‌പെൻഡ് ചെയ്യപ്പെട്ട ഹെഡ് കോൺസ്റ്റബിൾ ആണ് ഇയാള്‍. 

തനൂജ് പൃഥ്വിയെ ഉപദ്രവിച്ചിരുന്നില്ല. സ്വന്തം മകനെപ്പോലെ പെരുമാറി, വേണ്ടതെല്ലാം വാങ്ങിക്കൊടുത്തു. ഈ കാലയളവിനിടയില്‍ തനൂജും കുഞ്ഞും തമ്മില്‍ വേര്‍പിരിയാനാവാത്ത വിധത്തിലുള്ള ബന്ധം ഉടലെടുത്തു. പൊലീസ് തിരിച്ചറിയാതിരിക്കാന്‍ മുടിയും താടിയും വളര്‍ത്തി സന്യാസിയായിട്ടാണ് തനൂജ് ചാഹര്‍ താമസിച്ചിരുന്നത്. പൊലീസ് നടപടികളെക്കുറിച്ച് അറിയാമായിരുന്നതിനാൽ ഒളിവിൽ കഴിയുമ്പോൾ പ്രതി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. പിടിക്കപ്പെടാതിരിക്കാൻ ഇടയ്ക്കിടെ സ്ഥലം മാറ്റി. ആരുമായും പരിചയം സ്ഥാപിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിച്ചു. 

കഴിഞ്ഞ ഓഗസ്റ്റ് 27ന് തനൂജ് അലിഗഡിലേക്ക് പോയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി. കുട്ടിയുമായി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ  പിന്തുടര്‍ന്ന് പിടികൂടുകമായിരുന്നു. കസ്റ്റഡിയിലെടുത്ത ജനൂജില്‍ നിന്നും കുട്ടിയെ എടുക്കാന്‍ പൊലീസ് ശ്രമിച്ചപ്പോള്‍ യുവാവിനെ വിടാതെ കെട്ടിപ്പിടിച്ചു കരയുകയായിരുന്നു കുട്ടി. ഇതുകണ്ട് തനൂജും വികാരനിര്‍ഭരനായി. കുട്ടിയെ പ്രതിയിൽ നിന്ന് ബലമായി വേർപെടുത്തി അമ്മയ്ക്ക് കൈമാറിയെങ്കിലും കുട്ടി കരച്ചിൽ തുടർന്നു. 

English Summary:

Toddler's Heartbreak: Kidnap Victim Cries to Stay With Captor - Viral Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com