'നിന്റെ ആദ്യചിരിയും ആദ്യചുവടും ആദ്യവാക്കും നൽകിയ സന്തോഷം ചെറുതല്ല'; ഹൃദയം തൊടുന്ന കുറിപ്പുമായി പാർവതി കൃഷ്ണ
Mail This Article
നടിയും അവതാരകയുമായ പാർവതി കൃഷ്ണ എല്ലാവർക്കും സുപരിചിതയാണ്. റീലുകളിലൂടെയും മറ്റും പാർവതിയുടെ മകൻ അച്ചുക്കുട്ടൻ എന്ന ബേബി അവ്യുക്തും. അച്ചുക്കുട്ടന് ഇന്ന് നാലാം പിറന്നാളാണ്. അമ്മ പാർവതി കൃഷ്ണയും അച്ഛൻ ബാലഗോപാലും സോഷ്യൽമീഡിയയിൽ തങ്ങളുടെ പൊന്നോമനയ്ക്ക് ആശംസകൾ നേർന്നു. മനോഹരമായ വിഡിയോ പങ്കുവെച്ചാണ് ഇരുവരും ആശംസകൾ നേർന്നത്. 'ഒരു ദൈവം തന്ന പൂവേ' എന്ന ഗാനം ചേർത്താണ് പാർവതി വിഡിയോ പങ്കുവെച്ചത്. അച്ചുക്കുട്ടന് ഒപ്പമുള്ള മനോഹരനിമിഷങ്ങൾ ചേർത്തു വെച്ചായിരുന്നു വിഡിയോ.
വിഡിയോയ്ക്ക് ഒപ്പം ഹൃദയം തൊടുന്ന ഒരു കുറിപ്പും പാർവതി പങ്കുവെച്ചു. ‘‘ഇന്ന് വളരെ പ്രത്യേകതയുള്ള ഒരു ദിവസമാണ്. ഞങ്ങളുടെ കുഞ്ഞുമകന് നാല് വയസ്സായി. നീ ജനിച്ച ദിവസം തൊട്ട് ഇന്നുവരെ നാല് വർഷം ആയിയെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. നിന്നെ ആദ്യമായി കൈകളിലേക്ക് എടുത്തത് ഇന്നലെ എന്ന പോലെയാണ് തോന്നുന്നത്. കഴിഞ്ഞ നാലു വർഷത്തിനിടയിൽ നിനക്കൊപ്പം മനോഹരമായ നിരവധി നിമിഷങ്ങളാണ് ഞങ്ങൾക്ക് അനുഭവിക്കാൻ കഴിഞ്ഞത്. നിന്റെ ആദ്യത്തെ ചിരിയും ആദ്യത്തെ പൊട്ടിച്ചിരിയും ആദ്യത്തെ ചുവടും നീ സംസാരിച്ച ആദ്യത്തെ വാക്കും തുടങ്ങി നിന്റെ ജീവിതത്തിലെ ഓരോ മാറ്റവും സന്തോഷം നൽകുന്നത് ആയിരുന്നു.
നീ വളരുകയും എല്ലാ ദിവസവും പുതിയ കാര്യങ്ങൾ പഠിക്കുകയും ചെയ്യുന്നു. നിന്റെ ജിജ്ഞാസയും സർഗാത്മകതയും അനുകമ്പയും കണ്ട് ഞങ്ങൾ ആശ്ചര്യപ്പെടുന്നു. നീ ഞങ്ങളുടെ ലോകം പ്രകാശപൂരിതമാക്കി. ഞങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞുമകനേ, നിന്റെ ഈ പ്രത്യേക സുദിനത്തിൽ, ചിരിയും സ്നേഹവും നിനക്ക് ഇഷ്ടമുള്ളതെല്ലാം നിറയട്ടെ. നാലാ പിറന്നാൾ ആശംസകൾ അച്ചു. അമ്മ നിന്നെ ഒരുപാട് സ്നേഹിക്കുന്നു’’ - പാർവതി കൃഷ്ണ കുറിച്ചു. കമന്റ് ബോക്സിൽ നിരവധി പേരാണ് അച്ചു കുട്ടന് ആശംസകളുമായി എത്തിയിരിക്കുന്നത്.