'അമ്പിളിയമ്മയുടെ മോൻ ആണെങ്കിൽ വായിച്ചോ, ധൈര്യമായിട്ട്'; കട്ടസപ്പോർട്ടുമായി അജുക്കുട്ടൻ, ‘കണ്മണി’ വായിച്ച് അപ്പുച്ചേട്ടൻ
Mail This Article
ഇങ്ങനെ പ്രോത്സാഹിപ്പിക്കാൻ ഒരു കൂടെപ്പിറപ്പ് ഉണ്ടെങ്കിൽ ഈ ലോകം കീഴടക്കാൻ കഴിയും. നടിയും നർത്തകിയുമായി അമ്പിളിദേവിയുടെ മക്കളായ അപ്പുവും അജുക്കുട്ടനും ആരാധകർക്കും പ്രിയങ്കരരാണ്. ഇരുവരുടെയും വിശേഷങ്ങൾ അമ്പിളി ദേവി സോഷ്യൽമീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇത്തവണ മകൻ അപ്പു വയലിൻ വായിക്കുന്ന വിഡിയോ ആണ് ആരാധകരുമായി അമ്പിളി ദേവി പങ്കുവെച്ചിരിക്കുന്നത്. അപ്പുച്ചേട്ടന് പൂർണ പിന്തുണയുമായി അച്ചുക്കുട്ടനും സമീപത്ത് തന്നെയുണ്ട്.
അപ്പുച്ചേട്ടൻ ഏത് പാട്ട് പാടണമെന്ന് അമ്മ ചോദിക്കുമ്പോൾ, 'അതോ, കണ്മണി' എന്ന ഗാനം പാടിയാൽ മതിയെന്ന് പറയുകയാണ് അജുക്കുട്ടൻ. തുടർന്ന് ചേട്ടന് ഒരു പ്രോത്സാഹനവും നൽകുന്നുണ്ട്. 'അമ്പിളിയമ്മേടെ മോനാണെങ്കിൽ വായിച്ചോ, ധൈര്യമായിട്ട്' എന്നാണ് അജുക്കുട്ടൻ പറയുന്നത്. ഏതായാലും കട്ട സപ്പോർട്ടുമായി അനിയൻ കൂടെ നിന്നതോടെ അപ്പു വായിച്ച് തുടങ്ങി.
വയലിൻ പാട്ട് വായിച്ചു കഴിയുമ്പോൾ അജുക്കുട്ടന് അത് ഇഷ്ടപ്പെട്ടോയെന്ന് അമ്മ അന്വേഷിക്കുന്നുണ്ട്. ഇഷ്ടപ്പെട്ടെന്ന് കുഞ്ഞനിയൻ പറയുന്നു. അപ്പുച്ചേട്ടന് സമ്മാനം എന്തെങ്കിലും ഉണ്ടോയെന്ന് ചോദിക്കുമ്പോൾ 'എനിക്കറിയാം സമ്മാനം, ഇപ്പോൾ കാണിച്ചു തരാം' എന്ന് പറഞ്ഞ് അപ്പുച്ചേട്ടനെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കുകയാണ് അജുക്കുട്ടൻ. പ്രിയപ്പെട്ട അനിയന് അപ്പുവും തിരിച്ചു ഉമ്മ നൽകുന്നുണ്ട്. മനോഹരമായ കമന്റുകളാണ് ഈ വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.