കുഞ്ഞ് അയാൻ സ്കൂളിലേക്ക്; സന്തോഷത്തോടെ ചന്ദ്രയും ടോഷും, വിഡിയോ പങ്കുവെച്ച് താരങ്ങൾ
Mail This Article
ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും. ടെലിവിഷൻ - സീരിയൽ രംഗത്ത് സജീവമായ ഇരുവരും തങ്ങളുടെ ജീവിതവിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. മകൻ അയാന്റെ വിശേഷങ്ങളാണ് ഇരുവരും ഇപ്പോൾ സ്ഥിരമായി പങ്കുവെയ്ക്കാറുള്ളത്. ഇപ്പോൾ അയാൻ ആദ്യമായി സ്കൂളിലേക്ക് പോയതിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് താരങ്ങൾ.
'അയാന്റെ സ്കൂളിലെ ആദ്യദിനം' എന്ന അടിക്കുറിപ്പോടെ ചന്ദ്ര ലക്ഷ്മൺ പങ്കുവെച്ച വിഡിയോയിൽ അച്ഛനും അമ്മയ്ക്കും ഒപ്പം സന്തോഷത്തോടെ സ്കൂളിലേക്ക് യാത്രയാകുന്ന അയാനെ കാണാം. എല്ലാവർക്കും റ്റാറ്റാ ഒക്കെ നൽകിയാണ് അയാൻ സ്കൂളിലേക്ക് യാത്ര പോകുന്നത്. സ്കൂളിൽ കൂട്ടുകാർക്കൊപ്പം കളിചിരിയിൽ ഏർപ്പെടുന്നതും ഭക്ഷണം കഴിക്കുന്നതും പ്ലേ ഏരിയയിൽ കളിക്കുന്നതും എല്ലാം വിഡിയോയിൽ പകർത്തിയിട്ടുണ്ട്. വളരെ സന്തോഷത്തോടെയാണ് അയാൻ സ്കൂളിലേക്ക് പോകുന്നതും സ്കൂളിൽ കൂട്ടുകാരുമായി ചെലവഴിക്കുന്നതും.
ടോഷ് ക്രിസ്റ്റിയും മകന്റെ സ്കൂളിലെ ആദ്യദിവസത്തിന്റെ വിഡിയോ പങ്കുവെച്ചിട്ടുണ്ട്. സ്കൂളിലേക്ക് പോകാൻ ഒരുങ്ങിനിൽക്കുന്ന മകനൊപ്പമുള്ള നിമിഷങ്ങളും കുഞ്ഞ് അയാൻ തനിയെ ചെരുപ്പിടുന്നതും അച്ഛന്റെയും അമ്മയുടെയും കൈ പിടിച്ച് നടന്നു പോകുന്നതുമെല്ലാം ടോഷ് പങ്കുവെച്ച വിഡിയോയിലുണ്ട്. സ്വന്തം സുജാത എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ ആയിരുന്നു ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും പ്രണയത്തിലായതും വിവാഹിതരായതും. 2022ൽ ആയിരുന്നു ഇരുവർക്കും കുഞ്ഞ് പിറന്നത്. മകന് അയാൻ എന്ന് പേരു നൽകിയെങ്കിലും അച്ചു എന്നാണ് സ്നേഹപൂർവം വിളിക്കുന്നത്.