ADVERTISEMENT

ആനകളെക്കുറിച്ച് ഒരു വലിയ ആനയോളം വരുന്ന സംശയങ്ങളുമായാണ് കുട്ടികൾ എത്തിയത്. എന്നാൽ, അതെല്ലാം മനോഹരമായി പറഞ്ഞുകൊടുക്കുകയാണ് ഈ ഉദ്യോഗസ്ഥൻ. സ്റ്റഡി ടൂറുമായി എത്തിയ ഒരു പറ്റം വിദ്യാർഥികളുടെ ആനകളെക്കുറിച്ചുള്ള എല്ലാ സംശയങ്ങൾക്കും കൃത്യമായി മറുപടി നൽകുന്നതിന്റെ വിഡിയോ വയനാട് ഫോറസ്റ്റ് ആണ് അവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചത്.

മനോഹരമായ വിഡിയോ തുടങ്ങുന്നത് തന്നെ ആനവാൽ മോതിരത്തെക്കുറിച്ച് പറഞ്ഞാണ്. ആനവാൽ കൊണ്ടുള്ള മോതിരം കെട്ടിയാൽ പേടി മാറുമോ എന്ന് ചോദിക്കുമ്പോൾ ഒരു മിടുക്കിയുടെ മറുപടി ആനവാൽ മോതിരം ബഷീറിന്റെ കഥയിലുണ്ട് എന്നാണ്. ഉടനെ വന്നു അടുത്ത മിടുക്കിയുടെ സംശയം. 'സാറേ, ആനപ്പിണ്ടത്തിൽ അറിയാതെ ചവിട്ടിയാൽ മുടി വളരുമെന്ന് പറയുന്നുണ്ടല്ലോ'.  ഉത്തരം ഒട്ടും വൈകിയില്ല. അത് വെറുതെ പറയുകയാണെന്ന് പറഞ്ഞ് മാഷ്, ആനപ്പിണ്ടത്തിൽ അറിഞ്ഞോണ്ട് ചവിട്ടിയാലും അറിയാതെ ചവിട്ടിയാലും കാല് കഴുകിയാൽ മതിയെന്നും പറഞ്ഞു.

കാട്ടിലെ ആന എന്താണ് തിന്നുകയെന്ന ചോദ്യത്തിന് പുല്ല് എന്നായിരുന്നു മിടുക്കരുടെ ഉത്തരം. എന്നാൽ, പനയോല എന്ന ഉത്തരം കൊടുത്ത മിടുക്കനെ മാഷ് തിരുത്തി. പനയോല കാട്ടിലില്ലെന്നും ആന മുള തിന്നുമെന്നും കുട്ടികളോട് പറഞ്ഞു. ഒരു ആനയ്ക്ക് ഒരു ദിവസം 250 കിലോ പുല്ല് വേണമെന്ന് കേട്ടപ്പോൾ കുട്ടികൾ അദ്ഭുതത്തോടെയാണ് അത് കേട്ടത്. അതിനിടയിൽ ഒരു കൊച്ചുമിടുക്കി ആനയെക്കുറിച്ച് താൻ പഠിച്ച് കാര്യങ്ങളെല്ലാം എല്ലാവരോടുമായി പറഞ്ഞു. 'ആനയുടെ തുമ്പിക്കൈയിൽ ആറു മുതൽ പത്തു ലിറ്റർ വരെ വെള്ളം കൊള്ളും. തുമ്പിക്കൈയിൽ എല്ലില്ല. മസിലുകളുണ്ട്'  - കൊച്ചുമിടുക്കി പറഞ്ഞപ്പോൾ അധ്യാപകർക്കും സന്തോഷം. ആനയ്ക്ക് ഒരു ദിവസം കുടിക്കാൻ 200 ലിറ്റർ വെള്ളം വേണമെന്നതും കുട്ടികൾക്ക് പുതിയ അറിവായിരുന്നു. ഏതായാലും ആനയെക്കുറിച്ച് ഇമ്മിണി വല്യ കാര്യങ്ങൾ പഠിച്ചായിരുന്നു കുട്ടികളുടെ സ്റ്റഡി ടൂർ അവസാനിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com