ഒരു കുഞ്ഞുണ്ടായാൽ യാത്രയൊക്കെ നടക്കുമോ? ധീമഹിക്ക് പ്രായം ഒരു വയസ്, മകളുമായി ഉത്തര ഉണ്ണി പോയത് ആറ് രാജ്യങ്ങളിൽ
Mail This Article
പുതിയ കാലത്തിന്റെ പ്രത്യേകത ആളുകൾ യാത്ര ഇഷ്ടപ്പെടുന്നു എന്നതും ധാരാളമായി യാത്രകൾ ചെയ്യുന്നു എന്നതുമാണ്. എന്നാൽ യാത്രകൾ ഇഷ്ടപ്പെടുന്ന പലരും ഭയക്കുന്നത് വിവാഹത്തിനു ശേഷം ഒരു കുഞ്ഞൊക്കെ ആയാൽ ഈ യാത്രകൾ ഒക്കെ നടക്കുമോ എന്നാണ്. നടക്കും എന്ന് ജീവിതം കൊണ്ട് കാണിച്ചു തന്നിരിക്കുകയാണ് നർത്തകിയും നടിയുമായ ഉത്തര ഉണ്ണി. മകൾ ധീമഹിക്ക് ഒരു വയസ് പൂർത്തിയായത് ഈ ജൂലൈയിൽ ആയിരുന്നു. ഉത്തര ഉണ്ണി പങ്കുവെച്ച ഒരു വിഡിയോ മകളുമായി കഴിഞ്ഞ ഒരു വർഷം നടത്തിയ യാത്രകളുടേത് ആയിരുന്നു.
"'നിനക്കൊരു കുഞ്ഞ് ഉണ്ടായി കഴിഞ്ഞാൽ ഇതുപോലെ യാത്ര ചെയ്യാനൊന്നും കഴിയില്ല' എന്ന് അവർ പറഞ്ഞപ്പോൾ' എന്ന് അടിക്കുറിപ്പ് നൽകിയാണ് ഉത്തര ഉണ്ണി വിഡിയോ പങ്കുവെച്ചിരിക്കുന്നത്. മകളുമായി ഓരോ രാജ്യങ്ങളിലേക്കും യാത്ര പോയ സമയത്ത് അവിടങ്ങളിൽ നിന്ന് പകർത്തിയ ചിത്രങ്ങളും വിഡിയോകളും കോർത്തിണക്കിയാണ് വിഡിയോ തയ്യാറാക്കിയിരിക്കുന്നത്.
സ്പെയിൻ, ഫ്രാൻസ്, ബെൽജിയം, നെതർലൻഡ്സ്, ഡെന്മാർക്ക്, മലേഷ്യ എന്നിവിടങ്ങളിലാണ് മകളും ഭർത്താവുമൊത്ത് കഴിഞ്ഞ ഒരു വർഷം ഉത്തര ഉണ്ണി യാത്രകൾ നടത്തിയിരിക്കുന്നത്. അച്ഛനും അമ്മയ്ക്കും ഒപ്പം വളരെ സന്തോഷത്തോടെയാണ് കുഞ്ഞു ധീമഹി യാത്ര ആസ്വദിക്കുന്നത്. വ്യത്യസ്തമായ കമന്റുകളാണ് വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. രണ്ടു വയസു വരെ കുഞ്ഞുങ്ങളെ കൊണ്ട് യാത്ര പോകാൻ എളുപ്പമാണെന്നും രണ്ടു വയസു കഴിഞ്ഞാൽ കുട്ടികൾ ഓടിക്കളിക്കാൻ തുടങ്ങുന്നതോടെ യാത്രയും കുറച്ച് ബുദ്ധിമുട്ടാകുമെന്നാണ് കമന്റുകൾ. അമ്മയും കുഞ്ഞും ഒരു പോലെ ക്യൂട്ട് ആയിട്ടുണ്ടെന്നും നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.