‘പഠിച്ചതെല്ലാം തിരുത്തിച്ച രണ്ടാം അമ്മക്കാലത്തിന്റെ മൂന്നാം വാർഷികം’
Mail This Article
പിറന്നാൾ മധുരത്തിന്റെ നെറുകയിലാണ് നടിയും എഴുത്തുകാരിയും അവതാരികയുമായ അശ്വതി ശ്രീകാന്തിന്റെ ഇളയ മകൾ കമല. മകളുടെ കുസൃതികളും കളിചിരികളും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്ന അശ്വതി കമലയുടെ മൂന്നാം ജന്മദിനത്തിന്റെ സന്തോഷവും ഒരു ചെറുകുറിപ്പിലൂടെയാണ് തന്റെ സുഹൃത്തുക്കളെയും ആരാധകരെയും അറിയിച്ചിരിക്കുന്നത്. പഠിച്ച കാര്യങ്ങളെല്ലാം തിരുത്തിച്ച അമ്മക്കാലത്തിന്റെ മൂന്നാം വാർഷികമെന്നാണ് അശ്വതി കമലക്കുട്ടിയുടെ പിറന്നാളിനെ വിശേഷിപ്പിച്ചിരിക്കുന്നത്. മൂത്ത മകൾ പദ്മയുടെ സ്വഭാവത്തിന് നേർവിപരീതമാണ് കമല എന്നതു തന്നെയാണ് അതിനു കാരണമായി അശ്വതി പറഞ്ഞിട്ടുള്ളത്. തലയിൽ നിറയെ മുല്ലപ്പൂ ചൂടി മൂകാംബിക ക്ഷേത്രത്തിനു മുമ്പിലെ കളിപ്പാട്ടങ്ങളും പുഷ്പങ്ങളും വിൽക്കുന്ന തെരുവിൽ കുസൃതി ചിരിയോടെ നടക്കുന്ന കമലയുടെ വിഡിയോ കാഴ്ചക്കാരിലും ചിരി നിറയ്ക്കും.
പിറന്നാൾ ആഘോഷങ്ങൾ അതിഗംഭീരമായി തന്നെ നടത്തുന്നതിന്റെ വിഡിയോയും അശ്വതി പങ്കുവെച്ചിട്ടുണ്ട്. സന്തോഷത്തോടെയും ആശ്ചര്യത്തോടെയും മുഖത്ത് വിടർന്ന ചിരിയോടെയാണ് കമല കേക്ക് മുറിക്കുന്നത്. ബണ്ണി തീമിലുള്ള കേക്കിന്റെ മുകളിലിരുന്ന മുയലിനെ കണ്ടപ്പോൾ കമലക്കുട്ടിയുടെ കണ്ണുകൾ വിടരുന്നതും അത്യാഹ്ളാദത്തോടെ അതെടുത്തു കഴിക്കുന്നതും അശ്വതി പങ്കുവെച്ച വിഡിയോയിൽ കാണാം. മുറിച്ചെടുത്ത കേക്കിൽ നിന്നും ഒരു നുള്ള് ചേച്ചി പദ്മ വായിലേക്ക് വെച്ചു കൊടുക്കുമ്പോഴും അതിമധുരം നിറഞ്ഞ ചിരിയിലാണ് കമല.
കമലയുടെ മൂന്നാം പിറന്നാളിനു മുന്നോടിയായി മൂകാംബികാദേവിയുടെ സന്നിധിയിൽ വെച്ച് വിദ്യാരംഭം നടത്തിയതിന്റെ ചിത്രങ്ങളും വിഡിയോയും അശ്വതി പങ്കുവെച്ചിരുന്നു. വളരെ ഗൗരവത്തോടെ അമ്മയുടെ മടിയിലിരുന്ന് ആദ്യാക്ഷരം കുറിക്കുന്ന കമലയാണ് ആ ദൃശ്യങ്ങളിൽ ഉള്ളത്. ചേച്ചി പദ്മയും പിതാവ് ശ്രീകാന്തും ഇരുവർക്കും സമീപത്തു തന്നെയുണ്ട്. സ്നേഹ ശ്രീകുമാർ അടക്കമുള്ളവർ വിഡിയോയ്ക്ക് താഴെ കമലയ്ക്കു പിറന്നാൾ ആശംസകൾ അറിയിച്ചു കൊണ്ട് കമെന്റുകൾ കുറിച്ചിട്ടുണ്ട്.