കളിമണ്ണിൽ ഗണപതിയെ നിർമിച്ച് ദേശ്‌മുഖ് കുടുംബത്തിലെ കുരുന്നുകൾ; വിഡിയോ പങ്കുവച്ച് ജനീലിയ
Mail This Article
വിനായക ചതുർത്ഥിയ്ക്ക് ഇത്തവണ കളിമണ്ണിൽ തീർത്ത ഗണപതിയെ ഒരുക്കി ആഘോഷങ്ങൾക്ക് പുതിയ മുഖം നൽകിയിരിക്കുകയാണ് റിതേഷ് ദേശ്‌മുഖിന്റെയും ജനീലിയയുടെയും മക്കവഉം കസിൻസും. ദേശ്‌മുഖ് കുടുംബത്തിന്റെ ഇത്തവണത്തെ വിനായക ചതുർത്ഥി പ്രകൃതിയോടിണങ്ങിയാണെന്നു സൂചിപ്പിച്ചു കൊണ്ട്, ഏവർക്കും അനുകരിക്കാവുന്ന വിഡിയോ പങ്കുവെച്ചത് റിതേഷ് ദേശ്‌മുഖ് ആണ്. മക്കൾക്ക് നിർദേശങ്ങൾ നൽകിയും അവർക്കൊപ്പം കളിമണ്ണിൽ ഗണപതിയെ നിർമിച്ചും റിതേഷും ഒപ്പമുണ്ട്. ഏറെ രസകരമായ വിഡിയോ ജനീലിയയും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
വളരെ ഉത്സാഹത്തോടെയാണ് കുട്ടികൾ എല്ലാവരും ഗണപതി ഭഗവാനെ കളിമണ്ണിൽ നിർമിച്ചെടുക്കുന്നത്. ഓരോരുത്തരും തങ്ങൾക്കിഷ്ടമുള്ള വലുപ്പത്തിൽ കളിമണ്ണ് കുഴച്ച് ഉരുളകളാക്കി തങ്ങളുടെ മനസിലുള്ള ഭഗവാന്റെ രൂപം നൽകുന്നു. കൂട്ടത്തിൽ ഏറ്റവും ഇളയക്കുട്ടിക്കു ഇടയ്ക്ക് പിതാവിന്റെ സഹായവും ലഭിക്കുന്നുണ്ട്. നിർമിച്ചെടുത്ത ഗണപതിയ്ക്ക് ഓരോരുത്തരും അവർക്കിഷ്ടമുള്ള നിറങ്ങൾ നൽകി ആകർഷകമാക്കുന്നുമുണ്ട്. ശേഷം കുട്ടികളുടെ നേതൃത്വത്തിൽ തന്നെയാണ് പൂജയും പ്രാർത്ഥനകളുമെല്ലാം നടക്കുന്നത്. തുടർന്ന് എല്ലാവരും തങ്ങളുടെ ഗണപതി ഭഗവാനെ ജലത്തിൽ നിമജ്ജനം ചെയ്യുന്നതോടെയാണ് ആഘോഷങ്ങൾക്ക് അവസാനമാകുന്നത്. ദേശ്‌മുഖ് കുടുംബത്തിലെ കുട്ടികളെല്ലാവരും ഒരുമിച്ചുള്ള ആഘോഷത്തിനു നേതൃത്വം നൽകി റിതേഷും ജനീലിയയും ഒപ്പമുണ്ട്.
പ്രകൃതി സൗഹാർദ്ദപരമായ നിർമിതിയും കുട്ടികളെ ഒരുമിച്ചു ചേർത്തുള്ള ആഘോഷവും എല്ലാവർക്കും മാതൃകയാക്കാവുന്നതാണെന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ വിഡിയോ കണ്ടവരെല്ലാം തന്നെ അഭിപ്രായപ്പെടുന്നത്. സംസ്കാരവും മൂല്യങ്ങളും പുതിയ തലമുറയിലേക്ക് പകർന്നു നൽകുന്ന റിതേഷ് ദേശ്‌മുഖിനെയും ജനീലിയയെയും അഭിനന്ദിച്ചു കൊണ്ടും നിരവധി പേർ കമന്റുകൾ കുറിച്ചിട്ടുണ്ട്. കുട്ടികൾ എല്ലാവരും ഗണപതി ഭഗവാനെ തങ്ങൾക്കിഷ്ടമുള്ള രീതിയിൽ നിർമിക്കുന്നത് കണ്ടപ്പോൾ ഏറെ സന്തോഷം തോന്നിയെന്നും ചിലർ എഴുതിയിട്ടുണ്ട്.