മണിക്കൂറിൽ 312 കിലോമീറ്റർ വേഗതയിൽ ലംബോർഗിനി പറപ്പിച്ച് അഞ്ചു വയസുകാരൻ
Mail This Article
പല തരത്തിലുള്ള കളിപ്പാട്ടങ്ങൾ നമ്മൾ കൊച്ചുകുട്ടികൾക്ക് സമ്മാനിക്കാറുണ്ട്. ആൺകുട്ടികൾക്കാണെങ്കിൽ കളിപ്പാട്ട വണ്ടികളോടായിരിക്കും കൂടുതൽ പ്രിയം. എന്നാൽ, ഇവിടെ ഒരു അഞ്ചു വയസുകാരൻ ഒറിജിനൽ വണ്ടി ഓടിച്ച് കളിക്കുകയാണ്. ചെറിയ വണ്ടിയൊന്നുമല്ല, ഒന്നാന്തരം ഒരു ലംബോർഗിനി. മണിക്കൂറിൽ 312 കിലോമീറ്റർ വേഗതയിലാണ് ഈ അഞ്ചു വയസുകാരൻ ലംബോർഗിനി പറത്തിയത്. സംഭവം ഇവിടെ ഒന്നുമല്ല, അങ്ങ് ദൂരെ തുർക്കിയിലാണ്.
സൂപ്പർ കാറുകൾ ഓടിച്ചതിന് സോഷ്യൽ മീഡിയയിൽ ഒന്നിലധികം തവണ വൈറലായ കുട്ടിയാണ് അഞ്ചു വയസുകാരനായ സെയ്ൻ സോഫുഗ്ലു. ടർക്കിഷ് മോട്ടോർസൈക്കിൾ റേസർ ആയ കെനൻ സോഫോഗ്ലുവിന്റെ മകനാണ് സെയ്ൻ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചെറിയ വിഡിയോയിൽ അതിവേഗതയിൽ ഈ കാർ പറത്തി സെയ്ൻ പോകുന്നത് കാണാം.
ലംബോർഗിനിയിൽ കയറുന്നതിന് മുമ്പ് സുരക്ഷാമാർഗങ്ങൾ പിന്തുടരുന്ന സെയ്നിനെയും വിഡിയോയിൽ കാണാം. കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ ഒരു പ്രത്യേക സീറ്റ് സെയ്നിന് വേണ്ടി സജ്ജീകരിച്ചു. പെഡലുകളിലേക്ക് കാൽ എത്തുന്ന വിധത്തിലും സ്റ്റിയറിംഗിലേക്ക് കൈ എത്തുന്ന വിധത്തിലുമായിരുന്നു സീറ്റ് സജ്ജീകരിച്ചത്. ഇത് ആദ്യമായല്ല സെയ്ൻ ഒരു സൂപ്പർ കാർ ഓടിക്കുന്നത്. സെയ്ന്റെ ഇൻസ്റ്റഗ്രാം പേജിൽ മറ്റ് കാറുകളും ഗോ കാർടുകളും മോട്ടോർസൈക്കിളുകളും ഓടിക്കുന്നത് കാണാവുന്നതാണ്. ടെസ്ല മോഡൽ എസ് പ്ലയിഡ്, നിസാൻ 200SX ഡ്രിഫ്റ്റ് കാർ, ഫെരാരി എസ് എഫ് 90 എന്നീ കാറുകൾ ഓടിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ലംബോർഗിനി ഓടിക്കുന്നത് കാണുന്നത് കാഴ്ചക്കാർക്ക് ഒരു അത്ഭുതമാണെങ്കിലും സെയ്ന് അതൊക്കെ നിസ്സാരം.
ഇറ്റാലിയൻ ബ്രാൻഡ് ആയ ലംബോർഗിനിയുടെ ഹൈ എൻഡ് മോഡലായ ലംബോർഗിനി റെവൽറ്റോ ആണ് സെയ്ൻ ഓടിച്ചത്. 2023ൽ ഇന്ത്യയിൽ എത്തിയ ഈ വാഹനത്തിന്റെ വില 8.89 കോടി രൂപയാണ്. അതേസമയം, രസകരമായ കമന്റുകളാണ് ഈ വിഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ ലഭിച്ചിരിക്കുന്നത്. കേരളത്തിലെ എം വി ഡി ഇതൊന്നും കാണേണ്ടയെന്നാണ് പ്രധാന കമന്റുകളിലൊന്ന്.