'ഒരു ഫോൺകോളിൽ വന്നതിന് ഒരുപാട് നന്ദി'; ബാലതാരം റയാന് നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദൻ
Mail This Article
മലയാളത്തിന്റെ പ്രിയതാരം ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാർകോ തിയറ്ററിൽ വൻ വിജയമായി മാറിയിരിക്കുകയാണ്. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ ബാലതാരമായ റയാൻ കൈമളും എത്തിയിരുന്നു. സിനിമയുടെ ഭാഗമായതിന് റയാന് നന്ദി അറിയിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. ഇൻസ്റ്റഗ്രാമിൽ റയാന് ഒപ്പമുള്ള വിഡിയോകളും ചിത്രങ്ങളും പങ്കുവെച്ചാണ് ബാലതാരത്തിന് ഉണ്ണി മുകുന്ദൻ നന്ദി അറിയിച്ചത്.
'പ്രിയപ്പെട്ട റയാൻ, ഒരു ഒറ്റ ഫോൺകോളിന്റെ പുറത്ത് ബംഗളൂരുവിൽ നിന്ന് ഇവിടേക്ക് വന്നതിന് ഒത്തിരി നന്ദി. നിനക്ക് സുഖമില്ലായിരുന്നെന്ന് എനിക്കറിയാമായിരുന്നു, എന്നിട്ടും ഇവിടെ നീ എത്തി. ഉണ്ണിക്ക് നിന്റെ കൂടെ ജോലി ചെയ്യാനും ഒരു സമ്മാനം നൽകാനും ആഗ്രഹം ഉണ്ടായിരുന്നു. അത് ഒരു വിജയിച്ച ചിത്രമായിരുന്നു. ഇവിടെ എന്റെ പ്രിയപ്പെട്ടവൻ അത് നേടിയിരിക്കുകയാണ്. മനോഹരമായ ഒരു സിനിമ ചെയ്തെങ്കിലും ജയ് ഗണേഷിൽ നമുക്ക് അത് ആസ്വദിക്കാൻ കഴിഞ്ഞില്ല. പക്ഷേ, ഇത് നിനക്കുള്ളതാണ് കുട്ടി. ഒരിക്കൽ കൂടി നന്ദി' - ഉണ്ണി മുകുന്ദൻ കുറിച്ചു. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ജയ് ഗണേഷ് എന്ന സിനിമയിലും റയാൻ ഒപ്പമുണ്ടായിരുന്നു.
വളരെ മനോഹരമായ കമന്റുകളാണ് ഉണ്ണിയുടെ കുറിപ്പിന് ലഭിച്ചിരിക്കുന്നത്. 'ചെക്കൻ തള്ളികയറുന്നത് കണ്ടപ്പോൾ തന്നെ തോന്നി ഇവന് എന്തോ വലുത് വരാൻ പോകുന്നു എന്ന്', 'മിണ്ടാതെ മരിപ്പും കൂടി പോയിരുന്നേൽ ഒരു കുടുംബം രക്ഷപ്പെട്ടേനെ', 'ഇതിന്റെ പ്രതികാരമായി മറ്റവന്റെ നെഞ്ച് കുത്തി കീറിയപ്പോഴാണ് ഏറ്റവും കൂടുതൽ കയ്യടി കിട്ടിയത് മാർക്കോ' എന്നിങ്ങനെ പോകുന്നു കമന്റുകൾ. അതേസമയം, ക്രിസ്മസ് റിലീസ് ആയി തിയറ്ററിൽ എത്തിയ ചിത്രം ആഗോള ബോക്സ്ഓഫിസ് കലക്ഷൻ 57 കോടിയും കടന്ന് കുതിക്കുകയാണ്.