ADVERTISEMENT

'ഞാനൊരു വടയക്ഷി, ഇതുവഴി പോയപ്പോൾ, ചുമ്മാ കേറിയതാ' താളത്തിൽ തേങ്ങ ചിരകി കൊണ്ട് ഒരു കൊച്ചുമിടുക്കി പാടുകയാണ്. പാട്ടിന്റെ താളത്തിന് അനുസരിച്ചാണ് തേങ്ങ ചിരകുന്നതിന്റെ വേഗതയും. അതുതന്നെയാണ് ഈ വിഡിയോയെ നിമിഷനേരം കൊണ്ട് ഇൻസ്റ്റഗ്രാമിൽ വൈറലാക്കിയതും. 'തേങ്ങ ചിരകി പ്രാന്ത ആയ ഏതോ യക്ഷി കൂടിയതാ' എന്ന അടിക്കുറിപ്പോടെയാണ് ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. രാത്രി 11.15നാണ് ഈ വിഡിയോ പകർത്തിയിരിക്കുന്നതെന്നുള്ള സമയവും അടിക്കുറിപ്പിൽ നൽകിയിട്ടുണ്ട്. 

കുഞ്ഞിയമ്മ വിത്ത് ആമിസ് എന്ന പേരിലുള്ള ശ്രുതി ധീക്ഷമിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ മനോഹര വിഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പാട്ടു പാടിക്കൊണ്ടാണ് കുഞ്ഞ് തേങ്ങ ചിരണ്ടുന്നത് എന്നതാണ് ഇതിലെ ഹൈലൈറ്റ്. പാട്ട് പാടിക്കഴിഞ്ഞിട്ട് പാട്ട് പാടി പോയതിലുള്ള അമർഷം കൊണ്ടാണോ എന്നറിയില്ല വീണ്ടും തേങ്ങ ചിരണ്ടൽ തുടരുകയാണ്.

അപ്പോഴാണ് പിറകിൽ നിന്ന് ഒരു 'ശൂ ശൂ' വിളി കേൾക്കുന്നത്. പെട്ടെന്ന് തിരിഞ്ഞു നോക്കി ഒരു ചിരിയോടെ, ശാന്തമായി 'ആരാ' എന്ന് ചോദിക്കുകയാണ്. തന്റെ വിഡിയോ എടുക്കുകയാണെന്ന് മനസ്സിലായപ്പോൾ ചിരിയോടെ 'എന്ത്' എന്ന് ഒരന്വേഷണം. ഉടനെ തന്നെ അടുത്ത ഒരു വിശദീകരണവും വന്നു. 'അയ്യോ സോറി കേട്ടോ, ഞാൻ നിങ്ങളെക്കുറിച്ചല്ല പാട്ട് പാടിയത്'  ഇത്രയും പറഞ്ഞ് ഒരു ചിരിയോടെ തിരിഞ്ഞിരിക്കുന്നതിനും ഒരു ഭംഗിയുണ്ട്.

ആയിരക്കണക്കിന് ആളുകളാണ് വിഡിയോ ഇതിനകം കണ്ടു കഴിഞ്ഞത്. 'കളിച്ചു കൊണ്ടിരുന്ന കൊച്ചിനെ വിളിച്ച് തേങ്ങ ചിരണ്ടിച്ചാൽ ഇങ്ങനിരിക്കും', 'അച്ചോടാ ആ കുഞ്ഞ് വടയക്ഷിയെ മാറ്റിവെക്ക് പാവം മടുത്തുപോകും', ' നന്നായി പണി എടുക്കുന്ന യക്ഷിയാണല്ലോ', 'ഇത് വടയെഷി ഒന്നും അല്ല അതിലു വലുത് ഏതോ ആണ്', 'രാരീരാരം പാടിയുറക്കാൻ വന്ന യക്ഷിയെ പിടിച്ചിരുത്തി തേങ്ങ ചിരകിക്കുന്നോ'  ഇങ്ങനെ പോകുന്നു രസകരമായ കമന്റുകൾ.

English Summary:

Coconut-Grating Yakshi? Adorable Girl's Late-Night Song Delights Internet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com