ഒലിവ് കായ പറിച്ച് വായിലാക്കി കുഞ്ഞ്, സ്നേഹപൂർവം തടഞ്ഞ് നയൻതാര - വൈറലായി വിഡിയോ
Mail This Article
കുഞ്ഞുങ്ങളുടെ കണ്ണിൽ എപ്പോഴും കാണാൻ കഴിയുന്ന ഒരേ ഒരു വികാരം കൗതുകമാണ്. പുതിയതെന്തും കാണുമ്പോഴും കേൾക്കുമ്പോഴും അവരുടെ പ്രവൃത്തിയിലും കണ്ണുകളിലും ആ കൗതുകം നമുക്ക് കാണാൻ കഴിയും. ഏതായാലും ഒലിവ് മരം കണ്ടപ്പോൾ നടി നയൻതാരയുടെയും സംവിധായകൻ വിഘ്നേഷ് ശിവന്റെയും മക്കളിൽ ഒരാൾക്ക് കൗതുകം ലേശം കൂടിപ്പോയി. അമ്മ നയൻതാര കൈകളിൽ ഉയർത്തിപ്പിടിച്ച് ഒലിവ് മരം കാണിച്ചു കൊടുക്കുകയാണ്. അപ്പോഴുണ്ട് കുഞ്ഞ് പതിയെ ഒരു ഒലിവ് കായ പറിച്ച് വായിലേക്കിടുന്നു.
നയൻതാര പെട്ടെന്ന് തന്നെ ഒലിവ് കായ വായിലേക്കിട്ടത് തടയുന്നുണ്ട്. കുഞ്ഞ് തന്നെ അത് വായിൽ നിന്ന് തന്റെ കൈകളിലേക്ക് എടുക്കുകയും താമസിയാതെ തന്നെ ആ ഒലിവ് കായ നിലത്തേക്ക് വീണു പോകുകയും ചെയ്യുന്നു. അതിനു ശേഷം അമ്മയുടെ കൈയിൽ ഇരുന്ന് ഒലിവ് ഇലകളിൽ തലോടിയും ഒലിവ് കായ്കളെ തൊട്ടും സന്തോഷത്തോടെ ഒലിവ് മരത്തെ ആസ്വദിക്കുന്നത് കാണാം.
ദീർഘനാളത്തെ പ്രണയത്തിന് ശേഷം 2021 ജൂണിലാണ് നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. ഒക്ടോബറിൽ ഇരുവർക്കും ഇരട്ടക്കുഞ്ഞുങ്ങൾ പിറക്കുകയും ചെയ്തു. ഉയിർ രുദ്രോനീൽ എൻ ശിവൻ, ഉലക് ദൈവിക് എൻ ശിവൻ എന്നിങ്ങനെയാണ് പേരുകൾ നൽകിയിരിക്കുന്നത്. കുഞ്ഞുങ്ങളുമായി നിരവധി യാത്രകൾ ദമ്പതികൾ നടത്താറുണ്ട്. രസകരമായ വിശേഷങ്ങൾ ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുമുണ്ട്.